ആ സമയം അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു; വെല്ലുവിളി നേരിട്ട ഘട്ടത്തെ കുറിച്ച് അമല പോള്‍
Film News
ആ സമയം അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു; വെല്ലുവിളി നേരിട്ട ഘട്ടത്തെ കുറിച്ച് അമല പോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd August 2022, 11:57 am

അഭിനയം നിര്‍ത്താന്‍ തീരുമാനിച്ച ഘട്ടമുണ്ടായിരുന്നുവെന്ന് അമല പോള്‍. മാനസികമായി വളരെയധികം ബുദ്ധിമുട്ട് നേരിട്ട സമയത്താണ് സിനിമ നിര്‍ത്താന്‍ തീരുമാനിച്ചതെന്നും അന്ന് വളരെ കടുപ്പമേറിയ ഘട്ടത്തിലൂടെയാണ് കടന്നുപോയതെന്നും ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ അമല പറഞ്ഞു.

‘2021 തുടക്കത്തില്‍ അഭിനയം നിര്‍ത്താമെന്ന് തീരുമാനിച്ചു. എനിക്കൊരു ബ്രേക്ക് വേണമായിരുന്നു. സിനിമകള്‍ വന്നെങ്കിലും നോ പറഞ്ഞു. വീട്ടുകാരൊക്കെ എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് പേടിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇങ്ങനെ ഒരു തീരുമാനമെടുക്കുമ്പോള്‍ നാളെ എന്ത് സംഭവിക്കുമെന്നും എനിക്ക് അറിയില്ല. ഞാന്‍ സിനിമ ഉപേക്ഷിക്കാന്‍ പോവുകയാണെന്ന് തോന്നല്‍ ഉണ്ടായി.

അങ്ങനെയൊരു മൈന്‍ഡ് സ്‌റ്റേറ്റിലായിരുന്നു. ഞാന്‍ ക്ഷീണിതയായിരുന്നു, തളര്‍ന്നു. 19ാം വയസില്‍ വളരെ ചെറുപ്പം മുതലേ അഭിനയിക്കാന്‍ തുടങ്ങിയ ആളാണ് ഞാന്‍. എനിക്ക് എന്നെ തന്നെ ഇഷ്ടമാവുന്നുണ്ടായിരുന്നില്ല. എന്റെ സാഹചര്യങ്ങളും ഒപ്പമുണ്ടായിരുന്ന ആള്‍ക്കാരും നല്ലതായിരുന്നില്ല. എന്റെ ചുറ്റും കുഴപ്പങ്ങളായിരുന്നു. ഞാന്‍ ഞാനല്ലാതായി മാറുകയായിരുന്നു. ഉടനെ എന്തെങ്കിലും ചെയ്‌തേ മതിയാകൂ എന്ന ഘട്ടത്തിലാണ് സിനിമയില്‍ നിന്നും പൂര്‍ണമായും ബ്രേക്ക് എടുത്തത്.

കഡാവര്‍ എന്ന എന്റെ പുതിയ സിനിമയെ പറ്റിയും എനിക്ക് ചിന്തിക്കണമായിരുന്നു. കാരണം ഞാനാണ് അതിന്റെ പ്രൊഡ്യൂസര്‍. എന്നില്‍ അവശേഷിക്കുന്ന എനര്‍ജി കൂടി കഡാവറിന് വേണ്ടി ഉപയോഗിച്ചു.

മനപ്പൂര്‍വം ഒരു ബ്രേക്ക് എടുക്കുന്നതിലൂടെ ഞാന്‍ എന്നെ തന്നെ സ്വതന്ത്രയാക്കുകയായിരുന്നു. ആ പ്രോസസില്‍ ഞാന്‍ തോറ്റുപോയാലും തകര്‍ന്നു പോയാലും അങ്ങനെതന്നെ മുമ്പോട്ട് പോകാന്‍ തീരുമാനിച്ചു. കരഞ്ഞു തീര്‍ത്ത ദിവസങ്ങളുണ്ടായിട്ടുണ്ട്. എന്റെ ബലഹീനതകള്‍ വീട്ടുകാരെ അറിയിക്കാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. പക്ഷേ ആ സമയം അമ്മയുടെ മുമ്പില്‍ ഞാന്‍ കരഞ്ഞു. ആരോടും സംസാരിക്കുകയോ പുറത്ത് പോവുകയോ ചെയ്തില്ല.

എന്നാല്‍ ആ ഒരു ഫേസിന് ശേഷം ഞാന്‍ ഫ്രീ ആയത് പോലെ തോന്നി. ഒന്നും ചെയ്തില്ല. വെറുതെ കുറച്ച് നാള്‍ ഇരുന്നു. എന്നാല്‍ ഒരുപാട് ചിന്തിച്ചു. എന്നോട് തന്നെ സംസാരിച്ചു. അതൊരു ശുദ്ധീകരണത്തിന്റെ പ്രക്രിയ ആയിരുന്നു,’ അമല പോള്‍ പറഞ്ഞു.

Content Highlight: Amala Paul said that there was a stage when she decided to stop acting