ഇതു പകരക്കാരന്റെ വിജയം; അല്‍സാരി ജോസഫിന് അഭിനന്ദനവുമായി സച്ചിനടക്കമുള്ള താരങ്ങള്‍
IPL 2019
ഇതു പകരക്കാരന്റെ വിജയം; അല്‍സാരി ജോസഫിന് അഭിനന്ദനവുമായി സച്ചിനടക്കമുള്ള താരങ്ങള്‍
ന്യൂസ് ഡെസ്‌ക്
Sunday, 7th April 2019, 9:00 am

ഹൈദരാബാദ്: സ്വപ്‌നതുല്യമായ തുടക്കം. അതായിരുന്നു ആന്റിഗ്വയില്‍ നിന്നുള്ള 22-കാരന്‍ അല്‍സാരി ജോസഫിന് ഇന്നലത്തെ മത്സരം. തന്റെ ആദ്യ ഐ.പി.എല്‍ മത്സരത്തില്‍ ഹൈദരാബാദില്‍ ചെന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ആറ് വിക്കറ്റുകള്‍ പിഴുതെറിഞ്ഞ ജോസഫ് വരുംദിവസങ്ങള്‍ തന്റേതാവുമെന്ന സൂചനകള്‍ കൂടിയാണു നല്‍കുന്നത്.

പരിക്കേറ്റ കിവീസ് ബൗളര്‍ ആദം മില്‍നെയ്ക്കു പകരമായാണ് വെസ്റ്റിന്‍ഡീസിന്റെ അന്താരാഷ്ട്ര ക്രിക്കറ്റര്‍ അല്‍സാരി ജോസഫ് മുംബൈ ഇന്ത്യന്‍സിന്റെ ക്യാമ്പിലെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

ഐ.പി.എല്ലിലെ എക്കാലത്തെയും മികച്ച ബൗളിങ് പ്രകടനം കൂടിയാണ് ജോസഫിന്റേത്. 3.4 ഓവര്‍ എറിഞ്ഞ ജോസഫ് 12 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി. ആദ്യ ഐ.പി.എല്ലില്‍ (2008) രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി 14 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത പാക് ബൗളര്‍ സൊഹൈല്‍ തന്‍വീറിന്റെ പ്രകടനത്തെയാണ് ഈ വിന്‍ഡീസ് പേസര്‍ മറികടന്നത്. ഐ.പി.എല്ലിലെ ആദ്യ മത്സരത്തില്‍ അഞ്ചുവിക്കറ്റ് പ്രകടനം കാഴ്ചവെയ്ക്കുന്ന രണ്ടാമത്തെ ബൗളര്‍ കൂടിയായി ജോസഫ്.

ഇതൊരു സ്വപ്‌നമായിരുന്നെന്നാണു മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം വാങ്ങുന്നതിനിടെ ജോസഫ് പ്രതികരിച്ചത്.

എറിഞ്ഞ ആദ്യ പന്തില്‍ത്തന്നെ സീസണില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഓസീസ് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണറുടെ വിക്കറ്റ് നേടി. രണ്ടാം ഓവറില്‍ ഇന്ത്യന്‍ ഓള്‍റഔണ്ടര്‍ വിജയ് ശങ്കറും വീണു. അടുത്ത സ്‌പെല്ലില്‍ ദീപക് ഹൂഡയെയും വാലറ്റത്തെയും വീഴ്ത്തി ഹൈദരാബാദിനെ 96 റണ്‍സില്‍ ഒതുക്കി. ഹൈദരാബാദിന്റെ ഐ.പി.എല്ലിലെ ഏറ്റവും ചെറിയ സ്‌കോര്‍ കൂടിയാണിത്.

Also Read: സാമ്പത്തിക ക്രമക്കേട് കേസില്‍ ബി.ജെ.പി നേതാവ് രമണ്‍ സിങ്ങിന്റെ മരുമകന് ലുക്ക് ഔട്ട് നോട്ടീസ്; നടത്തിയത് 50 കോടിയുടെ ക്രമക്കേട്

ജോസഫിനെ അഭിനന്ദിച്ച് ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് കൈഫ്, സഞ്ജയ് മഞ്ജരേക്കര്‍, മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍ എന്നിവര്‍ രംഗത്തെത്തി. ജോസഫിന്റെ ബൗളിങ് പ്രകടനം കാണാന്‍ താന്‍ കൂടി അവിടെയുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോയെന്ന് മുംബൈ ഇന്ത്യന്‍സ് മുന്‍ ക്യാപ്റ്റന്‍ കൂടിയായ സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

വിന്‍ഡീസിനു വേണ്ടി 2016-ല്‍ ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറിയ വലംകൈയന്‍ പേസറായ ജോസഫ്, ടെസ്റ്റില്‍ 17 ഇന്നിങ്‌സുകളില്‍ നിന്നായി 25 വിക്കറ്റുകളും 15 ഏകദിനങ്ങളില്‍ നിന്നായി 24 വിക്കറ്റുകളും നേടിയിട്ടുണ്ട്.