എന്നും ഫലസ്തീനൊപ്പം; തന്റെ പ്രസംഗം ഇസ്രഈലിന് അനുകൂലമായി വ്യാഖ്യാനിക്കേണ്ടെന്ന് ശശി തരൂര്‍
Shashi Tharoor
എന്നും ഫലസ്തീനൊപ്പം; തന്റെ പ്രസംഗം ഇസ്രഈലിന് അനുകൂലമായി വ്യാഖ്യാനിക്കേണ്ടെന്ന് ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th October 2023, 9:20 am

കോഴിക്കോട്: താന്‍ എക്കാലത്തും ഫലസ്തീനൊപ്പമാണെന്നും കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ പ്രസംഗം ഇസ്രഈലിന് അനുകൂലമായി വ്യഖ്യാനിക്കേണ്ട എന്നും ഡോ. ശശി തരൂര്‍. കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്ത് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ഹമാസിനെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച് തരൂര്‍ നടത്തിയ പ്രസംഗം വലിയ വിവാദമായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് തരൂരിന്റെ വിശദീകരണം. താന്‍ എക്കാലത്തും ഫലസ്തീന്‍ ജനതക്കൊപ്പമാണെന്നും പ്രസംഗത്തിലെ ഒരു ഭാഗം മാത്രമെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും തരൂര്‍ പറഞ്ഞു.

‘ഞാന്‍ അന്നും ഇന്നും ഫലസ്തീന്‍ ജനതക്കൊപ്പമാണ്. എന്റെ പ്രസംഗം കേട്ടാല്‍ ആരും അത് ഇസ്രഈല്‍ അനുകൂലമായിരുന്നു എന്ന് പറയില്ല. പ്രസംഗത്തിലെ ഒരു വാചകം മാത്രമെടുത്ത് അനാവശ്യം പറയുന്നതിനോട് എനിക്കൊന്നും പറയാനില്ല’ തരൂര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട് കടപ്പുറത്ത് മുസ്‌ലിം ലീഗ് ഫലസ്തീന്‍ ഐക്യ ദാര്‍ഢ്യ റാലി സംഘടിപ്പിച്ചത്. ലോകത്തെ ഏറ്റവും വലിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയെന്ന് ലീഗ് അവകാശപ്പെട്ട പരിപാടിയെ മുഖ്യാഥിതിയായിരുന്നു തരൂര്‍. ഈ പരപാടിയിലാണ് തരൂര്‍ ഹമാസിനെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ചത്. ഒക്ടോബര്‍ ഏഴിന് ഇസ്രഈലിനെ ആക്രമിച്ചത് ഭീകരവാദികളാണ് എന്നായിരുന്നു തരൂരിന്റെ വാക്കുകള്‍.

തരൂരിനെ പ്രസംഗത്തിനെതിരെ ലീഗിനകത്ത് നിന്നും വിവിധ മുസ്‌ലിം സംഘടനകളില്‍ നിന്നും വലിയ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഇപ്പോള്‍ തരൂര്‍ സംഭവത്തില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍ അടക്കമുള്ളവര്‍ തരൂരിന്റെ പ്രസംഗത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.

ലീഗിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ശശി തരൂര്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ പൂര്‍ണരൂപം ഇവിടെ വായിക്കാം

content highlights; Always with Palestine; speech should not be interpreted in favor of Israel; Tharoor with explanation