എഡിറ്റര്‍
എഡിറ്റര്‍
അല്‍വാര്‍ പീഡനക്കേസിലെ പിടികിട്ടാപ്പുള്ളി ബിട്ടി മൊഹന്തി കണ്ണൂരില്‍ പിടിയില്‍
എഡിറ്റര്‍
Saturday 9th March 2013 8:55am

കണ്ണൂര്‍: അല്‍വാര്‍ പീഡനക്കേസിലെ പ്രതി ബിട്ടി മൊഹന്തി കണ്ണൂരില്‍ പിടിയില്‍.

ജര്‍മന്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയും ഒഡീഷ മുന്‍ ഡി.ജി.പി ബിന്ദ്യഭൂഷണിന്റെ മകനുമായ ബിട്ടി മൊഹന്തിയാണ് കണ്ണൂരില്‍ പിടിയിലായത്.

Ads By Google

വ്യാജപേരില്‍ കണ്ണൂരിലെ പൊതുമേഖലാ ബാങ്കില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍.

ഇന്നലെ രാത്രി പഴയങ്ങാടി പൊലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ ശേഷം രാജസ്ഥാന്‍ പൊലീസിന് പിന്നീട് കൈമാറാനാണ് പൊലീസിന്റെ തീരുമാനം.

ഒഡിഷയിലെ മുന്‍ ഡിജിപി ബി.ബി. മൊഹന്തിയുടെ മകനായ ബിട്ടി മൊഹന്തി 2006ലാണ് രാജസ്ഥാനിലെ അല്‍വാറില്‍ ജര്‍മന്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത്.

ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ അതിവേഗ കോടതി ഒരു മാസത്തിനകം വിചാരണ തീര്‍ത്ത് ഏഴു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. രാജ്യത്തു തന്നെ ഏറ്റവും വേഗത്തില്‍ വിചാരണ നടന്ന പീഡനക്കേസുകളിലൊന്നായിരുന്നു അല്‍വാര്‍ കേസ്. എന്നാല്‍ രാജസ്ഥാനിലെ ജയിലില്‍ നിന്ന് എട്ടു മാസത്തിനകം പരോളിലിറങ്ങി മുങ്ങുകയായിരുന്നു.

2006 ഡിസംബറിലാണ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഒഡിഷ, രാജസ്ഥാന്‍ പൊലീസ് സംയുക്തമായി ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. ഇതിനിടയിലാണ് ബിറ്റി കണ്ണൂര്‍ പൊലീസിന്റെ പിടിയിലായത്.

പ്രമുഖ പൊതുമേഖലാ ബാങ്കിന്റെ പഴയങ്ങാടി ശാഖയില്‍ ആന്ധ്രാ സ്വദേശിയെന്ന പേരില്‍ പ്രൊബേഷനറി ഓഫിസറായി ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ജില്ലയിലെ ബാങ്ക് ശാഖയിലേക്ക് ഇയാള്‍ ബിട്ടി മൊഹന്തിയാണെന്ന വിവരം സൂചിപ്പിച്ച് ഊമക്കത്തു വന്നു.

ആന്ധ്രാ സ്വദേശിയെന്ന പേരില്‍ അവിടെ ജോലി ചെയ്യുന്ന യുവാവ് യഥാര്‍ഥത്തില്‍ ഒഡിഷക്കാരനാണെന്നും ബിട്ടി മൊഹന്തി എന്നാണു ശരിയായ പേര് എന്നുമായിരുന്നു കത്തില്‍.

ദല്‍ഹിയിലെ പ്രമാദമായ ബസ് പീഡനത്തിന്റെ പശ്ചാത്തലത്തില്‍ അല്‍വാര്‍ പീഡനക്കേസിനെക്കുറിച്ചു യൂട്യൂബിലും ഇന്റര്‍നെറ്റിലുമുള്ള വാര്‍ത്തകളില്‍ പ്രസിദ്ധീകരിച്ച ബിട്ടിയുടെ ഫോട്ടോയെക്കുറിച്ചും കത്തില്‍ സൂചനയുണ്ടായിരുന്നു. അതനുസരിച്ച് ഇന്റര്‍നെറ്റിലെ പടവും വിഡിയോകളും കണ്ട ബാങ്ക് അധികൃതര്‍ക്ക് ആള്‍ ബിട്ടി തന്നെയെന്ന് സംശയം ബലപ്പെട്ടു.

ഇക്കാര്യം ബാങ്കില്‍ ചര്‍ച്ചയായത് മനസ്സിലാക്കിയ യുവാവ് ഊമക്കത്ത് കൈക്കലാക്കി വ്യാഴാഴ്ച രാത്രി മുതല്‍ മുങ്ങി. തുടര്‍ന്ന് പൊലീസ് നടത്തിയത തിരച്ചിലിനൊടുവിലാണ് ഇയാള്‍ പിടിയിലായത്. ആള്‍മാറാട്ടം നടത്തി ജോലിയില്‍ പ്രവേശിച്ചു, വ്യാജരേഖ ചമച്ച് ജോലി നേടി എന്നീ രണ്ടു കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ പഴയങ്ങാടി പൊലീസ് ചുമത്തിയിട്ടുണ്ട്.

ബിട്ടി പിടിയിലായി വിവരം രാജസ്ഥാന്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. രാജസ്ഥാനില്‍നിന്ന് പ്രത്യേക സംഘം കേരളത്തിലേക്ക് വരുന്നുണ്ടെന്നാണ് വിവരം. ഇതിന്‌ശേഷമാകും ബിട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തുക.

ഇയാള്‍ കണ്ണൂരിലെത്തിയിട്ട് വര്‍ഷങ്ങളായെന്നാണ് സൂചന. കണ്ണൂര്‍ ചാല ചിന്മയ കോളജില്‍ നിന്ന് എം.ബി.എ പാസായി. ആന്ധ്ര പുട്ടപര്‍ത്തി രാജീവ് രാജിന്റെ മകന്‍ രാാഘവ് രാജ് എന്ന വ്യാജ പേരിലാണ് ഇവിടെ കഴിഞ്ഞത്. കണ്ണൂരിലെ താമസസ്ഥലം എവിടെയെന്ന് അടുത്ത ദിവസം വരെ  ബിട്ടി മൊഹന്തി ആരോടും വ്യക്തമായി വെളിപ്പെടുത്തിയിരുന്നില്ല.

മകനെ രക്ഷപ്പെടാന്‍ സഹായിച്ചതിന് പിതാവ് ബിന്ദു ഭൂഷണ്‍ മൊഹന്തിയെ( ബി.ബി. മൊഹന്തി) രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒഡിഷയിലെ ഹോംഗാര്‍ഡ് ഡിജിപിയായിരുന്ന അദ്ദേഹത്തെ പിന്നീടു സര്‍വീസില്‍ നിന്നു പുറത്താക്കുകയും ചെയ്തു. പരോള്‍ അനുവദിച്ചതിനു പിന്നിലും പിതാവിന്റെ സ്വാധീനമാണെന്ന് ആരോപണമുണ്ടായിരുന്നു.

ബിട്ടിയുടെ മുങ്ങല്‍ വിവാദമായതിനെ തുടര്‍ന്ന് പൊലീസ് പലതവണ പ്രത്യേക അന്വേഷണ സംഘങ്ങളുണ്ടാക്കിയെങ്കിലും കണ്ടെത്താനായില്ല. അടുത്തിടെ ഡല്‍ഹി പീഡനത്തിന്റെ പശ്ചാത്തലത്തില്‍ ബിട്ടിയുടെ മുങ്ങല്‍ ദേശീയ മാധ്യമങ്ങളില്‍ വീണ്ടും വാര്‍ത്തയായതാണ് ഇയാള്‍ക്ക് വിനയായത്.

Advertisement