അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസിക്ക് കൊവിഡ്; മകനും രോഗം സ്ഥിരീകരിച്ചു
Covid Death
അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസിക്ക് കൊവിഡ്; മകനും രോഗം സ്ഥിരീകരിച്ചു
ന്യൂസ് ഡെസ്‌ക്
Saturday, 1st August 2020, 8:51 am

കൊച്ചി: കഴിഞ്ഞ ദിവസം മരിച്ച സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസിക്ക് കൊവിഡ് സ്ഥീരികരിച്ചു. എണ്‍പത് വയസ്സായിരുന്നു ഇദ്ദേഹത്തിന്.

പനിയെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് മകനും രോഗബാധിതനാണ്.

എറണാകുളം മഹാരാജാസ് കോളെജ്, ലോ കോളെജ് എന്നിവിടങ്ങളില്‍ പഠിക്കുമ്പോള്‍ സ്വതന്ത്രവിദ്യാര്‍ഥി പ്രസ്ഥാനമായ ഐ.എസ്.ഒയിലൂടെയാണ് ദേവസി പൊതുപ്രവര്‍ത്തന രംഗത്തെക്ക് എത്തിയത്. അടിയന്തരാവസ്ഥ കാലത്ത് 20 മാസം ജയില്‍വാസം അനുഭവിച്ചു.

ഇടപ്പള്ളി ബ്ലോക്ക് ബി.ഡി.സി ചെയര്‍മാന്‍, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ബോര്‍ഡ് മെമ്പര്‍, ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിരുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്നലെ പുതുതായി 1310 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 8, കണ്ണൂര്‍ ജില്ലയിലെ 5, കോഴിക്കോട് ജില്ലയിലെ 3, ആലപ്പുഴ, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,323 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,33,151 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,172 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1292 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ