'ഗോള്‍ഡ്' ഉരുകിക്കൊണ്ടിരിക്കുന്നതുകൊണ്ട് 'പാട്ടില്‍' ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റുന്നില്ല; അല്‍ഫോണ്‍സ് പുത്രന്‍
Entertainment news
'ഗോള്‍ഡ്' ഉരുകിക്കൊണ്ടിരിക്കുന്നതുകൊണ്ട് 'പാട്ടില്‍' ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റുന്നില്ല; അല്‍ഫോണ്‍സ് പുത്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st June 2022, 1:34 pm

പൃഥ്വിരാജിനെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്. ചിത്രത്തില്‍ നായികയായി എത്തുന്നത് നയന്‍താരയാണ്.

‘പാട്ട്’ എന്ന പേരില്‍ ഒരു ചിത്രം കൂടി അല്‍ഫോണ്‍സ് പുത്രന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് ചിത്രത്തെ പറ്റി വിവരങ്ങള്‍ ഒന്നും ഉണ്ടായില്ല. ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരം
അല്‍ഫോണ്‍സ് തന്നെ പറഞ്ഞിരിക്കുകയാണ്.

‘പാട്ട് എന്റെ മറ്റ് സൃഷ്ടികളില്‍ നിന്നും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ പാട്ട് ചെയ്യുന്നതിന് മുമ്പ് ഞാന്‍ കുറച്ച് കഴിവുകള്‍ കൂടി വികസിപ്പിക്കണമെന്ന് ദൈവം, അല്ലെങ്കില്‍ ദൈവമുള്ള പ്രപഞ്ചം ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു. ചിത്രം ഡ്രോപ്പ് ചെയ്തിട്ടില്ല പോസ് മോഡിലാണ്.’;അല്‍ഫോണ്‍സ് പുത്രന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

‘ഗോള്‍ഡ് ഉരുകിക്കൊണ്ടിരിക്കുന്നതുക്കൊണ്ട് പാട്ടില്‍’ ശ്രദ്ധ കേന്ദ്രികരിക്കാന്‍ പറ്റുന്നില്ല’ യെന്നും അല്‍ഫോണ്‍സ് ട്വീറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നത്.


യു.ജി.എം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് പാട്ട് നിര്‍മിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. പബ്ലിസിറ്റ് ഡിസൈന്‍ ട്യൂണി ജോണ്‍. 24 എഎം. രചന, സംവിധാനം, എഡിറ്റിംഗ്, സംഗീത സംവിധാനം എന്നിവ അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. സംഗീതം പശ്ചാത്തലമാവുന്ന സിനിമയ്ക്കായുള്ള തയ്യാറെടുപ്പിനായി താന്‍ സംഗീതം പഠിച്ചുകൊണ്ടിരിക്കുന്ന വിവരം അല്‍ഫോണ്‍സ് നേരത്തെ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം ഗോള്‍ഡിന്റെ പണിപ്പുരയിലാണിപ്പോള്‍ അല്‍ഫോണ്‍സുള്ളത്. മല്ലിക സുകുമാരന്‍, ബാബുരാജ്, ഷമ്മി തിലകന്‍, അബു സലീം, അജ്മല്‍ അമീര്‍, റോഷന്‍ മാത്യൂ, ഇടവേള ബാബു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ഗോള്‍ഡിലെത്തുന്നുണ്ട്.


പൃഥ്വിരാജ് -നയന്‍താര-അല്‍ഫോണ്‍സ് കോംബോയില്‍ ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഗോള്‍ഡ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മാണം.

Content Highlight : Alphonse Puthren about paat movie and he says that movie is not dropped its paused