ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
അലോക് വര്‍മ്മയെ വീണ്ടും സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തില്‍ നിന്നും മാറ്റി; തീരുമാനം നരേന്ദ്ര മോദി അധ്യക്ഷനായ സമിതിയുടേത്
ന്യൂസ് ഡെസ്‌ക്
Thursday 10th January 2019 7:54pm

ന്യൂദല്‍ഹി: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും അലോക് വര്‍മ്മയെ മാറ്റി. സുപ്രീം കോടതി അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ ആയി നിയമിച്ചതിനു പിന്നാലെയാണ് സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ പുറത്താക്കിക്കൊണ്ട് ഉത്തരവിറക്കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് അലോക് വര്‍മ്മയെ പുറത്താക്കിക്കൊണ്ട് ഉത്തരവിട്ടത്. അലോക് വര്‍മ്മയ്‌ക്കെതിരായ അഴിമതി ആരോപണങ്ങള്‍ക്ക് തെളിവുകള്‍ ലഭിച്ചു എന്ന് വൃത്തങ്ങള്‍ അറിയിച്ചതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

സുപ്രീം കോടതി അലോക് വര്‍മ്മയെ സി.ബി.ഐ തലപ്പത്ത് വീണ്ടും നിയമിച്ചെങ്കിലും അദ്ദേഹത്തിനെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ (സി.വി.സി) അന്വേഷണം കഴിയുന്നതു വരെ പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും നടപ്പിലാക്കരുതെന്ന് കോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു.

Also Read രാഷ്ട്രീയ സംവാദങ്ങളിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നിസാരവത്കരിക്കുന്നത് വേദനാജനകമാണ്; രാഹുല്‍ ഗാന്ധിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശനത്തിനെതിരെ മെഹ്ബൂബ മുഫ്തി

അലോക് വര്‍മ്മയെ മാറ്റിയതില്‍ മല്ലികാര്‍ജുന ഖാര്‍ഗെ എതിര്‍പ്പ് അറിയിച്ചു. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ഖാര്‍ഗെ നേരത്തെ രംഗത്തെത്തിയിരുന്നു.

നേരത്തെ ഡയരക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയതിന് പിന്നാലെ സി.ബി.ഐ. ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവു നടത്തിയ ട്രാന്‍സ്ഫറുകള്‍ അലോക് വര്‍മ്മ റദ്ദാക്കിയിരുന്നു . സി.ബി.ഐയിലെ രണ്ടാമനായ രാകേഷ് അസ്താനയ്ക്കെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിലെ ഉദ്യോഗസ്ഥരെയാണ് അലോക് വര്‍മ്മ തിരിച്ചെടുത്തത്.

ഈ സംഘത്തിലുള്‍പ്പെട്ട പത്ത് ഓഫീസര്‍മാരെ സ്ഥലം നാഗേശ്വര്‍ റാവു നേരത്തെ സ്ഥലം മാറ്റിയിരുന്നു.

സി.ബി.ഐ സ്‌പെഷ്യല്‍ ഡയരക്ടറും നരേന്ദ്ര മോദിയുടെ അടുപ്പക്കാരുനുമായ രാകേഷ് ആസ്താനയ്‌ക്കെതിരെ അലോക് വര്‍മ്മ അഴിമതിക്കേസില്‍ നടപടി എടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ഇരുവരെയും താല്‍കാലികമായി സി.ബി.ഐയില്‍ നിന്നും മാറ്റി നിര്‍ത്തിയത്.

മോയിന്‍ ഖുറേഷി എന്ന വ്യവസായിയില്‍ നിന്നും 5 കോടി രൂപ വാങ്ങി എന്നായിരുന്നു രാകേഷ് ആസ്താനയ്‌ക്കെതിരെയുള്ള പരാതി.

Advertisement