എഡിറ്റര്‍
എഡിറ്റര്‍
വീണ്ടും വെട്ടിലായി ബി.ജെ.പി; അമിത് ഷായുടെ മകന്റെ കമ്പനിയ്ക്ക് നല്‍കിയ വായ്പയില്‍ 4000 ശതമാനം വര്‍ധനവ്; വര്‍ധന മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം
എഡിറ്റര്‍
Tuesday 10th October 2017 8:49pm

 


ന്യൂദല്‍ഹി: അമിത് ഷായുടെ മകന്‍ ജെയ് ഷായുടെ കമ്പനിയുടെ വരുമാനത്തിലുണ്ടായ വന്‍ വര്‍ധനവ് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ദ വയറായിരുന്നു വാര്‍ത്ത പുറം ലോകത്തെത്തിച്ചത്. ഇപ്പോഴിതാ ബി.ജെ.പി നേതൃത്വത്തെ കൂടുതല്‍ വെട്ടിലാക്കി ജെയ് ഷായ്ക്ക ലഭിച്ച വായ്പകളിലും വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ടുകള്‍.

ജെയ് ഷായുടെ ടെംപിള്‍ എന്റര്‍പ്രൈസസ് എന്ന കമ്പനിക്ക് ലഭിച്ച വായ്പയില്‍ 4,000 ശതമാനം വര്‍ധനവ് ഉണ്ടായതായി ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് ഈ വര്‍ധന എന്നത് ശ്രദ്ധേയമാണ്.

2013-14 കാലയളവില്‍ കമ്പനിക്ക് ലഭിച്ച വായ്പ 1.3 കോടി മാത്രമായിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഇത് 53.4 കോടി രൂപയായി ഉയര്‍ന്നു. 4,000 ശതമാനം വര്‍ധനവാണ് വായ്പയില്‍ ഉണ്ടായിരിക്കുന്നത്.

ജയ് ഷായുടെ കമ്പനികളില്‍ ഒന്നായ ടെംപിള്‍ എന്റര്‍പ്രൈസസ് 2004 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ 10 വര്‍ഷങ്ങള്‍ക്ക് ശേഷം 2014 ല്‍ കമ്പനിയുടെ പ്രവര്‍ത്തന ലാഭം വെറും 18.8 ലക്ഷം രൂപ മാത്രമായിരുന്നു. 2015 ല്‍ കിഫ്സ് ഫിനാന്‍സില്‍ നിന്നും കമ്പനിക്ക് 15.76 കോടി രൂപ വായ്പയായി ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനെ കുറിച്ചുള്ള ചോദ്യത്തിന് അക്കാലയളവില്‍ (2015-16) വിവിധ സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കിയെന്നും അതിന്റെ ഭാഗമായാണ് ടെംപിള്‍ എന്റര്‍പ്രൈസസിനും നല്‍കിയതെന്നായിരുന്നു കിഫ്സ് എന്‍ഡിടിവിയോട് പ്രതികരിച്ചത്.


Also Read:  വെള്ളിത്തിരയില്‍ നിന്നും കോണ്‍ഗ്രസിന്റെ ഐ.ടി സെല്‍ തലപ്പത്തേക്ക്; രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ക്ക് പിന്നിലെ മാറ്റത്തിന്റെ തലച്ചോറായി രമ്യ


നേരത്തെ, നരേന്ദ്ര മോദി അധികാരത്തിലേറിയശേഷം അമിത് ഷായുടെ മകന്റെ കമ്പനിക്ക് 16,000 മടങ്ങ് വരുമാന വര്‍ധനയുണ്ടായെന്ന് ദ വയര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ ജെയ് ഷാ മാനനഷ്ടകേസ് നല്‍കിയിരുന്നു. തനിക്കെതിരെ വാര്‍ത്ത നല്‍കിയ ന്യൂസ് പോര്‍ട്ടലിനും വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ക്കും എതിരെയാണ് ജെയ് കേസ് നല്‍കിയിരിക്കുന്നത്. നൂറ് കോടിയുടെ നഷ്ടപരിഹാരമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യത്തെ അറിയപ്പെടുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകയായ രോഹിണി സിംഗാണ് അമിത് ഷായുടെ മകന്റെ കമ്പനിയുടെ ലാഭവിവര കണക്കുകളുടെ റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവന്നത്. നേരത്തെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ ഡി.എല്‍.എഫ് ഇടപാടുകള്‍ തമ്മിലുള്ള വാര്‍ത്ത പുറത്ത് കൊണ്ടുവന്നതും രോഹിണി സിങ്ങാണ്.
വാര്‍ത്ത വന്നതിന് പിന്നാലെ ബി.ജെ.പി നേതൃത്വം വെട്ടിലായിരുന്നു. പ്രതിപക്ഷം ബി.ജെ.പിയ്ക്കെതിരെ രംഗത്തു വന്നിരുന്നു. ആരോപണം അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.

Advertisement