പ്രയാഗ് രാജിലെ ബുള്‍ഡോസര്‍ ആക്രമണം: ജാവേദ് മുഹമ്മദിന്റെ വീട് തകര്‍ത്തതിനെതിരെ അഭിഭാഷകര്‍ നല്‍കിയ ഹരജി കേള്‍ക്കാന്‍ വിസമ്മതിച്ച് അലഹാബാദ് കോടതി
national news
പ്രയാഗ് രാജിലെ ബുള്‍ഡോസര്‍ ആക്രമണം: ജാവേദ് മുഹമ്മദിന്റെ വീട് തകര്‍ത്തതിനെതിരെ അഭിഭാഷകര്‍ നല്‍കിയ ഹരജി കേള്‍ക്കാന്‍ വിസമ്മതിച്ച് അലഹാബാദ് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th June 2022, 9:48 am

ലഖ്‌നൗ: പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രയാഗ്‌രാജില്‍ നടന്ന അക്രമണത്തില്‍ ബുള്‍ഡോസര്‍ പ്രയോഗത്തെ ചോദ്യം ചെയ്ത് നല്‍കിയ കത്ത് ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച് അലഹാബാദ് കോടതി.

പ്രയാഗ്‌രാജിലെ പ്രാദേശിക നേതാവായ ജാവേദ് മുഹമ്മദിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തതിനെതിരെ ആറ് അഭിഭാഷകര്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുന്നതാണ് അലഹാബാദ് കോടതി എതിര്‍ത്തത്. വാദം കേള്‍ക്കണമെങ്കില്‍ സാധാരണ ഹരജി സമര്‍പ്പിക്കണമെന്നും കോടതി ഹരജിക്കാരോട് പറഞ്ഞു.

പ്രയാഗ്‌രാജില്‍ നടക്കുന്ന ബുള്‍ഡോസര്‍ ആക്രമണത്തിനെതിരെ അഭിഭാഷകനായ കെ.കെ. റോയിയും മറ്റ് അഞ്ച് അഭിഭാഷകരും ചേര്‍ന്നാണ് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഞായറാഴ്ച ഇമെയില്‍ അയച്ചത്. കേസില്‍ അടിയന്തരപ്രാധാന്യമുള്ളതിനാലാണ് കത്ത് നല്‍കിയതെന്ന് അഭിഭാഷകരിലൊരാളായ സയീദ് സിദ്ദിഖി പറഞ്ഞു.

ജാവേദിന്റെ ഭാര്യയുടെ പേരിലുള്ള വീട് പുനര്‍നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കും. വീട് തകര്‍ക്കാന്‍ കൂട്ടുനിന്ന പ്രയാഗ്‌രാജ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫീസര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

പൊളിച്ചുനീക്കിയ വീട് ജാവേദിന്റെ ഭാര്യ പര്‍വീണ്‍ ഫാത്തിമയുടെ പേരിലാണെന്ന് അഭിഭാഷകര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വിവാഹത്തിന് മുമ്പ് മാതാപിതാക്കളില്‍ നിന്ന് സമ്മാനമായി ലഭിച്ചതാണ് വീടെന്നും കത്തില്‍ അവകാശപ്പെട്ടിരുന്നു. പൊളിക്കുന്നതിന് ഒരു ദിവസം മാത്രം മുന്‍പാണ് ഇത് സംബന്ധിച്ച നോട്ടീസ് വീട്ടുകാര്‍ക്ക് കൈമാറിയത്.

പ്രതിഷേധത്തിന്റെ ആസൂത്രികന്‍ ജാവേദ് ആണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജാവേദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയായിരുന്നു വീട് പൊളിക്കാനുള്ള നോട്ടീസ് നല്‍കിയത്.

സാമൂഹിക പ്രവര്‍ത്തകനായ ജാവേദ് മുഹമ്മദിനെ ജൂണ്‍ 10 ന് അറസ്റ്റ് ചെയ്തതായും അതിനുശേഷം കരേലി പ്രദേശത്തെ അദ്ദേഹത്തിന്റെ വീട് ഒരു ദിവസത്തെ നോട്ടീസില്‍ ബുള്‍ഡോസര്‍ ചെയ്യാന്‍ തീരുമാനിച്ചതെന്നും തീരുമാനിച്ചു.

Content Highlight: Allahabad High Court refuses to hear letter petition over demolition of Javed Mohammad’s house in prayagraj