ഹാത്രാസ് കുടുംബത്തെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന ഹരജി തള്ളി അലഹബാദ് ഹൈക്കോടതി
national news
ഹാത്രാസ് കുടുംബത്തെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന ഹരജി തള്ളി അലഹബാദ് ഹൈക്കോടതി
ന്യൂസ് ഡെസ്‌ക്
Friday, 9th October 2020, 9:32 am

ലക്‌നൗ: ഹാത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി വാത്മീകി സംഘടന നല്‍കിയ ഹരജി അലഹബാദ് ഹൈക്കോടതി തള്ളി.

അഖില ഭാരതീയ വാത്മീകി മഹാപഞ്ചായത്ത് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജിയാണ് അലഹബാദ് ഹൈക്കോടതി തള്ളിയത്.

കേസ് സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ ഇപ്പോള്‍ പരിഗണിക്കുന്നത് ഉചിതമാകില്ലെന്ന് ജഡ്ജുമാരായ പ്രകാശ് പാഡിയ, പ്രിതിങ്കര്‍ ദിവാകര്‍ എന്നിവര്‍ പറഞ്ഞു.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കും മറ്റ് ബന്ധുക്കള്‍ക്കും പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വാത്മീകി സംഘടനയോട് കോടതി പറഞ്ഞു.

ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും അവരെ സ്വതന്ത്രമായി ആളുകളോട് സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ പൂട്ടിയിട്ട് അവരുടെ അനുവാദം പോലുമില്ലാതെയാണ് ഉത്തര്‍പ്രദേശ് പൊലീസ് മൃതദേഹം സംസ്‌കരിച്ചതെന്നും ഹരജിയില്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ ഠാക്കൂര്‍ വിഭാഗത്തില്‍പെടുന്ന നാലുപേര്‍ ചേര്‍ന്ന് 19 കാരിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി സെപ്തംബര്‍ 29നാണ് മരിക്കുന്നത്.

ഹാത്രാസ് വിഷയത്തില്‍ കൃത്യമായ നടപടിയെടുക്കുന്നതില്‍ യോഗി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ ശക്തമായ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു.

സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Hatras Gangrape: Allahabad HC dismisses plea against illegal confinement of woman’s family