ഭിന്നശേഷിക്കാര്‍ക്ക് 'വര്‍ക് ഫ്രം ഹോം' പദ്ധതിയുമായി സ്റ്റാലിന്‍
national news
ഭിന്നശേഷിക്കാര്‍ക്ക് 'വര്‍ക് ഫ്രം ഹോം' പദ്ധതിയുമായി സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th December 2022, 8:03 pm

ചെന്നൈ: സംസ്ഥാനത്ത് സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാര്‍ക്ക് വര്‍ക് ഫ്രം ഹോം പദ്ധതിക്ക് രൂപം നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് സ്റ്റാലിന്റെ പ്രഖ്യാപനം.

ഇതിന്റെ മുന്നോടിയായി തമിഴ്നാട് സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ ലാപ്‌ടോപ്പുകളും സോഫ്റ്റ്‌വെയറുകളും ലഭ്യമാക്കി പരിശീലനം നല്‍കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

സ്വകാര്യ- സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാരെ കണ്ടെത്തി വര്‍ക് ഫ്രം ഹോം സംവിധാനമൊരുക്കുന്നതിനും ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഭിന്നശേഷിക്കാരുടെ യാത്രാക്ലേശം ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ കണക്കിലെടുത്താണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി.

ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിന് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി വിദഗ്ധ സമിതികളും ഉന്നതതല പാനലുകളും രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സ്റ്റാലിന്‍ അറിയിച്ചു.

ഇത്തരത്തില്‍ രൂപവത്കരിക്കുന്ന വിദഗ്ദ സമിതികള്‍ ഭിന്നശേഷിക്കാര്‍ക്ക് അവരുടെ ജോലി സ്ഥലത്ത് മറ്റുള്ളവരെ ആശ്രയിക്കാതെ ചെയ്യാന്‍ കഴിയുന്ന ജോലികളെക്കുറിച്ചുള്ള ശിപാര്‍ശകള്‍ സര്‍ക്കാരിന് നല്‍കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

കാഴ്ച വൈകല്യമുള്ളവര്‍ ഉള്‍പ്പെടെ 4.39 ലക്ഷം ഭിന്നശേഷിക്കാര്‍ക്ക് 1,000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നത് 2023 ജനുവരി ഒന്ന് മുതല്‍ 1,500 രൂപയായി ഉയര്‍ത്തും. ഇതിന് പ്രതിവര്‍ഷം 263 കോടി ചെലവ് വരും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രത്യേകിച്ച് പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതികള്‍ തയാറാക്കുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

‘സാമൂഹ്യ നീതിക്ക് വേണ്ടി തുടക്കം മുതല്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ എല്ലാ വിഭാഗത്തിലുള്ളവരുടെ ഉന്നമനത്തിനായും, പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉയര്‍ച്ചക്കായുള്ള പദ്ധതികള്‍ ഇനിയും നടപ്പാക്കും,’ സ്റ്റാലിന്‍ പറഞ്ഞു.

Content Highlight: All differently abled may get to work from home in Tamil Nadu soon: MK Stalin