ബി.ജെ.പിക്കെതിരെ പോരാടാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണം: സി.പി.ഐ
national news
ബി.ജെ.പിക്കെതിരെ പോരാടാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണം: സി.പി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th July 2022, 8:54 am

ന്യൂദല്‍ഹി: ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ എല്ലാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഒന്നിക്കണമെന്നും പാര്‍ട്ടികളുടെ പുനരേകീകരണം അനിവാര്യമാണെന്നും സി.പി.ഐ. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനിരിക്കുന്ന കരട് പ്രമേയത്തിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഒക്ടോബറില്‍ വിജയവാഡയിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക.

ഒരു പാര്‍ട്ടിയല്ല മറിച്ച് എല്ലാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് കരട് പ്രമേയം പുറത്തിറക്കിക്കൊണ്ട് നടത്തിയ പത്രസമ്മേളനത്തില്‍ സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ പറഞ്ഞു.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ മാതൃകക്ഷിയാണ് സി.പി.ഐ. മക്കള്‍ എവിടെപോയാലും അമ്മ ഇവിടെ തന്നെ കാണുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

ആഭ്യന്തര കലാപങ്ങള്‍ തന്നെ നിലനില്‍ക്കുന്നതിനിടെ കോണ്‍ഗ്രസിന് ബി.ജെ.പിക്ക് എതിരെ പ്രതിപക്ഷ കൂട്ടായ്മയുണ്ടാക്കാന്‍ സാധിക്കുന്നില്ലെന്നും കരട് പ്രമേയത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കോണ്‍ഗ്രസിന് ആശയപരമായ സ്ഥിരതയില്ലെന്നും മതനിരപേക്ഷതയില്‍ ഉറച്ചുനില്‍ക്കുന്നില്ലെന്നും കരട് പ്രമേയത്തില്‍ വിമര്‍ശനമുണ്ട്.

വലതുപക്ഷം ചേര്‍ന്ന് ബി.ജെ.പിയെ തോല്‍പ്പിക്കാനാവില്ലെന്നും അവരെ എതിര്‍ക്കാന്‍ സമാന്തര ജനാധിപത്യ, ഇടതുപക്ഷ ഐക്യം ആവശ്യമാണെന്നും പ്രമേയത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ശരിയായി മത്സരിക്കാന്‍ സാധിച്ചില്ല. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ മത്സരിപ്പിച്ചത് ഇടതുപക്ഷത്തിനാണ് ക്ഷീണമായത്. വോട്ടുശതമാനത്തില്‍ വര്‍ധനവുണ്ടെങ്കിലും ശക്തമായ പ്രതിപക്ഷ പാര്‍ട്ടിയെന്ന് കോണ്‍ഗ്രസിനെ വിളിക്കാനാകില്ല. 2024ലെ തെരഞ്ഞെടുപ്പിന് മുന്‍പായി പ്രശ്‌നങ്ങളെല്ലാം തീര്‍ക്കണമെന്നും പ്രമേയത്തില്‍ സൂചിപ്പിക്കുന്നു.

അതേസമയം ഭരണത്തുടര്‍ച്ച നേടിയ കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിനെ പ്രമേയത്തില്‍ അഭിനന്ദിച്ചിരുന്നു. കേരളത്തില്‍ ബി.ജെ.പി ഒരു സീറ്റ് പോലും ലഭിക്കാത്തതും, ഇടതുപക്ഷത്തിന് ലഭിക്കുന്ന ഉയര്‍ന്ന ഭൂരിപക്ഷവും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഇടതുപക്ഷത്തോടുള്ള വിശ്വാസമാണ് വ്യക്തമാക്കുന്നതെന്നും പ്രമേയത്തില്‍ പരാമര്‍ശിച്ചു.

തെരഞ്ഞെടുപ്പ് സമയത്ത് മാത്രമുള്ള പാര്‍ട്ടി പ്രവര്‍ത്തനത്തേയും പ്രമേയത്തില്‍ വിമര്‍ശിക്കുന്നുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനം തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ളതല്ലെന്നും ജനകീയ പ്രവര്‍ത്തനമാണെന്നും കരട് പ്രമേയത്തില്‍ സി.പി.ഐ വ്യക്തമാക്കുന്നുണ്ട്.

ശരിയായ തയ്യാറെടുപ്പുകളില്ലാതെ എല്ലാ സീറ്റുകളിലും മത്സരിക്കുന്നതിന് പകരം വിജയ സാധ്യതയുള്ള സീറ്റുകള്‍ കണ്ടെത്തി അവിടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്നും പ്രമേയത്തില്‍ നിര്‍ദേശമുണ്ട്.

Content Highlight: All communist parties should unite fight against the evil called bjp says CPI