ലക്‌നൗവില്‍ കശ്മീരി കച്ചവടക്കാരെ അക്രമിച്ച കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തു
Crime
ലക്‌നൗവില്‍ കശ്മീരി കച്ചവടക്കാരെ അക്രമിച്ച കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തു
ന്യൂസ് ഡെസ്‌ക്
Thursday, 7th March 2019, 9:59 pm

ലക്‌നൗ: ലക്‌നൗവില്‍ തെരുവില്‍ പഴക്കച്ചവടം നടത്തിയിരുന്ന കശ്മീരികളായ യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് പ്രതികളെയും പൊലീസ് പിടികൂടി. ബജ്‌റംഗ് സോങ്കര്‍, അമര്‍, ഹിമാന്‍ഷു, അനിരുദ്ധ എന്നിവരെയാണ് പിടികൂടിയത്.

ഇതില്‍ വിശ്വഹിന്ദു ദള്‍സംഘടനാ പ്രവര്‍ത്തകനായ ബജ്‌റംഗ് സോങ്കറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ കൊലപാതകമടക്കം ഒരു ഡസനോളം ക്രിമിനല്‍ കേസുകളുള്ളതായി പൊലീസ് പറഞ്ഞു.

പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് ചുമത്തിയിരിക്കുന്നത്. അക്രമിക്കപ്പെട്ട മുഹമ്മദ് അഫ്‌സല്‍ നായിക്ക് അബ്ദുല്‍ സലാം എന്നിവര്‍ക്ക് തുടര്‍ന്ന് കച്ചവടം നടത്താനുള്ള സംരക്ഷണമൊരുക്കുമെന്നും പൊലീസ് പറഞ്ഞു.

തീവ്രവാദികളെന്നും കശ്മീരിലെ കല്ലേറുകാരെന്നും വിളിച്ചാണ് വിശ്വഹിന്ദു ദള്‍ പ്രവര്‍ത്തകര്‍ ഇവരെ അക്രമിച്ചിരുന്നത്. കാവി വസ്ത്രമണിഞ്ഞെത്തിയ സംഘം ലാത്തി പോലെയുള്ള വടി ഉപയോഗിച്ച് തല്ലുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ചില നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് സംഘം മര്‍ദ്ദനമവസാനിപ്പിച്ചിരുന്നത്.