മഴയത്ത് ഒഴുകി വന്ന തേളും അഭയം കൊടുത്ത തവളയും; റോഷന്‍ മാത്യുവും ആലിയയുമെത്തുന്നു; ഡാര്‍ലിങ്‌സ് ടീസര്‍
Film News
മഴയത്ത് ഒഴുകി വന്ന തേളും അഭയം കൊടുത്ത തവളയും; റോഷന്‍ മാത്യുവും ആലിയയുമെത്തുന്നു; ഡാര്‍ലിങ്‌സ് ടീസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 5th July 2022, 11:54 am

ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് വര്‍മ, റോഷന്‍ മാത്യു എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ഡാര്‍ലിങ്സിന്റെ ടീസര്‍ പുറത്ത്. നെറ്റ്ഫ്‌ളിക്‌സ് യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്ത് വന്നിരിക്കുന്നത്. രണ്ട് ഗെറ്റപ്പിലാണ് ആലിയ ടീസറില്‍ എത്തിയിരിക്കുന്നത്.

പ്രളയത്തില്‍ ഒഴുകി വന്ന തേളിന്റെയും അഭയം കൊടുത്ത തവളയുടെയും കഥയുടെ പശ്ചാത്തലത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പം നായികയുടെ ജീവിതത്തിലേക്ക് എത്തുന്ന യുവാവും അയാള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും ടീസറില്‍ കാണിക്കുന്നുണ്ട്. ടീസറിനൊപ്പം തന്നെ ചിത്രത്തിന്റെ പോസ്റ്ററും നെറ്റ്ഫ്‌ളിക്‌സ് പുറത്ത് വിട്ടിട്ടുണ്ട്.

 

നേരത്തെ നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ട ചിത്രത്തിന്റെ പ്രൊമോ വീഡിയോ ശ്രദ്ധ നേടിയിരുന്നു. ഡാര്‍ലിങ്സ് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യുമോ എന്ന് താരങ്ങളോട് ഒരാള്‍ ചോദിക്കുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ താരങ്ങള്‍ ഈ ചോദ്യങ്ങളെ അവഗണിക്കുകയാണ്. വീഡിയോയ്ക്കിടയില്‍ റോഷന്‍ മലയാളത്തിലും സംസാരിക്കുന്നുണ്ട്.

ജസ്മിത് കെ. റീന്‍ സംവിധാനം ചെയ്യുന്ന സീരിസ് ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് പ്രൊഡക്ഷന്‍സും ആലിയ ഭട്ടിന്റെ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് ഡാര്‍ലിങ്‌സിന്റെ കഥ നടക്കുന്നത്. അസാധാരണമായ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്ന അമ്മയുടെയും മകളുടെയും കഥ പറയുന്ന ചിത്രം ഒരു ഡാര്‍ക്ക് കോമഡി സ്വഭാവത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. വിശാല്‍ ഭരദ്വാജാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

ഡാര്‍ലിങ്സിന്റെ ഷൂട്ടിംഗില്‍ നിന്നുള്ള ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചുകൊണ്ട് ഈ ചിത്രത്തിന് തന്റെ ഹൃദയത്തില്‍ വളരെ പ്രത്യേക സ്ഥാനമുണ്ടെന്നാണ് ആലിയ കുറിച്ചത്.

Content Highlight: Alia Bhatt, Shefali Shah, Vijay Verma and Roshan Mathew starrer Darlings teaser is out