ചെലര്‍ത് പെട്ടെന്ന് ശരിയാവും, ചെലര്‍ത് ശരിയാവൂല്ല, ഇങ്ങള് ബിചാരിച്ചാ പെട്ടെന്ന് ശരിയാവും ; വാരിയന്‍ കുന്നനെ കുറിച്ചുള്ള സിനിമയ്ക്ക് ഇതുവരെ 72 ലക്ഷം കിട്ടിയെന്ന് അലി അക്ബര്‍
Malayalam Cinema
ചെലര്‍ത് പെട്ടെന്ന് ശരിയാവും, ചെലര്‍ത് ശരിയാവൂല്ല, ഇങ്ങള് ബിചാരിച്ചാ പെട്ടെന്ന് ശരിയാവും ; വാരിയന്‍ കുന്നനെ കുറിച്ചുള്ള സിനിമയ്ക്ക് ഇതുവരെ 72 ലക്ഷം കിട്ടിയെന്ന് അലി അക്ബര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 31st July 2020, 10:25 pm

കോഴിക്കോട്: വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചും മലബാര്‍ കലാപത്തെ കുറിച്ചും താന്‍ എടുക്കുന്ന സിനിമക്കായി ഇതുവരെ 72 ലക്ഷം രൂപ മാത്രമേ ലഭിച്ചുള്ളുവെന്ന് സംവിധായകന്‍ അലി അക്ബര്‍.

മുഹമ്മദ് ഫായിസിന്റെ പ്രശസ്ത വാചകത്തിന്റെ രൂപത്തിലാണ് സംവിധായകന്റെ പ്രതികരണം.’ചെലര്‍ത് പെട്ടെന്ന് ശരിയാവും, ചെലര്‍ത് പെട്ടന്ന് ശരിയാവൂല്ല, ഇമ്മളത് പെട്ടെന്ന് ശരിയായില്ലെങ്കില്‍ ഇമ്മക്ക് കൊയപ്പം ഇല്ല, ചെലോര്‍ക്കാണ് കൊയപ്പം. ഇങ്ങള് ബിചാരിച്ചാ പെട്ടെന്ന് ശരിയാവും നന്ദി… 72,06,842…’ എന്നാണ് അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

നേരത്തെ അലി അക്ബറിന്റെ സിനിമയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബം വ്യക്തമാക്കിയിരുന്നു.

യഥാര്‍ത്ഥ ചരിത്രം വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതാണ് സംഘപരിവാറിന്റെ നീക്കമെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. സംവിധായകന്‍ ആഷിഖ് അബു വാരിയന്‍കുന്നന്‍ എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ചതോടെയാണ് അലി അക്ബറും പുതിയ സിനിമ പ്രഖ്യാപിച്ചത്.

ആഷിഖ് അബു തന്റെ ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു.

ചിത്രത്തില്‍ നിന്ന് പൃഥ്വി പിന്മാറണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സൈബര്‍ ആക്രമണം നടക്കുന്നത്. പൃഥ്വിയുടെ അമ്മയെ അധിക്ഷേപിക്കുന്ന തരത്തിലടക്കം പരമര്‍ശങ്ങളാണ് സൈബര്‍ ഇടത്തില്‍ സംഘ് പ്രൊഫൈലുകളില്‍ നിന്ന് എത്തുന്നത്. അംബിക, ബി രാധാകൃഷ്ണ മേനോന്‍, അലി അക്ബര്‍ തുടങ്ങിയവരും പൃഥ്വിക്ക് എതിരെ രംഗത്ത് എത്തിയിരുന്നു.