എഡിറ്റര്‍
എഡിറ്റര്‍
ബീഫ് നിലപാടില്‍ വീണ്ടും തിരുത്ത്: എന്തുകഴിക്കണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കണ്ണന്താനം
എഡിറ്റര്‍
Saturday 9th September 2017 11:57am

ന്യൂദല്‍ഹി: ബീഫ് വിഷയത്തില്‍ വീണ്ടും നിലപാട് തിരുത്തി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. എന്തു കഴിക്കണമെന്ന് ജനങ്ങള്‍ക്കു തീരുമാനിക്കാമെന്നും അവര്‍ക്ക് ഇഷ്ടമുള്ളതു കഴിക്കാമെന്നുമാണ് കണ്ണന്താനം പറഞ്ഞത്. മനോരമ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് മൂന്നാം തവണയാണ് ബീഫ് വിഷയത്തില്‍ കണ്ണന്താനം നിലപാട് തിരുത്തുന്നത്. ബീഫ് കഴിക്കരുതെന്ന് ബി.ജെ.പി ആരോടും പറഞ്ഞിട്ടില്ലെന്നും കേരളീയര്‍ തുടര്‍ന്നും ബീഫ് കഴിക്കുമെന്നുമായിരുന്നു സ്ഥാനമേറ്റെടുത്തതിനു പിന്നാലെ ദേശീയ മാധ്യമങ്ങള്‍ക്ക് അനുവദിച്ച അഭിമുഖത്തില്‍ കണ്ണന്താനം പറഞ്ഞത്. എന്നാല്‍ കഴിഞ്ഞദിവസം ബുലന്ദ്ശ്വറില്‍ സംസാരിക്കവെ അദ്ദേഹം വീണ്ടും നിലപാട് മാറ്റി.

ബീഫ് കഴിക്കാനായി വിദേശികളാരും ഇന്ത്യയിലേക്ക് വരേണ്ടെന്നായിരുന്നു കണ്ണന്താനത്തിന്റെ നിലപാട്. ഇതിനു പിന്നാലെയാണ് അദ്ദേഹം വീണ്ടും നിലപാട് തിരുത്തി രംഗത്തുവന്നത്.

വിദേശികള്‍ വരുന്നത് ഇന്ത്യ കാണാനാണ്, അല്ലാതെ ബീഫ് കഴിക്കാനല്ല എന്നാണ് താന്‍ പറഞ്ഞതെന്നാണ് കണ്ണന്താനം ഇപ്പോള്‍ പറയുന്നത്. ഇംഗ്ലീഷ് അറിയാത്ത മാധ്യമപ്രവര്‍ത്തകര്‍ താന്‍ പറഞ്ഞത് മനസിലാക്കിയതില്‍ വന്ന പിഴവാണിതെന്നും അദ്ദേഹം ആരോപിക്കുന്നു.

ബീഫ് കഴിക്കണമോയെന്ന് കേരളത്തിലുള്ളവര്‍ക്കു തീരുമാനിക്കാമെന്നാണ് കണ്ണന്താനം പറഞ്ഞത്. താന്‍ ബീഫ് കഴിക്കാറില്ല. എന്തുകഴിക്കണമെന്നു തീരുമാനിക്കുന്നതു ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement