എഡിറ്റര്‍
എഡിറ്റര്‍
‘എങ്ങും അസ്വാതന്ത്ര്യത്തിന്റെ മുള്‍കിരീടങ്ങള്‍ ചൂടിയ സ്ത്രീയ്ക്കായി’; സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ തത്സമയ നാടകവുമായി വീണ്ടും ആര്‍ട്ടിസ്റ്റ് ബേബി
എഡിറ്റര്‍
Monday 27th March 2017 11:00pm

 


എറണാകുളം: വേദിയില്‍ അവള്‍ മാത്രം, ‘ഇര’. പിന്നെ സദസ്സില്‍ നിന്നും ‘ഇര’ യുടെ ആങ്ങളയായും അച്ഛനായും കാമുകനായും പുരുഷന്മാര്‍ വേദിയിലേക്ക് കടന്നു വന്നു. സ്ത്രീയുടെ ശരീരത്തില്‍ ചുവന്ന ചായം കൊണ്ട് മുറിപ്പാടുകള്‍ നല്‍കി, അവളുടെ മുഖം കറുത്ത തുണികൊണ്ടു മൂടി, തലയില്‍ മുള്‍ക്കിരീടങ്ങള്‍ ചാര്‍ത്തി. ഇര, പീഡിത രൂപമായി, അള്‍ത്താരപോലെ നിശ്ചലമായി വേദിയില്‍ നിന്നു.

ദൈനംദിന ജീവിതത്തിലെ സ്ത്രീ വിരുദ്ധതകളിലേക്കുള്ള തത്സമയാവിഷ്‌കരണമാണ് പിന്നീടുള്ള ഒരു മണിക്കൂര്‍ നേരം അരങ്ങേറിയത്. സംരക്ഷണബോധത്തില്‍ ‘ഇര’ യുടെ ഉടുക്കാനുള്ള, നടക്കാനുള്ള സ്വാതന്ത്ര്യത്തിനു തടയിടുന്ന അച്ഛന്‍, കൂട്ടുകാരിയെ പ്രദര്‍ശനവസ്തുവാക്കിയിരുത്തിയ കാമുകന്‍, പെങ്ങളെ സംരക്ഷിക്കപ്പെടേണ്ടവള്‍ മാത്രമായി കാണുന്ന ആങ്ങള.


Also Read: ‘അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്ത്’: കളി കൈ വിട്ടതോടെ മുരളി വിജയിയെ അസഭ്യം പറയുന്ന ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്


പറഞ്ഞു വന്നത് എറണാകുളത്തെ കമ്മട്ടിപ്പാടത്തിലെ രാജീവ് രവിയും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തുന്ന നിര്‍മ്മാണ കമ്പനിയായ ‘ കളക്ടീവ് ഫേസ് വണ്‍’ വേദിയില്‍ അലന്‍സിയരും സംഘവും അവതരിപ്പിച്ച തത്സമയ നാടകത്തെ കുറിച്ചായിരുന്നു. നാടകം എന്നാല്‍ ‘നാടിന്റെ അകം’ ആണെന്നു ഓര്‍മിപ്പിച്ചു കൊണ്ടാണ് അലന്‍സിയര്‍ നാടകം ആരംഭിക്കുന്നത്. വേദി കൂട്ടിനു ‘ഇര’ എന്ന വിശേഷണവുമായി നാട്ടകത്തിലെ ശിഷ്യ, ചിഞ്ചുവും.

അലന്‍സിയര്‍ ചോദ്യങ്ങളുമായി വേദിയില്‍ നിന്നും താഴേക്ക്. ഇവിടെ കര്‍ട്ടന്‍ ഉയര്‍ത്തലും താഴ്ത്തലും ഇല്ലെന്ന ഓര്‍മ്മിപ്പിക്കല്‍. വേദിയില്ലാതെ, വേഷവിധാനങ്ങള്‍ ഇല്ലാതെ അലന്‍സിയറും ചിഞ്ചുവും കാണികള്‍ക്കിടയിലൂടെ സാധാരണത്വത്തെ തന്മയത്വത്തോടെ ആടി തീര്‍ത്ത ഒരു മണിക്കൂര്‍.

”നാടകം എനിക്കിഷ്ടമാണ്. നാട് + അകം = നാടകം എന്നാണു. നാട്ടിനകത്തുള്ള എല്ലാ പറയുക എന്നത് തന്നെയാണ്. എനിക്കിഷ്ടമുള്ളതു നാടകം ആയതുകൊണ്ട് ഞാനത് ചെയ്തുകൊണ്ടിരിക്കും” സ്വതസിദ്ധമായ നര്‍മ്മം കലര്‍ന്ന ചിരിയോടെ അലന്‍സിയര്‍ പറയുന്നു.


Don’t Miss: ‘ഇറച്ചി വില്‍ക്കുന്ന കടകള്‍ നിര്‍ബന്ധിച്ച് പൂട്ടിക്കുന്നത് എന്തിന്?’; ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് ഹൈക്കോടതിയുടെ ചോദ്യം


1992 ല്‍ ബാബരി മസ്ജിദില്‍ പള്ളി പൊളിക്കപ്പെട്ടപ്പോള്‍ സെക്രട്ടറിയേറ്റിനു ചുറ്റും വാവിട്ടു കരഞ്ഞുകൊണ്ട് ഓടിയും, ഈ വര്‍ഷമാദ്യം സംവിധായകന്‍ കമലിനെതിരെയുള്ള സംഘപരിവാര്‍ ആക്രമത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ഷൂട്ടിംഗിനിടയില്‍ നാടകവുമായി തെരുവിലേക്ക് ഇറങ്ങിയും അലന്‍സിയര്‍ തന്നിലെ സാമൂഹ്യപ്രതിബദ്ധതയുള്ള കലാകാരനെ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇനിയും ഇതു തുടര്‍ന്നുകൊണ്ടിരിക്കും എന്ന് തന്നെയാണ് ആര്‍ട്ടിസ്റ്റ് അലന്‍സിയര്‍ സൂചിപ്പിക്കുന്നതും.

ഞാന്‍ സ്റ്റീവ് ലോപസിലൂടെയും മഹേഷിന്റെ പ്രതികാരത്തിലെ ആര്‍ട്ടിസ്റ്റ് ബേബിയിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായി മാറിയ അലന്‍സിയര്‍ ഒരു മുഴുവന്‍ സമയ നാടക പ്രവര്‍ത്തകനാണ്.

Advertisement