നഗരമധ്യത്തില്‍ മദ്യപന്റെ അഴിഞ്ഞാട്ടം; നഗ്നത പ്രദര്‍ശിപ്പിക്കല്‍; ഒരാളുടെ തലയടിച്ച് പൊട്ടിക്കല്‍; സാക്ഷിയായി പൊലീസ്
Kerala News
നഗരമധ്യത്തില്‍ മദ്യപന്റെ അഴിഞ്ഞാട്ടം; നഗ്നത പ്രദര്‍ശിപ്പിക്കല്‍; ഒരാളുടെ തലയടിച്ച് പൊട്ടിക്കല്‍; സാക്ഷിയായി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th December 2021, 6:03 pm

കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ ആളുകളെ സാക്ഷിയാക്കി മദ്യപാനിയുടെ അഴിഞ്ഞാട്ടം. തടയാനെത്തിയ ആളുകളെ ആക്രമിക്കുകയും കത്തി വീശുകയും ചെയ്ത ഇയാള്‍, ഒരാളുടെ തലയടിച്ച് പൊട്ടിക്കുകയും ചെയ്തു.

തിരുനക്കര മൈതാനത്തിന്റെ ശൗചാലയത്തോട് ചേര്‍ന്ന് തെരുവില്‍ കഴിയുന്ന സ്ത്രീയും പുരുഷനും ചേര്‍ന്ന് മദ്യപിച്ച് വാക്കുതര്‍ക്കമുണ്ടായതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാവുന്നത്. സ്ത്രീയെ ക്രൂരമായി മര്‍ദിച്ച ഇയാള്‍ ആളുകള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

ഇതിനിടെ സ്ത്രീയെ സഹായിക്കാനെത്തിയ ഇതരസംസ്ഥാന തൊഴിലാളിയുടെ തല ഇയാള്‍ അടിച്ചു പൊട്ടിച്ചു. ഇതരസംസ്ഥാന തൊഴിലാളിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

വിഷയത്തില്‍ പൊലീസ് അലംഭാവം കാണിച്ചുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. വിവരം അറിയിച്ചിട്ടും അരമണിക്കൂറിന് ശേഷമാണ് സംഭവസ്ഥലത്ത് എത്തിയതെന്നും നാട്ടുകാര്‍ പറയുന്നു.

പൊലീസ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് അരമണിക്കൂറോളം ഇവിടെ ഗതാഗതസ്തംഭനവും ഉണ്ടായി.

ആദ്യം വിവരമറിയിച്ചിട്ടും പൊലീസ് എത്തിയില്ല എന്നും വീണ്ടും വിളിച്ച് പറഞ്ഞതിന് ശേഷം മാത്രമാണ് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നിന്നും പൊലീസെത്തിയത്. എന്നാല്‍ സംഭവസ്ഥത്തെത്തിയിട്ടും അന്തരീക്ഷം ശാന്തമാക്കാനുള്ള നടപടികള്‍ പൊലീസ് സ്വീകരിച്ചില്ലെന്നും നാട്ടുകാര്‍ പറയുന്നു.

ഇതുപോലുള്ള കാര്യങ്ങള്‍ക്ക് എന്തിനാണ് പൊലീസിനെ വിളിക്കുന്നതെന്നാണ് ഒരു പൊലീസുകാരന്‍ ചോദിച്ചതെന്നും നാട്ടുകാര്‍ പറയുന്നു.

ഔദ്യോഗിക വാഹനത്തിലായിരുന്നില്ല പൊലീസ് എത്തിയത്. അവസാനം ഓട്ടോറിക്ഷയില്‍ കയറ്റിയാണ് പ്രതിയെ സ്റ്റേഷനിലെത്തിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Alcoholic creates public nuisance in Kottayam