ഇനി വിളിച്ചാലും കമലിന്റെ സിനിമയില്‍ അഭിനയിക്കില്ലെന്ന് തീരുമാനിച്ചു, അതിന്റെ കാരണം ഇതാണ്: അലന്‍സിയര്‍
Entertainment news
ഇനി വിളിച്ചാലും കമലിന്റെ സിനിമയില്‍ അഭിനയിക്കില്ലെന്ന് തീരുമാനിച്ചു, അതിന്റെ കാരണം ഇതാണ്: അലന്‍സിയര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th January 2023, 12:09 pm

സിനിമയില്‍ വലിയൊരു താരമാകുന്നതിന് മുമ്പ് സംവിധായകന്‍ കമലുമായുണ്ടായ ഒരു പ്രശ്‌നത്തെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ അലന്‍സിയര്‍. കമലിന്റെ സിനിമയില്‍ അവസരം തരാമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ അസോസിയേറ്റ് വിളിച്ചെന്നും എന്നാല്‍ ഒരുപാട് നേരം കാത്തിരുന്നിട്ടും കമലിനെ കാണാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും പറയുകയാണ് അലന്‍സിയര്‍.

തുടര്‍ന്ന് താന്‍ കമലുമായി വഴക്കിട്ടെന്നും അദ്ദേഹത്തോട് കയര്‍ത്ത് സംസാരിച്ചെന്നും താരം പറഞ്ഞു. ഇനി കമലിന്റെ സിനിമയില്‍ വിളിച്ചാലും അഭിനയിക്കില്ലെന്നാണ് അന്ന് തീരുമാനിച്ചതെന്നും എന്നാല്‍ അതൊരു വാശിക്ക് പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ഇനി അഭിനയിക്കാന്‍ വിളിച്ചാല്‍ ഉറപ്പായും പോകുമെന്നും അലന്‍സിയര്‍ പറഞ്ഞു.

‘സംവിധായകന്‍ കമലിന്റെയടുത്ത് ഞാന്‍ ചാന്‍സ് ചോദിച്ച് ചെന്നതല്ലായിരുന്നു . ആ സിനിമയിലെ അസോസിയേറ്റാണ് എന്നെ അങ്ങോട്ടേക്ക് വിളിക്കുന്നത്. സന്തോഷ് ഏച്ചിക്കാനമാണ് കമല്‍ സാര്‍ ഒരു സിനിമ ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് എന്നെ വിളിച്ചത്. നിങ്ങളെ സിനിമയുടെ അസോസിയേറ്റ് വിളിക്കും നമ്പര്‍ കൊടുക്കട്ടെ എന്നും ചോദിച്ചു. അങ്ങനെയാണ് അയാള്‍ എന്നെ വിളിക്കുന്നതും, ഞാന്‍ അവിടെ എത്തുന്നതും. അവിടെ ചെന്നിട്ടാണെങ്കില്‍ കമലിനെ കാണാന്‍ പറ്റുന്നില്ലായിരുന്നു. എന്നാല്‍ ഞാന്‍ അവിടെ വന്ന കാര്യം പുള്ളിക്ക് അറിയില്ലായിരുന്നു എന്ന് പിന്നെയാണ് ഞാന്‍ അറിയുന്നത്.

പക്ഷെ സമയം കഴിഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ മുറിയിലേക്ക് തള്ളിക്കയറി ചെന്നു. ഞാന്‍ കയറി ചെന്നപ്പോള്‍ തന്നെ കസേര വലിച്ചിട്ട് അദ്ദേഹത്തിന്റെ മുമ്പിലിരുന്നു. കാര്യം എന്താണെന്ന് പുള്ളി എന്നോട് ചോദിച്ചു. എന്റെ പേര് അലന്‍സിയര്‍ എന്നാണ്, നിങ്ങളുടെ ഒരു അസോസിയേറ്റ് എന്നെ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചിട്ടാണ് വന്നതെന്നും ഞാന്‍ പറഞ്ഞു. രാവിലെ മുതല്‍ നിങ്ങളെ കാറില്‍ കാത്തിരിക്കുകയാണെന്നും പറഞ്ഞു.

മൂന്ന് മണിയായി നാല് മണിയായി അഞ്ച് മണിയായി ഇനി എനിക്ക് കാത്ത് നില്‍ക്കാന്‍ സമയമില്ല. എന്തായാലും ഞാന്‍ പോവുകയാണ്. രണ്ട് വാക്ക് നിങ്ങളോട് പറഞ്ഞിട്ട് പോകാന്‍ വേണ്ടി വന്നതാണ്. എന്നെങ്കിലും ഞാനൊരു സിനിമാ നടനായാല്‍ നിങ്ങള്‍ അഭിനയിക്കാന്‍ വിളിച്ചാല്‍ പോലും വരില്ലെന്നും അദ്ദേഹത്തോട് പറഞ്ഞു. പിന്നെ കമല്‍ എന്നെ വിളിച്ചിട്ടില്ല. ഇനി വിളിച്ചാല്‍ എന്തായാലും അഭിനയിക്കും. അന്നൊരു വാശിക്ക് പറഞ്ഞതായിരുന്നു,’ അലന്‍സിയര്‍ പറഞ്ഞു.

content highlight: alancier talks about director kamal