അപമാനിച്ചു; യൂട്യൂബറോട് 500 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അക്ഷയ്കുമാര്‍
D Movies
അപമാനിച്ചു; യൂട്യൂബറോട് 500 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അക്ഷയ്കുമാര്‍
ന്യൂസ് ഡെസ്‌ക്
Friday, 20th November 2020, 10:19 am

മുംബൈ: യൂട്യൂബര്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ നേരെ നടത്തിയതിനാണ് അക്ഷയ്കുമാര്‍ 500 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യൂട്യൂബര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

ബിഹാറില്‍ നിന്നുള്ള റാഷിദ് സിദ്ദിഖി എന്ന യൂട്യൂബര്‍ക്കെതിരായാണ് നടന്‍ നോട്ടീസ് നല്‍കിയിരുക്കുന്നത്. ഇയാളുടെ എഫ്.എഫ് ന്യൂസ് എന്ന യൂട്യൂബ് ചാനലില്‍ അക്ഷയ്കുമാറിനെതിരെ വീഡിയോകള്‍ വന്നിരുന്നു. നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് അക്ഷയ് കുമാറിനെതിരെ നിരവധി ആരോപണങ്ങള്‍ ഈ വീഡിയോയില്‍ ഉണ്ടായിരുന്നു.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് കമ്മീഷണറുമായും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെയുമായും അക്ഷയ് കുമാര്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് ഈ യൂട്യൂബ് ചാനലില്‍ പറഞ്ഞിരുന്നു.

ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും അപകീര്‍ത്തിപരവും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നുണ്ട്. ഇത്തരം ആരോപണങ്ങള്‍ അക്ഷയ്കുമാറിനെ മാനസികമായി ബാധിച്ചെന്നും നോട്ടീസില്‍ പറയുന്നു.

വീഡിയോകള്‍ നീക്കം ചെയ്യണമെന്നും മാപ്പ് പറയണമെന്നും അക്ഷയ്കുമാര്‍ ആവശ്യപ്പെടുന്നു. ഈ യൂട്യൂബര്‍ക്കെതിരെ മുംബൈ പൊലീസ് മറ്റൊരു കേസു കൂടി ഫയല്‍ ചെയ്തിട്ടുണ്ട്. പൊലീസിനെയും മഹാരാഷ്ട്ര സര്‍ക്കാരിനെയും മനപൂര്‍വം അപമാനിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിനാണ് കേസ്. ഈ കേസില്‍ ഇയാള്‍ക്ക് നവംബര്‍ മൂന്നിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:  Akshay Kumar serves 500 crore defamation notice to Youtuber