അക്ഷയ് കുമാറിന് വീണ്ടും കട്ട തോല്‍വി; കട്പുട്ട്‌ലിക്ക് പുതിയൊരു ദുരന്ത റെക്കോഡ് കൂടി
Entertainment
അക്ഷയ് കുമാറിന് വീണ്ടും കട്ട തോല്‍വി; കട്പുട്ട്‌ലിക്ക് പുതിയൊരു ദുരന്ത റെക്കോഡ് കൂടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 14th September 2022, 4:14 pm

തുടര്‍ച്ചയായ പരാജയങ്ങളേറ്റു വാങ്ങിക്കൊണ്ടിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അക്ഷയ് കുമാര്‍. തിയേറ്ററില്‍ റിലീസ് ചെയ്ത കഴിഞ്ഞ ചിത്രങ്ങളെല്ലാം നിര്‍മാതാക്കള്‍ക്ക് കോടികളാണ് നഷ്ടമുണ്ടാക്കിയത്. ബച്ചന്‍ പാണ്ഡേ, സാമ്രാട്ട് പൃഥ്വിരാജ്, രക്ഷാബന്ധന്‍ എന്നിവയായിരുന്നു ആ ചിത്രങ്ങള്‍.

ഇതിനുശേഷമാണ് ഒരു ഒ.ടി.ടി ഭാഗ്യപരീക്ഷണത്തിന് അക്ഷയ് കുമാര്‍ തയ്യാറെടുത്തത്. അതായിരുന്നു സെപ്റ്റംബര്‍ രണ്ടിന് ഡിസ്‌നി ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്ത കട്പുട്ട്‌ലി.

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തരംഗമായ രാക്ഷസന്റെ റിമേക്കാണ് കട്പുട്‌ലി. ത്രില്ലര്‍ സിനിമകള്‍ക്ക് പുതിയൊരു നാഴികക്കല്ല് പാകിയ രാക്ഷസന് ശേഷം അതേ പാതയില്‍ നിരവധി ത്രില്ലര്‍ സിനിമകളാണ് തെന്നിന്ത്യയില്‍ ഇറങ്ങിയത്.

എന്നാല്‍ പടം ഹിന്ദിയിലേക്ക് എത്തിയപ്പോള്‍ അടിമുടി മാറി. തിരക്കഥയിലെ ദുര്‍ബലതയും കഥാപാത്രങ്ങളുടെ രൂപീകരണത്തിലെ പാളിച്ചകളും വിമര്‍ശകര്‍ എടുത്തുപറയുന്നുണ്ട്. ചിത്രത്തിലെ പാട്ടിനെതിരെയും സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങളും ട്രോളുകളും ഉയര്‍ന്നിരുന്നു.

ഇപ്പോള്‍ കട്പുട്ട്‌ലിയെ കുറിച്ചുള്ള ലെറ്റ്‌സ് ഒ.ടി.ടി പുറത്തുവിട്ട കണക്കുകള്‍ കൂടി വന്നതോടെ സിനിമയുടെ പരാജയം ഉറപ്പായിരിക്കുകയാണ്. ഡിസ്‌നി ഹോട്‌സ്റ്റാറില്‍ നേരിട്ട് റിലീസ് ചെയ്ത ഹിന്ദി ചിത്രങ്ങളില്‍ ഏറ്റവും കുറവാളുകള്‍ കണ്ട ചിത്രമാണ് ഇതെന്നാണ് ലെറ്റ്‌സ് ഒ.ടി.ടി പറയുന്നത്.

മികച്ച ഒരു സിനിമയെ ഏറ്റവും മോശമായ രീതിയിലാണ് റീമേക്ക് ചെയ്തതെന്നും ഒറിജിനല്‍ ചിത്രത്തോട് അല്‍പം പോലും നീതി പുലര്‍ത്തിയില്ലെന്നും ലെറ്റ്‌സ് ഒ.ടി.ടിയുടെ ട്വീറ്റുകള്‍ക്ക് താഴെ കമന്റുകള്‍ വരുന്നുണ്ട്.

രഞ്ജിത്ത് എം. തിവാരി സംവിധാനം ചെയ്ത കട്ട്പുട്‌ലിയില്‍ അക്ഷയ് കുമാര്‍ പ്രധാന വേഷത്തിലെത്തിയപ്പോള്‍
രാകുല്‍ പ്രീത് സിങ്ങാണ് അമല പോള്‍ അഭിനയിച്ച നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്.

Content Highlight: Akshay Kumar’s Cuttputtli becomes least watched movie