എഡിറ്റര്‍
എഡിറ്റര്‍
‘ ഈ അവാര്‍ഡ് ഞാന്‍ ചതിയിലൂടെ നേടിയതല്ല; അതിനു വേണ്ടി ആരേയും ഫോണ്‍ വിളിക്കുകയോ പണം നല്‍കുകയോ ചെയ്തിട്ടില്ല’ ; പുരസ്‌കാര നേട്ടത്തെ കുറിച്ച് അക്ഷയ് കുമാര്‍
എഡിറ്റര്‍
Friday 7th April 2017 8:54pm

മുംബൈ: അക്ഷയ് കുമാറിനിതു നല്ല സമയമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍, നാളുകള്‍ക്ക് ശേഷം, ചലനം സൃഷ്ടിക്കുന്നു. ഇപ്പോഴിതാ താരത്തെ തേടി ദേശീയ ചലച്ചിത്ര അവാര്‍ഡും എത്തിയിരിക്കുന്നു. നാനാവതി കേസില്‍ നിന്നും പ്രചോദനമുള്‍കൊണ്ട് ഒരുക്കിയ രുസ്തമിലെ അഭിനയത്തിനാണ് അക്ഷയ് കുമാറിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

‘ 2016 എനിക്ക് മികച്ച സമയമായിരുന്നു. ഇതില്‍ കൂടുതലൊന്നും എനിക്ക് ആവശ്യപ്പെടാന്‍ സാധിക്കില്ല. ദേശീയ അവാര്‍ഡിനേക്കാള്‍ മുകളില്‍ മറ്റൊന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.’ നേട്ടത്തെ കുറിച്ച് അക്ഷയ് പറയുന്നു.

പുതിയ ചിത്രത്തിന്റെ തിരക്കിലാണ് അക്ഷയ് ഇപ്പോള്‍. എന്നാലും തന്റെ സന്തോഷം പങ്കുവയ്ക്കാന്‍ അദ്ദേഹം തയ്യാറാവുകയായിരുന്നു.’ വലിയൊരു വാര്‍ത്തായണിത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പുരസ്‌കാരമാണിത്. എനിക്കിത് അഭിമാനത്തിന്റെ നിമിഷങ്ങളാണ്.’ താരം കൂട്ടിച്ചേര്‍ക്കുന്നു.

വാര്‍ത്ത കേട്ടപ്പോള്‍ ആദ്യം തോന്നിയത് ആരോ തന്നെ ലേറ്റ് ഏപ്രില്‍ ഫൂള്‍ ആക്കിയതാണെന്നാണ് കരുതിയതെന്നായിരുന്നു അക്ഷയ് പറഞ്ഞത്. നേട്ടത്തില്‍ ജൂറിയ്ക്കും സിനിമയുടെ പ്രവര്‍ത്തകര്‍ക്കും തന്റെ മാതാപിതാക്കള്‍ക്കും നന്ദി അറിയിക്കുന്നതായും താരം പറഞ്ഞു.

അതേസമയം തന്റെ കഴിവിലും കഠിനാധ്വാനത്തിലും താരം അഭിമാനിക്കുന്നുണ്ട്. താനിത് ആരേയും ചതിച്ചോ വഞ്ചനകാണിച്ചോ നേടിയ പുരസ്‌കാരമല്ലെന്നും സത്യസന്ധമായ നേട്ടമാണെന്നും താരം പറയുന്നു. അവാര്‍ഡിനു വേണ്ടി താന്‍ ആരേയും വിളിക്കുകയോ പണം നല്‍കുകയോ ചെയ്തിട്ടില്ലെന്നും തന്റെ സ്വധസിദ്ധമായ ശൈലിയില്‍ ആക്ഷന്‍ കില്ലാഡി പറയുന്നു.


Also Read: ദക്ഷിണേന്ത്യക്കാരെ കറുത്തവരെന്നു വിളിച്ച് വംശീയമായി അധിക്ഷേപിച്ച് ബി.ജെ.പി നേതാവ്; വെട്ടിലായതോടെ മാപ്പു പറഞ്ഞ് തലയൂരാന്‍ ശ്രമം


നേരത്തെ, അവാര്‍ഡു ഷോകളില്‍ പ്രോഗ്രാം അവതരിപ്പിച്ചാല്‍ അവാര്‍ഡു നല്‍കാമെന്നു പറഞ്ഞു കൊണ്ട് ചിലര്‍ തന്നെ സമീപിച്ചതായി അക്ഷയ് വെളിപ്പെടുത്തിയിരുന്നു. അതിനെ ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.

അതേസമയം, അക്ഷയ്‌യുടെ ഉറ്റ സുഹൃത്തായ പ്രിയദര്‍ശന്‍ ചെയര്‍മാനായതിനാലാണ് ജൂറി അവാര്‍ഡ് നല്‍കിയതെന്നും അല്ലാതെ രുസ്തമിലെ അഭിനയം അവാര്‍ഡിന് തക്കതായിരുന്നതല്ലെന്നും സോഷ്യല്‍ മീഡിയയിലും മറ്റും ആക്ഷേപം ഉയരുന്നുണ്ട്. ഇതിനെ കൂടി ഉദ്ദേശിച്ചു കൊണ്ടായിരുന്നു താരത്തിന്റെ മറുപടി.

Advertisement