എനിക്ക് വിദ്യാഭ്യാസം കുറവാണ്, അതു കൊണ്ടാണ് സിനിമയിലഭിനയിക്കാന്‍ തീരുമാനിച്ചത്: അക്ഷയ് കുമാര്‍
Entertainment news
എനിക്ക് വിദ്യാഭ്യാസം കുറവാണ്, അതു കൊണ്ടാണ് സിനിമയിലഭിനയിക്കാന്‍ തീരുമാനിച്ചത്: അക്ഷയ് കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 19th February 2023, 10:37 am

ബോളിവുഡിലെ മുന്‍ നിര നടനാണ് അക്ഷയ് കുമാര്‍. തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും സിനിമയിലേക്ക് എത്തിപ്പെട്ട സാഹചര്യത്തെക്കുറിച്ചും താരം പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്.

തനിക്ക് വലിയ വിദ്യാഭ്യാസമൊന്നുമില്ലെന്നും, മറ്റൊരു ജോലിയും കിട്ടാത്തത് കൊണ്ടാണ് സിനിമയിലഭിനയിക്കാന്‍ തീരുമാനിച്ചതെന്നുമാണ് അക്ഷയ് പറഞ്ഞത്.

ഒരു ഹിന്ദി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ പരാമര്‍ശം.

അഞ്ച് വര്‍ഷത്തിന് ശേഷം താങ്കളുടെ കരിയര്‍ എവിടെ എത്തി നില്‍ക്കുമെന്നാണ് കരുതുന്നത്, പൊളിറ്റിക്‌സിലേക്ക് ഇറങ്ങാന്‍ താല്‍പര്യമുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിനാണ് താരത്തിന്റെ രസകരമായ മറുപടി.

‘അഞ്ച് വര്‍ഷം കൊണ്ട് ഞാന്‍ എവിടെ എത്തുമെന്ന് എനിക്ക് ഇപ്പോള്‍ പറയാന്‍ പറ്റില്ല. എനിക്ക് സിനിമയില്‍ തന്നെ നില്‍ക്കാനാണ് ആഗ്രഹം. കാരണം എനിക്ക് വലിയ വിദ്യാഭ്യാസം ഒന്നുമില്ല. സ്‌കൂളിലും കൂടുതല്‍ പോവാന്‍ പറ്റിയിട്ടില്ല. അതു കൊണ്ടാണ് ഞാന്‍ സിനിമയിലെത്തിയത്. എനിക്ക് അറിയാവുന്ന ഒരേ ഒരു കാര്യം അഭിനയമാണ്. അതുകൊണ്ട് അത് തന്നെ ചെയ്യുന്നു.

ഒരുപാട് ആളുകള്‍ക്ക് അവരുടെ ജീവിതത്തില്‍ എന്ത് ചെയ്യണമെന്നതിനെ കുറിച്ച് മനസിലാക്കാന്‍ ഒരുപാട് സമയം വേണ്ടി വരും. സിനിമയില്‍ എത്തുന്നതിന് മുമ്പ് വരെ ഞാന്‍ വിചാരിച്ചിരുന്നത് ഒരു മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി തുടങ്ങാമെന്നാണ്.

1988 ലാണ് ഞാന്‍ ആദ്യമായി മോഡലിങ് ചെയ്യുന്നത്. തുടര്‍ന്ന് പതിയെ കരിയറില്‍ ഗ്രോത്ത് ഉണ്ടാവാന്‍ തുടങ്ങി. ആദ്യത്തെ സിനിമ കിട്ടി. പിന്നീട് അങ്ങോട്ട് കൂടുതല്‍ ചിത്രങ്ങള്‍ കിട്ടി തുടങ്ങി. ഇന്ന് ഇവിടെ എത്തി നില്‍ക്കുന്നു,’ അക്ഷയ് പറഞ്ഞു.


പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന്റെ ഹിന്ദി റീമേക്ക് ആയ സെല്‍ഫിയാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജ് മേത്തയാണ്.

Content Highlight: Akshay kumar comment on his film career