ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
‘ദയവ് ചെയ്ത് ഇതിന്റെ അര്‍ത്ഥം കൂടി ഒന്ന് പറഞ്ഞുതരാമോ’; യോഗി ആദിത്യനാഥിന്റെ പരിഹാസ ട്വീറ്റിനെ ട്രോളി അഖിലേഷ് യാദവ്
ന്യൂസ് ഡെസ്‌ക്
Thursday 14th March 2019 12:37pm

ലഖ്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ പരിഹാസവുമായി യു.പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് ആവര്‍ത്തിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തെ തടുത്തുനിര്‍ത്താന്‍ ഒരു പ്രതിപക്ഷ സഖ്യത്തിനും സാധിക്കില്ലെന്ന യോഗിയുടെ പ്രസ്താവനക്കെതിരെയായിരുന്നു അഖിലേഷ് രംഗത്തെത്തിയത്.

ട്വിറ്ററില്‍ യോഗി ആദിത്യനാഥ് ഉപയോഗിച്ച ‘cock a snook’ പരാമര്‍ശമായിരുന്നു അഖിലേഷ് ആയുധമാക്കിയത്. യു.പിയിലെ ജനങ്ങള്‍ ‘അമ്മായി മരുമകന്‍’ സഖ്യത്തെ തള്ളിക്കളയുമെന്ന് പറയാനായിരുന്നു ‘cock a snook’ എന്ന വാക്ക് യോഗി ഉപയോഗിച്ചത്.


ഞാന്‍ മോദിയെപ്പോലെ കപട വാഗ്ദാനങ്ങള്‍ നല്‍കില്ല; അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്നും രാഹുല്‍


ജാതീയതയുടേയും സ്വജനപക്ഷപാതത്തിന്റേയും അഴിമതിയുടെയും സമയം അവസാനിച്ചെന്നും യു.പിയില്‍ രാഷ്ട്രീയപരമായി ജാഗ്രത കാണിക്കുന്ന ജനങ്ങള്‍ക്ക് അഞ്ചും പൂജ്യവും തമ്മില്‍ ഗുണിച്ചാല്‍ പൂജ്യമാണെന്ന് ഇപ്പോള്‍ അറിയാമെന്നുമായിരുന്നു യോഗി ട്വീറ്റ് ചെയ്തത്. 80 ല്‍ 74 സീറ്റും നേടി ബി.ജെ.പി ഭരണം നിലനിര്‍ത്തുമെന്ന് കൂടി യോഗി പറഞ്ഞു വെച്ചിരുന്നു. ഇതിനെതിരെയാണ് അഖിലേഷ് രംഗത്തെത്തിയത്.

യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ അദ്ദേഹത്തിന്റെ ട്വീറ്റിന് താഴെയാണ് അഖിലേഷ് മറുപടി നല്‍കിയത്. ” മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍, ഞങ്ങള്‍ക്ക് മനസിലായില്ല. ദയവുചെയ്ത് ‘cock a snook’ എന്ന വാക്കിന്റെ ഹിന്ദി കൂടി പറഞ്ഞുതരണം. മാത്രമല്ല ഇതിനൊപ്പം ചില പ്രായോഗിക ഉദാഹരണങ്ങള്‍ കൂടി പറഞ്ഞുതരാന്‍ സാധിക്കുമെങ്കില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് താങ്കള്‍ ഉദ്ദേശിച്ചത് എന്താണെന്ന് മനസിലാകുമായിരുന്നു”- അഖിലേഷ് യാദവ് കുറിച്ചു.

എന്നാല്‍ ഇതിന് മറുപടി നല്‍കാന്‍ യോഗി ആദിത്യനാഥ് തയ്യാറായിട്ടില്ല.

Advertisement