ബി.ജെ.പി പ്രതിനിധികളെ ഫോളോ ചെയ്യാനാരംഭിച്ച് അഖിലേഷ് യാദവിന്റെ അമ്മാവന്‍ ശിവ്പാല്‍ സിംഗ് യാദവ്
national news
ബി.ജെ.പി പ്രതിനിധികളെ ഫോളോ ചെയ്യാനാരംഭിച്ച് അഖിലേഷ് യാദവിന്റെ അമ്മാവന്‍ ശിവ്പാല്‍ സിംഗ് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd April 2022, 6:39 pm

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ അമ്മാവന്‍ ശിവ്പാല്‍ സിംഗ് യാദവ് പ്രധാനമന്ത്രി നരേന്ദ്ര മോദി, യോഗി ആദിത്യനാഥ്, മുന്‍ ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ എന്നിവരെ ട്വിറ്ററില്‍ പിന്തുടരാന്‍ തുടങ്ങി.

ദലൈലാമ, രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രിയുടെ ഓഫീസ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവ ഉള്‍പ്പെടുന്ന 12 ട്വിറ്റര്‍ ഹാന്‍ഡിലുകളും ശിവ്പാല്‍ സിംഗ് യാദവ് പിന്തുടരുന്നുണ്ട്.

പ്രതിപക്ഷ സഖ്യം ഉപേക്ഷിച്ച് ബി.ജെ.പിയിലേക്ക് കടക്കാനുള്ള യാദവിന്റെ നീക്കമായാണ് പാര്‍ട്ടി ഇതിനെ നോക്കി കാണുന്നത്.

‘പുതുവര്‍ഷത്തില്‍ പുതിയതായി എന്തെങ്കിലും ഉണ്ടായിരിക്കണം. ശിവപാല്‍ ജി മോദിയെയും ആദിത്യനാഥിനെയും ദിനേശ് ശര്‍മയെയും പിന്തുടരാന്‍ തുടങ്ങി. യാദവ് കാവി ക്യാമ്പിലേക്ക് കടക്കാനുള്ള സാധ്യതയായി പലരും ഇതിനെ കാണുന്നുണ്ട്. ഞാന്‍ ആ സാധ്യതകള്‍ നിഷേധിക്കുന്നില്ല, രാഷ്ട്രീയത്തില്‍ ഓപ്ഷനുകള്‍ എപ്പോഴും തുറന്നിരിക്കും. അഖിലേഷ് യാദവിനെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും ശിവപാല്‍ ജി നേരത്തെ തന്നെ പിന്തുടരുന്നുണ്ട്,’ പ്രഗതിഷീല്‍ സമാജ്വാദി പാര്‍ട്ടി (ലോഹിയ) വക്താവ് ദീപക് മിശ്ര പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി ചിഹ്നത്തിലാണ് യാദവ് മത്സരിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന പ്രതിപക്ഷത്തിന്റെ യോഗത്തില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു.

ഫെബ്രുവരി-മാര്‍ച്ച് തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവ് ശിവ്പാലിന്റെ മകന്‍ ആദിത്യ യാദവിന് ടിക്കറ്റ് നിഷേധിച്ചിരുന്നു.

2017 മുതല്‍ സമാജ്‌വാദിയുമായി തര്‍ക്കത്തിലായ ശിവ്പാല്‍ യാദവ് തന്റെ രാഷ്ട്രീയ സംഘടനയായ പ്രഗതിഷീല്‍ സമാജ്‌വാദി പാര്‍ട്ടി (ലോഹിയ) ആരംഭിക്കുകയായിരുന്നു. പിന്നീട് അഖിലേഷ് യാദവും ശിവ്പാലും ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ധാരണയിലെത്തിയിരുന്നു.

Content Highlights: Akhilesh Yadav’s Uncle Shivpal Starts Following PM Modi, Yogi Adityanath On Twitter