കേരളത്തിലേയ്ക്ക് കടക്കാന്‍ ബി.ജെ.പിയെ അനുവദിക്കരുത്; പ്രളയകാലത്ത് ബി.ജെ.പി കേരളത്തെ വഞ്ചിച്ചു: അഖിലേഷ് യാദവ്
D' Election 2019
കേരളത്തിലേയ്ക്ക് കടക്കാന്‍ ബി.ജെ.പിയെ അനുവദിക്കരുത്; പ്രളയകാലത്ത് ബി.ജെ.പി കേരളത്തെ വഞ്ചിച്ചു: അഖിലേഷ് യാദവ്
ന്യൂസ് ഡെസ്‌ക്
Thursday, 14th March 2019, 12:42 pm

ന്യൂദല്‍ഹി: എസ്.പി- ബി.എസ്.പി സഖ്യത്തിനെതിരെ കോണ്‍ഗ്രസ് മത്സരിക്കുന്നത് നല്ല കാര്യമാണെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും ഇതിന് പ്രാദേശിക പാര്‍ട്ടികളെ പിന്തുണക്കാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ടെന്നും അഖിലേഷ് യാദവ് പറഞ്ഞു.

പ്രളയകാലത്ത് കേരളത്തെ ബി.ജെ.പി വഞ്ചിച്ചുവെന്നും കേരളത്തിലെ ജനങ്ങള്‍ ബി.ജെ.പിയെ തിരിച്ചറിയണമെന്നും അഖിലേഷ് യാദവ് പറഞ്ഞു. കേരളത്തെ വഞ്ചിക്കുകയെന്നാല്‍ ഇന്ത്യയെ വഞ്ചിച്ചു എന്നാണ് അര്‍ത്ഥമെന്നും അഖിലേഷ് ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.


“എവിടെയൊക്കെ പ്രാദേശിക പാര്‍ട്ടികള്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുന്നുണ്ടോ അവിടെയെല്ലാം കോണ്‍ഗ്രസ് സഹായിക്കുകയാണ് വേണ്ടത്. ബി.ജെ.പിയും വിവിധ സംസ്ഥാനങ്ങളില്‍ മുന്നണി രൂപീകരിച്ചാണ് മത്സരിക്കുന്നത്. 40ലേറെ സംഘടനകളുമായി അവര്‍ കഴിഞ്ഞ തവണ കൂട്ടുകെട്ടുണ്ടാക്കി.

തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയും മത്സരിക്കാതെ വിട്ടു നില്‍ക്കാന്‍ പോകുന്നില്ല. അവര്‍ തീര്‍ച്ചയായും മത്സരിക്കും. സമാജ്വാദ് പാര്‍ട്ടി, ബി.എസ്.പി, രാഷ്ട്രീയ ലോക്ദള്‍, ഇവിടത്തെ പ്രാദേശിക സംഘടനകള്‍ എല്ലാവരും മല്‍സരരംഗത്തുണ്ട്. കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ ഞങ്ങള്‍ വിട്ടു കൊടുത്തതു പോലെ രണ്ട് സീറ്റുകളില്‍ അവരും വിട്ടുവീഴ്ച ചെയ്യുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്”- അഖിലേഷ് യാദവ് പറഞ്ഞു.

“കേരളത്തിലേയ്ക്ക് കടന്നു കയറാന്‍ ബി.ജെ.പിയെ അനുവദിക്കരുത്. വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍, ജനങ്ങളുടെ ജീവനും സ്വത്തും വാഹനങ്ങളുമൊക്കെ നഷ്ടമായപ്പോള്‍, കാര്‍ഷിക വിളകളും വളര്‍ത്തുമൃഗങ്ങളും നശിച്ചപ്പോള്‍, വീടുകള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ബി.ജെ.പി നിങ്ങള്‍ക്ക് എന്ത് സഹായമാണ് നല്‍കിയത്? ഒരു സഹായവും അവര്‍ ചെയ്തിരുന്നില്ല. കേരളത്തെ വഞ്ചിക്കുകയാണവര്‍ ചെയ്തത്. കേരളത്തെ വഞ്ചിച്ചു എന്നു പറഞ്ഞാല്‍ ഇന്ത്യയെ വഞ്ചിച്ചു എന്നാണര്‍ഥം” അഖിലേഷ് കൂട്ടിച്ചെര്‍ത്തു.

ബഹുജന്‍ സമാജ് പാര്‍ട്ടി സംസ്ഥാനത്തെ ഏറ്റവും വലിയ പാര്‍ട്ടികളില്‍ ഒന്നാണെന്നും അവര്‍ക്ക് കഴിഞ്ഞ തവണ നല്ല വോട്ടുകള്‍ നേടിയെടുക്കാനായെന്നും അതുകൊണ്ടാണ് എസ്.പിയും ബി.എസ്.പിയും ഒന്നിച്ചു നില്‍ക്കുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു.


“ഇന്ത്യ-പാകിസ്ഥാന്‍ വിഷയം ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്നും അഖിലേഷ് പറഞ്ഞു. “സ്വന്തം പരാജയത്തെയാണ് ബി.ജെ.പി ആഘോഷിക്കേണ്ടത്. ജനശ്രദ്ധ മാറ്റാനായി വിഷയം മാറ്റാനാവില്ല.

15 ലക്ഷം രൂപ നല്‍കുമെന്ന ആ വാഗ്ദാനം എവിടെ പോയി? രണ്ട് കോടി തൊഴിലവസരം സൃഷ്ടിക്കുമെന്ന വാഗ്ദാനം ഓര്‍ക്കണോ അതോ മറക്കണോ? കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പ്പാദന ചെലവിന്റെ രണ്ടിരട്ടി വില നല്‍കുമെന്ന് പറഞ്ഞത് ആര്‍ക്കെങ്കിലും കിട്ടിയോ? അക്കാര്യത്തില്‍ ബി.ജെ.പി വല്ല നീക്കവും നടത്തിയോ? ഗംഗാനദിയെ ശുദ്ധീകരിക്കുമെന്ന് പറഞ്ഞിട്ടെന്തായി? ഈ ചോദ്യങ്ങളില്‍ നിന്നെല്ലാം ഓടിയൊളിക്കാനാണ് ബി.ജെ.പി പുതിയൊരു വിഷയം എടുത്തിടുന്നത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ ഇന്നും ഇന്നലേയും ഉള്ളതല്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധങ്ങളില്‍ നഷ്ടപ്പെട്ടതിനേക്കാള്‍ കൂടുതല്‍ ജീവനുകള്‍ ഇല്ലാതായത് ഇന്ത്യയും പാകിസ്ഥാനും വിഭജിക്കപ്പെട്ട നാളുകളിലാണ്. കശ്മീരിന്റെ വിഷയവും വളരെ പഴക്കമുള്ളതാണ്.


ഒരു ഭീകരനും ഇങ്ങോട്ടു കടക്കാനോ ഭീകരത പ്രവര്‍ത്തനങ്ങളില്‍ ചേരാനായി ആരെങ്കിലും അങ്ങോട്ടേക്കു പോകാനോ കഴിയാത്ത വിധത്തില്‍ നമുക്ക് ഒരു മതില്‍ വേണം. ബി.ജെ.പിക്കതിന് കഴിഞ്ഞില്ല. പുതിയ സര്‍ക്കാര്‍ അങ്ങനെയൊരു മതില്‍ പണിയും. ബി.ജെ.പി ഇക്കുറി പരാജയപ്പെടുമെന്നത് തീര്‍ച്ച. ഒരുപാട് സീറ്റുകളില്‍ അവര്‍ തോല്‍ക്കും. എത്രയെന്ന് ഇപ്പോള്‍ പറയാനാവില്ലെങ്കിലും അവര്‍ തോല്‍ക്കുമെന്നുറപ്പാണ്” അഖിലേഷ് കൂട്ടിച്ചേര്‍ത്തു.