ഇത് ജീവിതത്തിന്റെ പാഠമാണ്, എന്തെങ്കിലും ഒരു സാധ്യത ഉണ്ടെങ്കില്‍ അത് എടുക്കണം എന്ന വാശി; ഇങ്ങനെയാണ് കിട്ടുന്ന അവസരം മുതലാക്കേണ്ടത്; സഞ്ജുവിനെ പുകഴ്ത്തി മുന്‍ താരം
Cricket
ഇത് ജീവിതത്തിന്റെ പാഠമാണ്, എന്തെങ്കിലും ഒരു സാധ്യത ഉണ്ടെങ്കില്‍ അത് എടുക്കണം എന്ന വാശി; ഇങ്ങനെയാണ് കിട്ടുന്ന അവസരം മുതലാക്കേണ്ടത്; സഞ്ജുവിനെ പുകഴ്ത്തി മുന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 21st August 2022, 3:45 pm

ഇന്ത്യ-സിംബാബ്‌വെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ മികച്ച വിജയം കരസ്ഥമാക്കിയിരുന്നു.
മലയാളി താരം സഞ്ജു സാംസണിന്റെ ചിറകിലേറിയായിരുന്നു ഇന്ത്യ വിജയത്തിലേക്ക് നടന്നുകയറിയത്.

162 റണ്‍സായിരുന്നു ഇന്ത്യക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. വിജയിക്കാന്‍ കച്ചക്കെട്ടി ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി ലഭിച്ചിരുന്നു. നായകന്‍ കെ.എല്‍. രാഹുല്‍ വെറും ഒരു റണ്ണിന് പുറത്താകുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ മത്സരത്തിലെ ഹീറോകളായ ധവാനും ഗില്ലും കൂടെ ഇന്ത്യന്‍ ഇന്നിങ്‌സ് കെട്ടിപ്പൊക്കി. 33 റണ്‍സ് വീതമെടുത്താണ് ഇരുവരും പുറത്തായത്.

പിന്നാലെയെത്തിയ ഇഷാന്‍ കിഷന് ഒന്നും ചെയ്യാന്‍ സാധിക്കാതെ ഒറ്റയക്കത്തിന് പുറത്തായി.

എന്നാല്‍ ആറാമനായി കളത്തിലിറങ്ങിയ സഞ്ജു സാംസണ്‍ കത്തിക്കയറിയപ്പോള്‍ ഇന്ത്യന്‍ സ്‌കോറിന് വേഗം കൂടി. 39 പന്തില്‍ നിന്നും 43 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. നാല് സിക്സറും മൂന്ന് ഫോറും പറത്തി സഞ്ജു ഇന്ത്യയുടെ ടോപ് സ്‌കോററുമായി. മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചും സഞ്ജു തന്നെയായിരുന്നു. അന്താരാഷ്ട്ര കരിയറിലെ അദ്ദേഹത്തിന്റെ ആദ്യ മാന്‍ ഓഫ് ദി മാച്ചായിരുന്നു മത്സരത്തിലേത്.

ദീപക് ഹൂഡയോടൊപ്പം പാര്‍ട്‌നര്‍ഷിപ്പ് ബില്‍ഡ് ചെയ്ത് ടച്ചായ സഞ്ജു പിന്നീട് തന്റെ യാഥാര്‍ത്ഥ ശൈലിയില്‍ തകര്‍ത്തടിക്കുകയായിരുന്നു. ഒടുവില്‍ ജയിക്കാന്‍ ഒരു റണ്‍ വേണ്ടിയിരുന്നപ്പോള്‍ സിക്‌സറിച്ചാണ് അദ്ദേഹം മത്സരം ഫിനിഷ് ചെയ്തത്.

മത്സരത്തിലെ അദ്ദേഹത്തിന്റെ പ്രകടനത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്ററും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. സഞ്ജുവിന് ഒരുപാട് കയ്യടികള്‍ കൊടുക്കുന്നുവെന്നും ഇത് ജീവിതത്തിന്റെ ഒരു പാഠമായി കാണണമെന്നും ട്രാഫിക്ക് ബ്ലോക്കുണ്ടായാല്‍ അടുത്ത ലൈനില്‍ തന്നെ നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവസരം കിട്ടുമ്പോഴെല്ലാം സഞ്ജുവിന് ഉപയോഗിക്കാന്‍ അറിയാമെന്നും ചോപ്ര പറഞ്ഞു.

‘സഞ്ജു സാംസണെ കയ്യടികളോടെ സ്വാഗതം ചെയ്യുന്നു. മുകളില്‍ ട്രാഫിക്കുണ്ടായാല്‍ , നിങ്ങള്‍ അടുത്ത വരിയില്‍ നില്‍ക്കണം. അവസരത്തിനായി കാത്ത് അത് കിട്ടുമ്പോള്‍ പരമാവധി ഉപയോഗിക്കുക. അത് ജീവിതത്തിന്റെ തത്വമാക്കുക. സഞ്ജു അത് ചെയ്യുന്നത് തുടരുക,’ ആകാശ് ചോപ്ര പറഞ്ഞു.

സഞ്ജുവിന് കുറച്ചു ചാന്‍സസ് മാത്രമേയുള്ളു എന്നാല്‍ അദ്ദേഹത്തിന് അത് ഉപയോഗിക്കാന്‍ അറിയാം കൂടുതല്‍ അവസരം ലഭിച്ചാല്‍ അദ്ദേഹത്തിന് എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സഞ്ജുവിന് അവസരങ്ങള്‍ കുറവാണ്. അതിനെ രണ്ട് രീതിയില്‍ കാണാന്‍ സാധിക്കും. ഒന്ന്, അവന്‍ തന്റെ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നില്ലെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന് കുറച്ച് അവസരങ്ങള്‍ ലഭിക്കുന്നതെന്നും ഒരുപക്ഷം. നിങ്ങള്‍ അവന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്നു എന്നുറപ്പിക്കലാണ് രണ്ടാമത്തെ കാര്യം, അപ്പോള്‍ മാത്രമേ അവന്‍ ആ അവസരങ്ങള്‍ വിനിയോഗിച്ചോ ഇല്ലയോ എന്ന് നിങ്ങള്‍ക്ക് മനസ്സിലാകൂ,’ ആകാശ് ചോപ്ര പറഞ്ഞു.

Content Highlight: Akash Chopra Lauds Sanju Samson for his performance against Zimbabwe