എഡിറ്റര്‍
എഡിറ്റര്‍
സത്യം എല്ലാവര്‍ക്കും മനസിലായി; മാധ്യമങ്ങള്‍ തനിക്കൊപ്പം നിന്നെന്നും എ.കെ ശശീന്ദ്രന്‍
എഡിറ്റര്‍
Thursday 30th March 2017 9:39am

കോഴിക്കോട്: മംഗളം ചാനല്‍ പുറത്തുവിട്ട വിവാദഫോണ്‍ സംഭാഷണത്തെ തുടര്‍ന്ന് രാജിവെച്ച ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ കോഴിക്കോടെത്തി. ഫോണ്‍വിളി വിവാദത്തില്‍ എല്ലാവര്‍ക്കും വസ്തുതകള്‍ ബോധ്യപ്പെട്ടെന്ന് എ.കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

വസ്തുതകള്‍ എല്ലാവരെയും ബോധ്യപ്പെടുത്താന്‍ സഹായിച്ചത് മാധ്യമങ്ങള്‍ തന്നെയാണ്. അതുകൊണ്ട് പൊതുസമൂഹത്തിന്റെ പിന്തുണ തനിക്ക് ലഭിച്ചു.

മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുകയല്ല കാര്യം, മറിച്ച് ജനങ്ങളെ സത്യസന്ധത ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇനി മണ്ഡലത്തില്‍ സജീവമായിരിക്കും. എനിക്കും നിങ്ങള്‍ക്കിടയില്‍ ജീവിക്കേണ്ടതല്ലേ എന്നും അദ്ദേഹം ചോദിച്ചു.

തോമസ് ചാണ്ടി തന്നെ എന്‍.സി.പിയുടെ മന്ത്രിയാകും. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും തോമസ് ചാണ്ടി വൈകാതെ മന്ത്രിയായി സ്ഥാനം ഏറ്റെടുക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.


Dont Miss രാജി വെച്ച മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച് ‘മംഗളം ടെലിവിഷന്‍’ അധികൃതര്‍ 


കോഴിക്കോട്ട് തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസ്ഥാനം രാജിവച്ച ശേഷം അദ്ദേഹം ഇന്നലെ രാത്രിയാണ് നാട്ടിലേക്കു മടങ്ങിയത്.

കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നാട്ടിലെത്തിയ അദ്ദേഹം കോഴിക്കോട് വെച്ചാണ് മാധ്യമങ്ങളെ കണ്ടത്. ആരോപണം ഉയര്‍ന്ന ദിവസം തന്നെ കോഴിക്കോട് വച്ച് വാര്‍ത്താസമ്മേളനം വില്‍ച്ചാണ് ശശീന്ദ്രന്‍ രാജിപ്രഖ്യാപനം നടത്തിയത്.

ശശീന്ദ്രനെതിരായ അശ്ലീലചുവയുള്ള ഫോണ്‍വിളി വിവാദത്തില്‍ അന്വേഷണത്തിനു ഇന്നലെയാണ് ജുഡീഷ്യല്‍ കമ്മിഷനെ പ്രഖ്യാപിച്ചത്. റിട്ടയേര്‍ഡ് ജഡ്ജി പി.എസ് ആന്റണി അധ്യക്ഷനായ കമ്മിഷനാണ് കേസില്‍ അന്വേഷണം നടത്തുക. മൂന്നുമാസത്തിനകം അന്വേഷണം പൂര്‍ത്തീകരിക്കാനാണ് കമ്മിഷനു നല്‍കിയിരിക്കുന്ന നിര്‍ദേശം. ഗൂഢാലോചന ഉണ്ടോ എന്നതടക്കം സകലകാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയില്‍ വരും. മന്ത്രിസഭായോഗമാണ് ജുഡീഷ്യല്‍ കമ്മിഷനെ തീരുമാനിച്ചത്.

ചാനല്‍ സംപ്രേഷണം ചെയ്ത സംഭാഷണത്തില്‍ നിയമവിരുദ്ധമായ കൃത്യങ്ങളോ ഗൂഢാലോചനയോ ഉണ്ടായിട്ടുണ്ടോ എന്നത് പ്രധാനമായും കമ്മീഷന്‍ പരിശോധിക്കും.

സംഭാഷണം ഏതു സാഹചര്യത്തില്‍ ഉണ്ടായതാണ്, റെക്കോര്‍ഡ് ചെയ്ത പ്രസ്തുത സംഭാഷണം പിന്നീട് ദുരുദ്ദേശപരമായി എഡിറ്റ് ചെയ്യുകയോ അതില്‍ കൃത്രിമം കാണിക്കുകയോ ചെയ്തിട്ടുണ്ടോ, അതിനു പിന്നില്‍ ആരെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നിവയാണ് അന്വേഷണത്തിന്റെ പരിധിയില്‍ വരുന്ന വിഷയങ്ങള്‍.

Advertisement