ജന്‍ ഔഷധി സ്റ്റോറുകള്‍ ആര്‍.എസ്.എസ് ഏറ്റെടുക്കുമ്പോള്‍
FB Notification
ജന്‍ ഔഷധി സ്റ്റോറുകള്‍ ആര്‍.എസ്.എസ് ഏറ്റെടുക്കുമ്പോള്‍
എ കെ രമേശ്‌
Friday, 16th September 2022, 5:09 pm
ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന National Yuva Cooperative Sociteyയും യൂണിയന്‍ സര്‍ക്കാരുമായി ഒരു കരാര്‍ പ്രകാരം 1000 ജന്‍ ഔഷധി സ്റ്റോറുകള്‍ സ്ഥാപിക്കപ്പെടുകയാണ്. നമ്മളൊന്നുമറിഞ്ഞില്ല. പത്രങ്ങള്‍ പറഞ്ഞതുമില്ല. ഇങ്ങനെ ഒരൊറ്റ സ്റ്റോര്‍ ഡി.വൈ.എഫ്.ഐക്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലോ?

ഞാന്‍ ജന്‍ ഔഷധി മരുന്ന് വേണ്ടെന്ന് വെക്കുന്നു.

വില വളരെ കുറവ്. മരുന്ന് സ്ട്രിപ്പില്‍ ‘ഭാജപ’ എന്ന് കാവി നിറത്തില്‍ എഴുതിയത് ഭാരതീയ ജനതാ പാര്‍ട്ടിയുടെ ചുരുക്കപ്പേരാണ് എന്നറിഞ്ഞിട്ടും വിലക്കുറവ് കാരണം കൊണ്ടുതന്നെ അത് കണ്ടില്ലെന്ന് വെച്ചതായിരുന്നു. ‘പ്രധാന്‍മന്ത്രി’ എന്ന് അതിനുമേലെ എഴുതിയിട്ടുണ്ടല്ലോ. പ്രധാനമന്ത്രി എന്റെതു കൂടെയാണല്ലോ.

പക്ഷേ കൂടുതല്‍ ആലോചിച്ചപ്പോഴാണ് ഇതൊരു കെണിയാണെന്ന് മനസ്സിലായത്. തടി കേടാവാന്‍ ഈ മരുന്ന് തന്നെ ധാരാളം എന്നും തോന്നി. So good bye to Jan Aushadhi!

ഇത്രയുമെത്തിയപ്പോള്‍ നിങ്ങള്‍ക്ക് തോന്നിക്കാണും, ഇപ്പറയുന്നത് ഒരധികപ്രസംഗമല്ലേ എന്ന്. ആണോ എന്നറിയാന്‍ ഇതുകൂടി വായിക്കൂ.

2008ലാണ് ജന്‍ ഔഷധി തുടങ്ങിയത്. പൊതുമേഖലാ ഔഷധക്കമ്പനികളെ പ്രോത്സാഹിപ്പിക്കാനും മേല്‍ത്തരം ജനറിക് മരുന്നുകള്‍ ചുരുങ്ങിയ വിലക്ക് ലഭ്യമാക്കാനും വേണ്ടി യു.പി.എ സര്‍ക്കാര്‍ തുടങ്ങിയ ആ പദ്ധതിയുടെ പ്രചാരകരില്‍ ഒരുവനായിരുന്നു ഞാനും. അതുകൊണ്ട് തന്നെയാണ് ഞാന്‍ തന്നെ മാതൃക കാട്ടിക്കൊണ്ട് ബന്ധുക്കളെയും സുഹൃത്തുക്കളെയും ജന്‍ ഔഷധി മരുന്നുകള്‍ വാങ്ങാന്‍ പ്രേരിപ്പിച്ചതും. അതേ ഞാനാണ് അത് വേണ്ടെന്ന് വെക്കുന്നതും.

2008ല്‍ കേന്ദ്ര സര്‍ക്കാറിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ ഡിപാര്‍ട്‌മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു പദ്ധതി. ഐ.ഡി.പി.എല്‍, എച്ച്.എ.എല്‍, ബി.സി.പി.എല്‍, കെ.എ.പി.എല്‍, ആര്‍.ഡി.പി.എല്‍ എന്നീ ഔഷധക്കമ്പനികളും ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പും ഒന്നിച്ച് ബി.പി.പി.ഐ (ബ്യൂറോ ഓഫ് ഫാര്‍മ പിഎസ് യൂസ്) എന്ന ഏജന്‍സിക്ക് കീഴിലാണ് അത് നടപ്പിലാക്കിപ്പോന്നത്. മരുന്നുണ്ടാക്കുന്ന പണി അഞ്ച് കമ്പനികളുടെത്, വില നിര്‍ണയം, വിതരണം, മാര്‍ക്കറ്റിങ്ങ് എന്നിവ ബി.പി.പി.ഐയുടെ പണി എന്നായിരുന്നു വ്യവസ്ഥ.

ഗുര്‍ഗവാേണിലും തമിഴ്നാട്ടിലുമുള്ള വെയര്‍ഹൗസുകള്‍ക്ക് പുറമെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വിതരണ സൗകര്യമൊരുക്കാന്‍ വേണ്ട കാശ് യൂണിയന്‍ സര്‍ക്കാര്‍ നല്‍കും എന്നതായിരുന്നു ധാരണ. വെയര്‍ ഹൗസുകള്‍ വഴിയുള്ള വിതരണത്തിന്റെ താഴെത്തലയിലാണ് ജന്‍ ഔഷധി സ്റ്റോറുകള്‍. അവിടെ നിന്നാണ് ഞാന്‍ മരുന്നുകള്‍ വാങ്ങിപ്പോന്നത്. ആദ്യമാദ്യം സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി കിട്ടുന്ന സ്ഥലങ്ങളിലായിരുന്നു സ്റ്റോറുകള്‍. പിന്നെ റെയില്‍വെ സ്റ്റേഷനുകളിലും തദ്ദേശസ്ഥാപനങ്ങളിലും പോസ്റ്റാഫീസുകളിലുമാെക്കെ കിട്ടിത്തുടങ്ങിയതോടെ കൂടുതല്‍ എളുപ്പമായി.

ഇത്ര ചുരുങ്ങിയ വിലക്ക് മരുന്നുകള്‍ വില്‍ക്കുന്നതെങ്ങനെ എന്നന്വേഷിച്ചപ്പോഴാണറിഞ്ഞത് ജന്‍ ഔഷധി സ്റ്റോറുകള്‍ സ്ഥാപിക്കാന്‍ ബി.പി.പി.ഐ രണ്ടരലക്ഷം രൂപയുടെ ധനസഹായം നല്‍കുന്നുണ്ടെന്ന കാര്യം. അതിനു പുറമെ ഓരോ സ്റ്റോറിനും സൗജന്യമായി ഒരു ലക്ഷം രൂപയുടെ മരുന്നുകളും നല്‍കുന്നുണ്ട് എന്നറിഞ്ഞത് എഫ്.എം.ആര്‍.ഐ നേതാവായിരുന്ന മജൂംദാറില്‍ നിന്നാണ്. സര്‍ക്കാര്‍ ലാബുകളില്‍ പരിശോധിച്ച മരുന്നുകളാണ് വിതരണം ചെയ്യുന്നത് എന്ന് അദ്ദേഹത്തില്‍ നിന്നാണറിഞ്ഞത്. ധൈര്യപ്പെട്ട് വില കുറഞ്ഞ മരുന്നുകള്‍ വാങ്ങിത്തുടങ്ങിയത് അതിനു ശേഷമാണ്.

എച്ച്.എ.എല്ലിന്റെയും ഐ.ഡി.പി.എല്ലിന്റെയുമൊക്കെ കയ്യിലുള്ള വെറുതെ കിടക്കുന്ന ഭൂമി വില്‍ക്കാന്‍ പോകുന്നു എന്ന്‌കേട്ട് സന്തോഷിച്ചവനാണ് ഞാന്‍. ഭൂമി വിറ്റാലെന്ത്, മരുന്നുകളുടെ വില കുറയുമല്ലോ എന്നായിരുന്നു ധാരണ.

പിന്നെയാണറിയുന്നത് ഐ.ഡി.പി.എല്ലും ആര്‍.ഡി.പി.എല്ലും അടച്ചുപൂട്ടുന്നു എന്ന വിവരം. പിന്നെ കേട്ടത് മറ്റ് മൂന്ന് മരുന്നു കമ്പനികളും തൂക്കി വില്‍ക്കുകയാണ് എന്നാണ്. അതും കഴിഞ്ഞ് ജന്‍ ഔഷധി സ്റ്റോറുകളിലേക്കുള്ള വിതരണ ശൃംഖല ശക്തിപ്പെടുത്താന്‍ ഒരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്നു എന്നു കേട്ടപ്പോള്‍ സന്തോഷമാണ് തോന്നിയത്. വിതരണം നന്നാവുമല്ലൊ.

പിന്നെ കിട്ടിയ വാര്‍ത്തയാണ് ഞെട്ടിച്ചത്. അതും മജൂംദാര്‍ പറഞ്ഞാണറിഞ്ഞത്. ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന National Yuva Cooperative Sociteyയും യൂണിയന്‍ സര്‍ക്കാരുമായി ഒരു കരാര്‍ പ്രകാരം 1000 ജന്‍ ഔഷധി സ്റ്റോറുകള്‍ സ്ഥാപിക്കപ്പെടുകയാണ്. നമ്മളൊന്നുമറിഞ്ഞില്ല. പത്രങ്ങള്‍ പറഞ്ഞതുമില്ല. ഇങ്ങനെ ഒരൊറ്റ സ്റ്റോര്‍ ഡി.വൈ.എഫ്.ഐക്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലോ?

അതും സഹിക്കാം. പക്ഷേ ഇപ്പോള്‍ മരുന്നുകള്‍ സപ്ലൈ ചെയ്യുന്നത് 140 സ്വകാര്യ മരുന്നു കമ്പനികളാണ് എന്നറിഞ്ഞതോടെയാണ് ഗുണനിലവാരത്തെപ്പറ്റി ഓര്‍ത്തു തുടങ്ങിയത്. 2015ല്‍ പ്രധാന്‍മന്ത്രി ജന്‍ ഔഷധി യോജന (PM-JAY) എന്നായിരുന്നു പേര്. എന്നാല്‍ അടുത്ത കൊല്ലം അതിന് രൂപാന്തരം വരികയാണ്. PM- BJP എന്ന് ചുരുക്കപ്പേര് കിട്ടാനായി പേര് മാറ്റുകയാണ്. പ്രധാന്‍മന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനയായി തീരുകയാണ്.

മരുന്നു കടകളില്‍ PM-BJP Kendra എന്ന പേര് തൂങ്ങാനും തുടങ്ങി. അതോടെയാണ് ഇത് കൈവിട്ട കളിയാണല്ലോ എന്ന് തോന്നിത്തുടങ്ങിയത്.

സത്യം പറ, നിങ്ങള്‍ക്കെന്ത് തോന്നുന്നു?

നമ്മുടെ രോഗം. നമ്മുടെ ആരോഗ്യം. അതിന് നടുക്ക് പിന്‍വാതിലിലൂടെ ആര്‍.എസ്.എസ് ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യ കമ്പനി. വിശ്വസിച്ചെങ്ങനെ മരുന്ന് വാങ്ങും? അതുകൊണ്ടാണ്, അതുകൊണ്ട് മാത്രമാണ് മജൂംദാറുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടതോടെ ഞാന്‍ ജന്‍ ഔഷധിമരുന്ന് വേണ്ടെന്ന് വെച്ചത്.

എനിക്ക് തെറ്റിയോ? അതോ സര്‍ക്കാര്‍ തെറ്റിച്ചോ?

മജൂംദാറുടെ ഫേസ്ബുക്ക് പോസ്റ്റ് താഴെ

https://www.facebook.com/jnansankar.majumdar.9/posts/pfbid0NxqppLdWtrpUiMKsZeupgAMotwYVwcG97ZMqbparC93KuKTUsAP6NfETARjYJ8iVl

Content Highlight: AK Ramesh write up about Jan Aushadhi stores being taken up by RSS in collaboration with BJP central government