ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
mob attack
മധുവിനെ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ സംഭവം; കുറ്റവാളികള്‍ രക്ഷപ്പെടില്ല; മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി എ.കെ ബാലന്‍
ന്യൂസ് ഡെസ്‌ക്
Friday 23rd February 2018 3:36pm

തിരുവനന്തപുരം: അട്ടപ്പാടിയില്‍ മോഷണം ആരോപിച്ച് മധുവെന്ന ആദിവാസി യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളികള്‍ ആരും രക്ഷപ്പെടില്ലെന്ന് മന്ത്രി എ.കെ ബാലന്‍. വിഷയത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്തുമെന്നും മണ്ണാര്‍ക്കാട് മജിസ്‌ട്രേറ്റിന് അന്വേഷണ ചുമതല നല്‍കിയതായും മന്ത്രി പറഞ്ഞു.

മധുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കും. നാളെ അട്ടപ്പാടി സന്ദര്‍ശിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എയുടെ സഹായി ഉള്‍പ്പെടെ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മുക്കാലിയിലെ കടയുടമ ഉള്‍പ്പെടെയുള്ളവരാണ് കസ്റ്റഡിയിലുള്ളത്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. പതിനഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് അറിയുന്നത്.

അതേസമയം അട്ടപ്പാടിയില്‍ ആദിവാസികള്‍ റോഡ് ഉപരോധിക്കുകയാണ്. പിടിയിലായ പ്രതികളെ മധുവിന്റെ ബന്ധുക്കളെ കാണിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.

ഇന്നലെ വൈകുന്നേരമാണ് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ നാട്ടുകാരില്‍ ചിലര്‍ മോഷണക്കുറ്റം ആരോപിച്ച് ക്രൂരമായി തല്ലിച്ചതച്ചത്. കടകളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

ഉടുത്തിരുന്ന കൈലി മുണ്ട് അഴിച്ച് കൈയ്യില്‍ കെട്ടിയ ശേഷമായിരുന്നു നാട്ടുകാരുടെ മര്‍ദ്ദനം. പിന്നീട് മുക്കാലിയില്‍ കൊണ്ടുവരികയും ചെയ്തു.ഏറെ നേരത്തെ മര്‍ദ്ദനത്തിന് ശേഷമാണ് ഇയാളെ പൊലീസിന് കൈമാറിയത്.

Advertisement