തലക്കെട്ട് വന്നത് 'മാസം ഒന്നുമില്ലെന്ന്', ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ എന്റെ വാക്കുകളല്ലാതായി; ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ്; വേതന പരാമര്‍ശത്തെക്കുറിച്ച് അജു വര്‍ഗീസ്
Entertainment news
തലക്കെട്ട് വന്നത് 'മാസം ഒന്നുമില്ലെന്ന്', ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ എന്റെ വാക്കുകളല്ലാതായി; ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ്; വേതന പരാമര്‍ശത്തെക്കുറിച്ച് അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th June 2022, 8:01 pm

ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. അജു വര്‍ഗീസും വിശാഖ് സുബ്രഹ്‌മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ പറഞ്ഞ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിന് വിശദീകരണം നല്‍കിയിരിക്കുകയാണ് അജു വര്‍ഗീസ്. പുതുമുഖ സംവിധായകര്‍ക്ക് വേതനം നല്‍കുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ പറഞ്ഞ കാര്യങ്ങളിലാണ് നടനും നിര്‍മാതാവുമായ അജു വ്യക്തത വരുത്തിയിരിക്കുന്നത്.

മൂവീ സ്ട്രീറ്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ പേജിലാണ് അജു ഇത് സംബന്ധിച്ച കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

”ഒരു രൂപയെങ്കില്‍ ഒരു രൂപ പണിയെടുക്കുന്നവര്‍ക്ക് കൊടുക്കണം. എന്റെ കോണ്‍സെപ്റ്റില്‍, പുതുമുഖ സംവിധായകര്‍ക്ക് കാശ് കൊടുക്കുന്നില്ലെങ്കില്‍ അത് ആദ്യമേ പറയണം, ഞങ്ങള്‍ക്ക് ഈ സിനിമയില്‍ കാശില്ല, എന്ന്. അത് ഞാന്‍ ചെയ്യും.

അതായത്, ഇപ്പൊ എന്റെയടുത്ത് വര്‍ക്ക് ചെയ്യാന്‍ വരികയാണെങ്കില്‍, മാസം ഇത്ര രൂപയേ ഉള്ളൂ എന്നോ, അല്ലെങ്കില്‍ മാസത്തില്‍ കാശ് ഇല്ല എന്നോ ആദ്യം പറയും. പൂര്‍ണമായും മനസിന് സമ്മതമാണെങ്കില്‍ മാത്രം ചെയ്താല്‍ മതി. സന്തോഷത്തോടെയും വേണം.

ഇല്ലെങ്കില്‍ സന്തോഷത്തോടെ എനിക്ക് കാശ് വരുമ്പോള്‍ പിന്നെ നമുക്ക് ചെയ്യാം,” എന്നാണ് ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ അജു പറയുന്നത്.

എന്നാല്‍ പുതുമുഖ സംവിധായകര്‍ക്ക് താന്‍ പണം കൊടുക്കില്ല എന്ന തരത്തില്‍ ഇതിനെ വളച്ചൊടിച്ച് വാര്‍ത്തകള്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് അജു വര്‍ഗീസ് കാര്യങ്ങള്‍ വിശദീകരിച്ചത്.

”പ്രകാശന്‍ പറക്കട്ടെ എന്ന സിനിമയുടെ ഭാഗമായി എന്റെ ഇന്റര്‍വ്യൂവിലെ ചില പരാമര്‍ശങ്ങള്‍ സിനിമയില്‍ വരാന്‍ ആഗ്രഹിക്കുന്ന പലര്‍ക്കും വേദനിച്ചു എന്നറിഞ്ഞു.

അതിനാല്‍ ഇന്റര്‍വ്യൂവിലെ ആ ഭാഗം ഇവിടെ ചേര്‍ക്കുന്നു.

1) പണിയെടുക്കുന്നവര്‍ക്കു വേതനം കൊടുക്കണം എന്ന് ഞാന്‍ തുടക്കം തന്നെ പറയുന്നു.

2) ശംഭുവിനെ (അഭിമുഖത്തിലെ അവതാരകന്‍) ഉദാഹരണം ആയി പറയുമ്പോള്‍, ‘മാസം ഇത്രേം ഉള്ളു’ എന്നും അല്ലേല്‍ ”മാസം ഒന്നുമില്ലെന്നോ” ആദ്യം പറയും.

ഇതില്‍ തലക്കെട്ട് വന്നത് ‘മാസം ഒന്നുമില്ലെന്ന്’ മാത്രം. ഞാന്‍ തന്നെ പറഞ്ഞ രണ്ട് കാര്യങ്ങള്‍ എന്റെ വാക്കുകള്‍ അല്ലാതായി.

ബേസിക്കലി അതൊരു തമാശ സംഭാഷണമായിരുന്നു. ആരെയെങ്കിലും അത് വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു.
(Basically it’s was a fun talk. Who ever felt offended, my sincere apologies),” അജു വര്‍ഗീസ് കുറിച്ചു.

ഇതിനൊപ്പം അഭിമുഖത്തില്‍ താന്‍ സംസാരിച്ചതിന്റെ ക്ലിപ്പും അജു പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

Content Highlight: Aju Varghese’s explanation on the comment related to remuneratiom of new directors