ക്യൂവില്‍ നില്‍ക്കാതെ വോട്ട് ചെയ്ത് അജിത്തും ശാലിനിയും; പോളിങ് ബൂത്തിന് പുറത്ത് പ്രതിഷേധവുമായി സ്ത്രീകള്‍; വീഡിയോ
D' Election 2019
ക്യൂവില്‍ നില്‍ക്കാതെ വോട്ട് ചെയ്ത് അജിത്തും ശാലിനിയും; പോളിങ് ബൂത്തിന് പുറത്ത് പ്രതിഷേധവുമായി സ്ത്രീകള്‍; വീഡിയോ
ന്യൂസ് ഡെസ്‌ക്
Tuesday, 23rd April 2019, 2:15 pm

ചെന്നൈ: ക്യൂവില്‍ നില്‍ക്കാതെ വോട്ട് രേഖപ്പെടുത്തി തിരിച്ചിറങ്ങിയ നടന്‍ അജിത്തിനും ഭാര്യ ശാലിനിക്കുമെതിരെ പ്രതിഷേധം.

ഇക്കഴിഞ്ഞ 20 ാം തിയതി തിരുവണ്‍മിയുര്‍ സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്താനായി ഇരുവരും എത്തിയപ്പോഴായിരുന്നു സംഭവം. താരങ്ങളെ കണ്ടതോടെ സെല്‍ഫിയെടുക്കാനും കൈകൊടുക്കാനുമായി ആരാധകര്‍ ചുറ്റും കൂടി.

ഇതോടെ ക്യൂവില്‍ നിന്ന ഇരുവരേയും കൂട്ടി പൊലീസ് ഉദ്യോഗസ്ഥര്‍ പോളിങ് ബൂത്തിനകത്തേക്ക് കയറി. എന്നാല്‍ ക്യൂവില്‍ നില്‍ക്കാതെ രണ്ട് പേരെ അകത്തുകയറ്റിവിട്ട പൊലീസ് നടപടിയെ ക്യൂവില്‍ നിന്ന സ്ത്രീകള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി. തങ്ങള്‍ ഇവിടെ ക്യൂ നില്‍ക്കുമ്പോള്‍ പ്രത്യക പരിഗണന നല്‍കിയ ചിലരെ കയറ്റിവിടുന്ന നടപടി ശരിയല്ലെന്നായിരുന്നു സ്ത്രീകള്‍ പറഞ്ഞത്.

വോട്ട് ചെയ്ത് അജിത്തും ശാലിനിയും തിരിച്ചിറങ്ങിയപ്പോള്‍ ആര്‍പ്പുവിളിയുമായി ആരാധകര്‍ ചുറ്റും കൂടി. ഈ സമയം ആരാധകര്‍ക്കിടയിലൂടെ നടന്നുപോയി ചില സ്ത്രീകള്‍ ശാലിനിയോട് കയര്‍ക്കുന്നുമുണ്ടായിരുന്നു.

പൊലീസുകാര്‍ ഉടന്‍ തന്നെ താരത്തെ വാഹനത്തിലേക്ക് മാറ്റിയെങ്കിലും അജിത്ത് അപ്പോഴും ആരാധകര്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് അജിത്തിനെ പൊലീസ് പുറത്തെത്തിച്ചത്.

അജിത്തിനേയും ശാലിനിയേയും ചോദ്യം ചെയ്യുന്ന സ്ത്രീകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ക്യൂവില്‍ നില്‍ക്കാത്ത അജിത്തിന്റേയും ശാലിനിയുടേയും നടപടിയെ ചിലര്‍ വിമര്‍ശിക്കുമ്പോള്‍ ഇരുവരേയും പിന്തുണച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.

അവര്‍ ക്യൂവില്‍ നില്‍ക്കാന്‍ തയ്യാറായിരുന്നെന്നും എന്നാല്‍ ആരാധകരുടെ തള്ളിക്കയറ്റം മൂലമാണ് ഇരുവര്‍ക്കും പൊലീസ് സംരക്ഷണയില്‍ ബൂത്തിനകത്ത് കയറേണ്ടി വന്നതെന്നുമാണ് ചിലര്‍ പ്രതികരിക്കുന്നത്.