ജയ്പൂര്‍: പന്തില്‍ കൃത്രിമം കാട്ടിയ വിവാദത്തെത്തുടര്‍ന്ന് ഐ.പി.എല്‍ രാജസ്ഥാന് റോയല്‍സിന്റെ നായക സ്ഥാനത്ത് നിന്നു നീക്കിയ സ്റ്റീവ് സ്മിത്തിനു പകരം പുതിയ നായകനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ടെസ്റ്റ് ടീം ഉപനായകന്‍ അജിങ്ക്യ രഹാനെയാണ് സീസണില്‍ രാജസ്ഥാനെ നയിക്കുക.
ദേശീയ മാധ്യമമായ ടൈംസ് നൗവാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജസ്ഥാന് മാനേജ്മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. സ്മിത്തില്‍ നിന്നും രഹാനെ നായകന്റെ ചുമതല ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ടീമിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല.
#BREAKING Ajinkya Rahane to lead Rajasthan Royals: Sources, Rahane to take over from Steve Smith #Cheateroos pic.twitter.com/5pHleAO8zf
— TIMES NOW (@TimesNow) March 26, 2018
ന്യൂലാന്‍ഡ്സ് ടെസ്റ്റ് മത്സരത്തില്‍ പന്തില്‍ കൃത്രിമം കാണിച്ചെന്ന വിവാദത്തെത്തുടര്‍ന്ന് ഓസീസ് നായകസ്ഥാനം രാജിവെച്ച സ്റ്റീവ് സ്മിത്തിനെ നായക സ്ഥാനത്ത് നിന്നു രാജസ്ഥാന് റോയല്‍സ് നീക്കുകയായിരുന്നു. വിവാദം പൊട്ടിപുറപ്പെട്ടതിനു പിന്നാലെ സ്മിത്തിനെ പുറത്താക്കണമെന്ന് രാജസ്ഥാന് റോയല്‍സ് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനു പിന്നാലെയാണ് സ്മിത്തിനെതിരെ നടപടി വരുന്നത്. 2011 ല്‍ ഇംഗ്ലണ്ടിനെതിരെ ഏകദിന മത്സരം കളിച്ച അരങ്ങേറ്റം കുറിച്ച രഹാനെ 2013 മാര്‍ച്ചില്‍ ഓസ്ട്രേലിയക്കെതിരെയാണ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഇന്ത്യന്‍ മധ്യനിരയുടെ വിശ്വസ്തനായി രഹാനെ മാറുകയായിരുന്നു.
2007ല്‍ മുംബൈ ഇന്ത്യന്‍സിലൂടെ ഐ.പി.എല്‍ അരങ്ങേറ്റം കുറിച്ച രഹാനെ 2011ലാണ് രാജസ്ഥാനിലെത്തുന്നത്. 2015 വരെ ടീമില്‍ തുടര്‍ന്ന ഇദ്ദേഹം ടീം സസ്പെന്‍ഡ് ചെയ്യപ്പെട്ട കാലയളവില്‍ പൂനെയ്ക്കൊപ്പം ആയിരുന്നു. ഈ വര്‍ഷം ടീം തിരിച്ചെത്തിയപ്പോള്‍ വീണ്ടും ക്യാമ്പിലെത്തിയ താരത്തിനു നായക പദവിയും കൈവന്നിരിക്കുകയാണ്.