ഒരു സിനിമയുടെ വിനോദമൂല്യത്തെക്കുറിച്ചായിരുന്നു ഞങ്ങള്‍ തമ്മില്‍ ഒടുവിലത്തെ തല്ല്; അനുഭവം പറഞ്ഞ് ഐശ്വര്യ ലക്ഷ്മി
Entertainment
ഒരു സിനിമയുടെ വിനോദമൂല്യത്തെക്കുറിച്ചായിരുന്നു ഞങ്ങള്‍ തമ്മില്‍ ഒടുവിലത്തെ തല്ല്; അനുഭവം പറഞ്ഞ് ഐശ്വര്യ ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st July 2021, 5:20 pm

പുതിയതായി ഇറങ്ങുന്ന സിനിമകളെല്ലാം കാണുകയും അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന വ്യക്തിയാണ് താനെന്ന് പറയുകയാണ് യുവനടി ഐശ്വര്യ ലക്ഷ്മി. അടുത്ത സുഹൃത്തുക്കളുമായാണ് മിക്കപ്പോഴും സിനിമ കണ്ട് കഴിഞ്ഞ് ചര്‍ച്ച ചെയ്യാറുള്ളതെന്നും ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ ലക്ഷ്മി പറയുന്നു.

‘എന്റെ സൗഹൃദവലയങ്ങളില്‍ സിനിമ ഇഷ്ടപ്പെടുന്ന ഒരുപാടാളുകളുണ്ട്. സിനിമയുടെ പേരില്‍ ഞങ്ങള്‍ക്കിടയില്‍ പൊരിഞ്ഞ തല്ലുണ്ടാവാറുണ്ട്. ഒരു സിനിമയുടെ വിനോദമൂല്യത്തെക്കുറിച്ചായിരുന്നു ഒടുവിലത്തെ തല്ല്.

എണ്‍പതുകളിലും തൊണ്ണൂറുകളിലുമുണ്ടായിരുന്ന പോലത്തെ സിനിമകള്‍ ഇപ്പോള്‍ വരാത്തത് എന്താണെന്ന് ഞങ്ങള്‍ ഇടക്ക് ആലോചിക്കാറുണ്ട്. പ്രിയദര്‍ശന്‍, ഫാസില്‍, സിബി മലയില്‍ എന്നിവര്‍ ചെയ്ത പടങ്ങളെല്ലാം ഞാന്‍ വീണ്ടും വീണ്ടും കാണുന്നവയാണ്,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

മണിച്ചിത്രത്താഴ് കാണുമ്പോള്‍ ഇപ്പോഴും പേടിക്കുകയും ചന്ദ്രലേഖ കാണുമ്പോള്‍ ഇപ്പോഴും ചിരിയടക്കാന്‍ പറ്റാതെയും വരുന്ന വ്യക്തിയാണ് താനെന്നും നടി പറയുന്നു. അങ്ങനത്തെ സിനിമകള്‍ വീണ്ടും വരണം. ഇല്ലെങ്കില്‍ പ്രേക്ഷകര്‍ വേറെ വഴിക്ക് പോവും. ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരുപാട് സാധ്യതകളുണ്ട്, ഐശ്വര്യ പറഞ്ഞു.

വിവാഹത്തെക്കുറിച്ചും കരിയറിനെക്കുറിച്ചുമുള്ള തന്റെ കഴ്ചപ്പാടും നടി പങ്കുവെച്ചു. ഒരു പ്രായമായാല്‍ നായികമാര്‍ കല്യാണം കഴിച്ചുപോകണമെന്നാണ് നാട്ടുനടപ്പെന്നും ഇപ്പോഴത്തെ കാലത്ത് അത് ബ്രേക്ക് ചെയ്യണമെന്നുമാണ് ഐശ്വര്യ പറയുന്നത്.

‘സിനിമയിലെ നായികമാര്‍ക്കൊരു ഷെല്‍ഫ് ലൈന്‍ ഉണ്ടെന്ന് പറയാറുണ്ട്. ഒരു സമയം കഴിഞ്ഞാല്‍ അവര്‍ കല്ല്യാണം കഴിച്ച് പോകണമെന്നാണ് നാട്ടുനടപ്പ്. അത് ബ്രേക്ക് ചെയ്യേണ്ടതുണ്ട്. ഇപ്പോള്‍ ഒരുപാട് പേര്‍ ആ ചിന്താഗതിയൊക്കെ തകര്‍ത്തിട്ടുണ്ട്. ആ ആ മുന്നേറ്റത്തിന്റെ കൂടെ സഞ്ചരിക്കണം,’ ഐശ്വര്യ പറയുന്നു.

ഇപ്പോള്‍ സ്ത്രീകള്‍ക്ക് ഈ മേഖലയില്‍ നല്ല ബഹുമാനം ലഭിക്കുന്നുണ്ട്. ഒരുപാട് സിനിമ ചെയ്ത സംവിധായകര്‍ പോലും തനിക്കെന്താണ് പറയാനുള്ളതെന്ന് ചോദിക്കാറുണ്ടെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Aishwarya Lekshmi says about her friends