എഡിറ്റര്‍
എഡിറ്റര്‍
നെടുമ്പാശേരിയില്‍ തടഞ്ഞുവെച്ച 6 യാത്രക്കാരെയും വിട്ടയച്ചു
എഡിറ്റര്‍
Friday 19th October 2012 4:23pm

കൊച്ചി: കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കൊച്ചിയിലെത്തി. ഉച്ചയ്ക്ക് രണ്ട് മണിക്ക് പുറപ്പെട്ട വിമാനം 2:40 ഓടെയാണ് കൊച്ചിയിലെത്തിയത്.

കൊച്ചിയില്‍ വിമാനം ഇറങ്ങിയ ഉടന്‍ തന്നെ പുറത്തുവന്ന യാത്രക്കാരില്‍ 6 പേരെ അധികൃതര്‍ തടഞ്ഞുവെച്ചു. വിമാനം ഹൈജാക്കുചെയ്യാന്‍ ശ്രമിച്ചുവെന്ന പൈലറ്റിന്റെ പരാതിയെ തുടര്‍ന്നാണ് ഇവരെ തടഞ്ഞുവെച്ചത്. യാത്രക്കാരുടെ പേരുകളും സീറ്റ് നമ്പരും സഹിതമാണ് പൈലറ്റ് പരാതി നല്‍കിയത്.

Ads By Google

പൈലറ്റിന്റെ കോക്പിറ്റില്‍ കടന്നതുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെയും 2 കുട്ടികളും ഉള്‍പ്പെടെയുള്ളവരെയാണ് തടഞ്ഞുവെച്ചിരുന്നത്. ഇവരെ അധികൃതര്‍ ചോദ്യം ചെയ്തതിന് ശേഷം വിട്ടയക്കുകയായിരുന്നു.

നെടുമ്പാശേരിയില്‍ ഇറങ്ങേണ്ട വിമാനമാണ് കാലാവസ്ഥ മോശമാണെന്ന് പറഞ്ഞ് തിരുവന്തപുരത്തേയ്ക്ക് തിരിച്ചത്. രാവിലെ ആറുമണിയോടെയാണ് വിമാനം തിരുവന്തപുരത്തെത്തിയത്. കാലാവസ്ഥ മെച്ചപ്പെട്ടുകഴിയുമ്പോള്‍ വിമാനം തിരികെ കൊച്ചിയിലേക്ക് തിരിക്കുമെന്നായിരുന്നു അധികൃതര്‍ യാത്രക്കാരോട് പറഞ്ഞിരുന്നത്.

എന്നാല്‍ തിരുവനന്തപുരത്തെത്തിയപ്പോള്‍ അധികൃതര്‍ നിലപാട് മാറ്റിയെന്നും ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ ഇറങ്ങിപ്പോയെന്നും യാത്രക്കാര്‍ സ്വന്തം ചെലവില്‍ കൊച്ചിയിലേക്ക് പോകണമെന്ന് വിമാന അധികൃതര്‍ ആവശ്യപ്പെടുകയും ചെയ്തതായും യാത്രക്കാര്‍ ആരോപിച്ചു.

ഇതിനിടെ യാത്രക്കാരില്‍ നാലുപേര്‍ കോക്ക്പിറ്റിനുള്ളില്‍ കയറി അക്രമത്തിന് മുതിര്‍ന്നതായി പൈലറ്റ് അറിയിക്കുകയായിരുന്നു. വിമാനം റാഞ്ചാന്‍ ശ്രമം നടക്കുന്നതായി പൈലറ്റ് എല്ലാ വിമാനത്താവളത്തിലേക്കും വ്യോമയാന മന്ത്രാലയത്തിലേക്കും സന്ദേശം നല്‍കി.

തുടര്‍ന്നാണ് രംഗം കൂടുതല്‍ വഷളായത്. ഇതേത്തുടര്‍ന്ന് വിമാനത്തിലുള്ളവരെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിയുമായി സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനം വളഞ്ഞു. എന്നാല്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന നിലപാടിലായിരുന്നു യാത്രക്കാര്‍.

Advertisement