Administrator
Administrator
ടിക്കറ്റ് തീയതി മാറ്റാന്‍ 5000 രൂപ
Administrator
Saturday 3rd October 2009 6:27pm

എയര്‍ ഇന്ത്യ യാത്രക്കാരോട് ചെയ്യുന്ന ക്രൂരതയുടെ കഥ

air-indiaസ്റ്റാഫ് റിപ്പോട്ടര്‍

തലയാട് സ്വദേശി അബ്ദുന്നാസറിന് സെപ്തംബര്‍ 26നായിരുന്നു ജിദ്ദയിലേക്ക് പോകേണ്ടിയിരുന്നത്. കോഴിക്കോട്ടെ ഒരു സ്വകാര്യ ട്രാവല്‍സ് വഴിയാണ് അദ്ദേഹം എയര്‍ ഇന്ത്യയുടെ ടിക്കറ്റ് ബുക്കു ചെയ്തത്. എന്നാല്‍ നാസറിന്റെയോ ട്രാവല്‍സിന്റെയോ പക്കല്‍ നിന്ന് സംഭവിച്ച അബദ്ധം കാരണം ആഗസ്റ്റ് 26നാണ് ടിക്കറ്റ് ബുക്കു ചെയ്യപ്പെട്ടത്. ഇത് മാറ്റാനായാണ് ഇദ്ദേഹം എയര്‍ ഇന്ത്യ ഓഫീസിലെത്തിയത്. എന്നാല്‍ അപ്പോഴാണ് ടിക്കറ്റ് തീയതി മാറ്റുന്നതിന് സര്‍വ്വീസ് ചാര്‍ജായി എയര്‍ ഇന്ത്യ വന്‍ തുക ഈടാക്കുന്ന കാര്യം യാത്രക്കാരന്‍ അറിയുന്നത്. ടിക്കറ്റ് തീയതി മാറ്റാനായി മാത്രം അദ്ദേഹത്തിന് 4150 രൂപ അടക്കേണ്ടി വന്നു.

ടിക്കറ്റ് സര്‍വ്വീസിന്റെ പേരില്‍ എയര്‍ ഇന്ത്യയെന്ന പൊതു മേഖലാസ്ഥാപനം നടത്തുന്ന പകല്‍ക്കൊള്ളയുടെ ചെറിയ ഒരു ഉദാഹരണമാണിത്. ഒരു വര്‍ഷം മുമ്പാണ് എയര്‍ ഇന്ത്യ ഈ രീതിയിലുള്ള ചൂഷണം പരീക്ഷിച്ചു തുടങ്ങിയത്. കേരളത്തില്‍ നിന്ന് അന്തര്‍ദേശീയ ഫ്‌ളൈറ്റുകള്‍ സര്‍വ്വീസ് തുടങ്ങിയപ്പോഴായിരുന്നു അത്. പ്രധാനമായും ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് ജോലിക്ക് പോകുന്ന പാവപ്പെട്ട യാത്രക്കാരാണ് കേരളത്തില്‍ വിമാന സര്‍വ്വീസ് കൂടുതലായും ഉപയോഗിക്കുന്നത്. ഒരു വര്‍ഷം മുമ്പ് വരെ എയര്‍ ഇന്ത്യക്കായിരുന്നു ഈ മേഖലയില്‍ കുത്തക. അക്കാലത്ത് സൗദി സെക്ടറിലേക്ക് വിമാന യാത്രക്ക് 18000-20000 നിരക്കിലായിരുന്നു എയര്‍ ഇന്ത്യ ടിക്കറ്റ് ചാര്‍ജ് ഈടീക്കിയിരുന്നത്. യൂറോപ്യന്‍ രാജ്യങ്ങളുള്‍പ്പെടെയുള്ള മറ്റ് സര്‍വ്വീസുകള്‍ക്ക് തുച്ഛമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന സമയത്തായിരുന്നു ഗള്‍ഫിലേക്കുള്ള തൊഴിലാളികളുടെ തിരക്ക് ചൂഷണം ചെയ്ത് എയര്‍ ഇന്ത്യ ടിക്കറ്റിന്റെ പേരില്‍ യാത്രക്കാരില്‍ നിന്ന് അമിത പണം ഈടാക്കിയിരുന്നത്. മറ്റ് സര്‍വ്വീസുകളില്‍ എയര്‍ ഇന്ത്യ അനുഭവിക്കുന്ന നഷ്ടം നികത്തിയിരുന്നത് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാരില്‍ നിന്ന് അമിതമായി പണം ഈടാക്കിക്കൊണ്ടായിരുന്നു.

എന്നാല്‍ കുറഞ്ഞ നിരക്കില്‍ യാത്രക്കാരെ കൊണ്ടു പോകുന്ന വിദേശ എയര്‍ ലൈന്‍സുകള്‍ക്ക് കേരളത്തില്‍ അനുമതി കൊടുത്തതോടെയാണ് ചിത്രം മാറിയത്. വിദേശ രാജ്യങ്ങളില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ലാന്റ് ചെയ്യാന്‍ സൗകര്യം നല്‍കണമെങ്കില്‍ ഇവിടെ അവര്‍ക്കും അനുമതി നല്‍കണമെന്ന ഘട്ടം വന്നപ്പോഴാണ് സര്‍ക്കാര്‍ ഇതിന് തയ്യാറായത്. ഒമാന്‍ എയര്‍ലൈന്‍സ്, കത്തര്‍ എയര്‍വേയ്‌സ്, സൗദി എയര്‍ലൈന്‍സ്, ശ്രീലങ്കന്‍ എയര്‍ ലൈന്‍സ് തുടങ്ങിയവ കേരളത്തില്‍ സര്‍വ്വീസ് നടത്താന്‍ തുടങ്ങിയതോടെയാണ് എയര്‍ ഇന്ത്യ ചാര്‍ജ് കുറച്ചത്. വിദേശ വിമാന സര്‍വ്വീസുകള്‍ 8000-10000 രൂപക്ക് യാത്രക്കാരെ കൊണ്ട് പോകാന്‍ തുടങ്ങിയതോടെ എയര്‍ ഇന്ത്യക്കും നിരക്ക് പകുതിയായി കുറക്കേണ്ടി വന്നു.

ടിക്കറ്റ് നിരക്ക് കുറക്കാന്‍ നിര്‍ബന്ധിതരായ എയര്‍ ഇന്ത്യ അത് മറികടക്കാന്‍ കണ്ടെത്തിയ വഴി ടിക്കറ്റിന്റെ മറ്റ് സര്‍വ്വീസ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചു കൊണ്ടായിരുന്നു. ടിക്കറ്റിന്റെ തീയതി മാറ്റുമ്പോള്‍ പിഴയായി ഈടാക്കുന്നത് 4000-5000 രൂപയാണ്. ഇതിന് പുറമെ താഴ്ന്ന ക്ലാസുകളില്‍ ബുക്ക് ചെയ്തവര്‍ തീയതി മാറ്റാനെത്തിയാല്‍ ഈ ക്ലാസ് ലഭ്യമല്ലെന്ന മറുപടിയാണ് എയര്‍ ഇന്ത്യ ഓഫീസില്‍ നിന്നും ലഭിക്കുക. ഗത്യന്തരമില്ലാതെ യാത്രക്കാര്‍ ഉയര്‍ന്ന നിരക്കിലുള്ള ക്ലാസ് തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാവുകയാണ് ചെയ്യുന്നത്. യാത്രക്കാരെ ചൂഷണം ചെയ്യുന്നതിന്റെ പരിണിത ഫലം എയര്‍ ഇന്ത്യ തന്നെ ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കയാണ്. വിദേശ കമ്പനികള്‍ സര്‍വ്വീസ് തുടങ്ങിയ ശേഷം ഗള്‍ഫ് യാത്രക്കാരില്‍ 50 ശതമാനത്തോളം പേര്‍ ഇപ്പോള്‍ എയര്‍ ഇന്ത്യയെ കയ്യൊഴിഞ്ഞിട്ടുണ്ട്.

ഇതെക്കുറിച്ച് അന്വേഷിക്കാന്‍ കേരളഫഌഷ്‌ന്യൂസ് കോഴിക്കോട് എയര്‍ ഇന്ത്യ റിസര്‍വേഷന്‍ മാനേജരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ടെലിഫോണില്‍ ലഭ്യമായില്ല. രണ്ടു തവണ ബന്ധപ്പെട്ടപ്പോഴും അദ്ദേഹം തിരക്കിലാണെന്നും സീറ്റിലില്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. മൊബൈല്‍ നമ്പര്‍ ആവശ്യപ്പെട്ടോള്‍ അദ്ദേഹത്തിന് നമ്പറില്ലെന്നായിരുന്നു ഓഫീസില്‍ നിന്ന് ലഭിച്ച മറുപടി.

Advertisement