എഡിറ്റര്‍
എഡിറ്റര്‍
രാജസ്ഥാനില്‍ മുസ്‌ലിം കുടുംബത്തിന്റെ പശുക്കളെ ഗോശാലയ്ക്ക് നല്‍കിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് എ.ഐ.എം.എം.എം
എഡിറ്റര്‍
Friday 20th October 2017 11:59am

പിടിച്ചെടുത്ത പശുക്കള്‍ക്ക് തീറ്റ നല്‍കുന്ന പൊലീസ്

ജയ്പൂര്‍: ആല്‍വാറില്‍ മുസ്‌ലിം കുടുംബത്തില്‍ നിന്നും 51 പശുക്കളെ പിടിച്ചെടുത്ത് ബി.ജെ.പി നേതാവിന്റെ ഗോശാലയ്ക്ക് കൈമാറിയ സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ഓള്‍ ഇന്ത്യ മുസ്‌ലിം മജ്‌ലിസെ മുശാവറ (എ.ഐ.എം.എം.എം).

പൊലീസിന്റെ നടപടി വര്‍ഗീയപരമാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും മുശാവറെ പ്രസിഡന്റ് നുവൈദ് ഹമീദ് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

ഓള്‍ ഇന്ത്യ മുസ്‌ലിം മജ്‌ലിസെ മുശാവറ പ്രസിഡന്റ് നുവൈദ് ഹമീദ്

‘ക്ഷീരകര്‍ഷകനായ സുബാഹ് ഖാന്റെ ഭാര്യ പശുക്കളെ മേയ്ക്കാന്‍ കൊണ്ടു പോയപ്പോഴാണ് പൊലീസിന്റെ നേതൃത്വത്തിലെത്തിയ ഗോരക്ഷക സംഘം പശുക്കളെ പിടിച്ചെടുത്തത്. ആല്‍വാറിലെ ബി.ജെ.പി നേതാവായ ബാംബോര ഘാട്ടിയുടെ ശ്രീകൃഷ്ണ ഗോശാലയിലേക്കാണ് പശുക്കളെ കൊണ്ടു പോയത്. ഇപ്പോള്‍ പശുക്കളെ തിരിച്ചുകിട്ടാനായി സുബാഹ് ഖാന്‍ നെട്ടോട്ടമോടുകയാണ്. നുവൈദ് ഹാമിദ് കാരവാനോട് പറഞ്ഞു.

പശുക്കളെ തിരിച്ചു നല്‍കണമെങ്കില്‍ ഓരോ പശുവിനും പ്രതിദിനം 200 രൂപ വാടക നല്‍കണമെന്ന് ഗോശാല ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തന്റെ നിയമവിരുദ്ധമായ നടപടിയെ കിഷന്‍ഗര്‍ഭാസ് പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ ചാന്ദ് സിങ് റാത്തോര്‍ ഇപ്പോഴും ന്യായീകരിക്കുകയാണെന്നും നുവൈദ് പറഞ്ഞു.

ഗോരക്ഷകര്‍ക്കെതിരെ പ്രധാനമന്ത്രി മോദി തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും പ്രതികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും വിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഇരട്ട നിലപാട് സ്വീകരിക്കുന്നത് കൊണ്ടാണിതെന്നും നുവൈദ് പറഞ്ഞു.

Advertisement