എസ്.ബി.ഐ ഹൃദയ ശൂന്യമായ ബാങ്കാണെന്ന് നിര്‍മലാ സീതാരമന്‍; അധിക്ഷേപിച്ച് സംസാരിച്ചതില്‍ ധനമന്ത്രിക്കെതിരെ തിരിഞ്ഞ് ബാങ്കുകളുടെ സംഘടന
national news
എസ്.ബി.ഐ ഹൃദയ ശൂന്യമായ ബാങ്കാണെന്ന് നിര്‍മലാ സീതാരമന്‍; അധിക്ഷേപിച്ച് സംസാരിച്ചതില്‍ ധനമന്ത്രിക്കെതിരെ തിരിഞ്ഞ് ബാങ്കുകളുടെ സംഘടന
ന്യൂസ് ഡെസ്‌ക്
Sunday, 15th March 2020, 2:54 pm

ന്യൂദല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ ഹൃദയമില്ലാത്ത ബാങ്ക് എന്ന് അധിക്ഷേപിച്ച ധനമന്ത്രി നിര്‍മലാ സീതാരാമനെ വിമര്‍ശിച്ച് ബാങ്കുകളുടെ സംഘടന. കഴിഞ്ഞ മാസം ഗുവാഹത്തിയില്‍ വെച്ച് നടന്ന ഫിനാന്‍ഷ്യല്‍ എന്‍ക്ലേവില്‍വെച്ചാണ് സീതാരാമന്‍ എസ്.ബി.ഐ ചെയര്‍മാന്‍ രഞ്ജിഷ് കുമാറിനെ അധിക്ഷേപിച്ച് സംസാരിച്ചത്. സീതാരാമന്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ആള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്‌സ് കണ്‍ഫെഡറേഷന്‍ ധനമന്ത്രിക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

ബാങ്കിന്റെ ഇടിവിലുള്ള എല്ലാ ഉത്തരവാദിത്തവും ചെയര്‍മാന്റെ പാളിച്ചയാണെന്ന മട്ടിലാണ് ധനമന്ത്രിയുടെ ആരോപണം. തേയില ഫാക്ടറി തൊഴിലാളികള്‍ക്ക് വായ്പ ലഭിക്കാത്തത് എസ്.ബി.ഐ അക്കൗണ്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണമാണെന്നും നിര്‍മലാ സീതാരാമന്‍ പറയുന്നുണ്ട്. ‘രാജ്യത്തെ ഏറ്റവും വലിയ ബാങ്കാണ് മേലില്‍ എന്നോട് പറയരുത്. ഹൃദയശൂന്യമാണ് ബാങ്കാണത്. എസ്.എല്‍.ബി.സികള്‍ ഒരിക്കലും ഇങ്ങനെയൊന്നും പ്രവര്‍ത്തിക്കരുത്’, മന്ത്രി പറഞ്ഞു.

ചെയര്‍മാനെ ഉന്നംവെച്ചായിരുന്നു മന്ത്രിയുടെ വാക്കുകളെല്ലാം. ശബ്ദമുയര്‍ത്തുന്നതില്‍ തന്നോട് ക്ഷമിക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രി ആര്‍.ബി.ഐയെ സമീപിച്ച് തനിക്ക് എന്താണ് ചെയ്യാന്‍ കഴിയുക എന്ന അന്വേഷിക്കുമെന്ന മുന്നറിയിപ്പും നല്‍കി.

തന്നെ ദല്‍ഹിയില്‍വന്ന് കാണണമെന്നും ചെയര്‍മാനോട് നിര്‍മലാ സീതാരാമന്‍ ആവശ്യപ്പെട്ടു. ‘ഇത് നിങ്ങള്‍ നിങ്ങളുടെ ജോലിയില്‍ വരുത്തിയ വലിയ വീഴ്ചയാണ്. നിങ്ങള്‍ വലിയ ഉത്തരാദിത്വക്കുറവാണ് വരുത്തിയിരിക്കുന്നത്. നിങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുക്കും. പക്ഷേ, നിങ്ങള്‍ എന്റെയും ഇന്ത്യന്‍ സര്‍ക്കാരിന്റെയും അസം സര്‍ക്കാരിന്റെയും യശസ് താഴ്ത്തിക്കളഞ്ഞു’, നിര്‍മലാ സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

ധനമന്ത്രി എസ്.ബി.ഐ ചെയര്‍മാനോട് ഇത്തരത്തില്‍ പെരുമാറിയതിലുള്ള മനോവേദനയും നീരസവും പ്രകടിപ്പിക്കുകയാണെന്ന് എ.ഐ.ബി.എഫ്.സി പ്രസ്താവനയില്‍ വ്യക്തമാക്കി.

പൊതുമേഖലാ ബാങ്കുകളിലെ ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥനോട് ഇത്തരം അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍നിന്നും ജനപ്രതിനിധികള്‍ വിട്ടുനില്‍ക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. ഗുവാഹത്തിയില്‍വെച്ച് നടന്ന ഫിനാന്‍ഷ്യല്‍ ഔട്ട്‌റീച്ച് പ്രോഗ്രാം എന്‍ക്ലേവിന്റെ ഓഡിയോ റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടവര്‍ക്കെതിരെ അനേഷണം നടക്കുകയും വേണം’, പ്രസ്താവനയില്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ