പാര്‍ട്ടി നേതൃത്വത്തെക്കുറിച്ചും തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റിയും മിണ്ടരുത്; പാര്‍ട്ടി നേതാക്കളോട് എ.ഐ.എ.ഡി.എം.കെ
India
പാര്‍ട്ടി നേതൃത്വത്തെക്കുറിച്ചും തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റിയും മിണ്ടരുത്; പാര്‍ട്ടി നേതാക്കളോട് എ.ഐ.എ.ഡി.എം.കെ
ന്യൂസ് ഡെസ്‌ക്
Sunday, 9th June 2019, 10:46 pm

ചെന്നൈ: പാര്‍ട്ടി നേതൃത്വത്തെക്കുറിച്ചും തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചും പരസ്യമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതില്‍ നിന്നും നേതാക്കളെ വിലക്കി എ.ഐ.എ.ഡി.എം.കെ. പാര്‍ട്ടിയിലെ എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന നടപടിയായാണ് തമിഴ്‌നാട്ടിലെ ഭരണകക്ഷിയുടെ പുതിയ തീരുമാനം വിലയിരുത്തപ്പെടുന്നത്.

പാര്‍ട്ടിക്ക് ഏകീകൃത നേതൃസ്വഭാവം വേണമെന്ന് മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ വി.വി. രാജന്‍ ചെല്ലപ്പ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വവും, മുഖ്യമന്ത്രിയും പാര്‍ട്ടി കോ കോര്‍ഡിനേറ്ററുമായ ഇ.കെ പളനിസ്വാമിയും സംയുക്തമായി അംഗീകരിച്ച പുതിയ ഉത്തരവ് പുറത്തു വന്നത്.

‘പാര്‍ട്ടി നേതൃത്വത്തിന്റെ ഭാവി എങ്ങനെയായിരിക്കണം എന്ന് തുടങ്ങിയ കാര്യങ്ങള്‍ പാര്‍ട്ടി നേതാക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതല്ല’- കുറിപ്പില്‍ പറയുന്നു.

പാര്‍ട്ടിയോടുള്ള അടുപ്പം കാരണമാണ് ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതെങ്കില്‍ പോലും സാഹചര്യം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. കുറിപ്പില്‍ പറയുന്നു.

പാര്‍ട്ടി നേതാക്കള്‍ പറയുന്ന കാര്യങ്ങള്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉപകരിക്കാന്‍ പാടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. പാര്‍ട്ടിയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ അവതരിപ്പിക്കാന്‍ ജനറല്‍ ബോഡിയും, എക്‌സിക്യുട്ടീവ് ബോഡിയും ഉണ്ടെന്നും പറയുന്നുണ്ട്.

തമിഴ്‌നാട്ടില്‍ എന്‍.ഡി.എയോടൊപ്പം ചേര്‍ന്ന് മത്സരിച്ച് എ.ഐ.എ.ഡി.എം.കെയ്ക്ക് കനത്ത തിരിച്ചടിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്നത്. മത്സരിച്ച 20 സീറ്റുകളില്‍ ഒന്നില്‍ മാത്രമാണ് അണ്ണാ ഡി.എം.കെയ്ക്ക് ജയിക്കാന്‍ കഴിഞ്ഞത്, ബി.ജെ.പിക്കാകട്ടെ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കഴിഞ്ഞില്ല.