ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം; ചേരികള്‍ മറയ്ക്കാന്‍ മതില്‍ കെട്ടുന്ന നടപടി വിവാദമായതോടെ ഉയരം കുറയ്ക്കാനൊരുങ്ങി അഹമ്മദാബാദ് നഗരസഭ
national news
ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം; ചേരികള്‍ മറയ്ക്കാന്‍ മതില്‍ കെട്ടുന്ന നടപടി വിവാദമായതോടെ ഉയരം കുറയ്ക്കാനൊരുങ്ങി അഹമ്മദാബാദ് നഗരസഭ
ന്യൂസ് ഡെസ്‌ക്
Friday, 14th February 2020, 10:32 am

ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് ചേരിപ്രദേശങ്ങള്‍ മറച്ചുവെക്കുന്ന നടപടി വിവാദമായതോടെ മതിലിന്റെ ഉയരം കുറയ്ക്കാന്‍ നടപടിയെടുത്ത് അഹമ്മദാബാദ് നഗരസഭ.

അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് ഗാന്ധിനഗറിലേക്ക് പോകുന്ന ഭാഗത്ത് അരകിലോമീറ്ററിലധികം നീളവും ആറ് മുതല്‍ ഏഴ് അടി വരെ ഉയരത്തിലും പണിയുന്ന മതിലിന്റെ ഉയരമാണ് കുറയ്ക്കുന്നത്.

മതിലിന്റെ ഉയരം നാലടിയാണെന്ന കാര്യം വ്യക്തമാണെന്നും എന്‍ഞ്ചിനീയര്‍മാര്‍ നിര്‍ദേശിച്ച കണക്കാണ് ആറടിയെന്നും അത് പഴയതു പോലെ നാലടിയായി കുറയ്ക്കുമെന്നും മുന്‍സിപല്‍ കമ്മീഷണര്‍ വിജയ് നെഹ്‌റ ഇന്ത്യന്‍ എക്‌സപ്രസിനോട് പറഞ്ഞു.

‘മതിലിന്റെ ഉയരം നാലടിയാണെന്ന കാര്യം വ്യക്തമാണ്. എന്‍ഞ്ചിനിയര്‍മാര്‍ നിര്‍ദേശിച്ച അളവിലാണ് ആറടിയുള്ളത്. എന്നാല്‍ ഈ വിവരം ശ്രദ്ധയില്‍ പെട്ടപ്പോള്‍ അത് നാലടിയാക്കി തന്നെ കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആറടി നീളത്തില്‍ പണിതു കഴിഞ്ഞ ഭാഗങ്ങള്‍ പൊളിച്ച് നാലടിയാക്കും. അപ്പോള്‍ ചേരിപ്രദേശത്തിലേക്കുള്ള കാഴ്ച മറയില്ലല്ലോ,”വിജയ് നെഹ്‌റ പറഞ്ഞു.

ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്ന റോഡ് ഷോ കടന്നു പോകാന്‍ സാധ്യതയുള്ള ചേരി പ്രദേശങ്ങള്‍ മറയ്ക്കുന്നതിനാണ് മതില്‍ കെട്ടിതുടങ്ങിയത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ ഇന്ദിരാ ബ്രിഡ്ജുമായി ബന്ധിപ്പിക്കുന്ന റോഡിനരികിലാണ് മതില്‍ പണിയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അഹമ്മദാബാദ് മുന്‍സിപല്‍ കോര്‍പറേഷനാണ് മതില്‍കെട്ടുന്നത്. നേരത്തെ ഉണ്ടായിരുന്ന മതില്‍ പൊളിഞ്ഞു പോയതിനാല്‍ മറ്റൊന്ന് കെട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം 500ഓളം കുടിലുകളിലായി 2,500ഓളം പേര്‍ താമസിക്കുന്ന സ്ഥലമാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ദേവ്‌സരണ്‍ ചേരിപ്രദേശം. മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി ഈന്തപ്പനകള്‍ വെച്ചു പിടിപ്പിക്കാനും പദ്ധതിയുണ്ട്.

ജപ്പാന്‍ പ്രധാന മന്ത്രി ഷിന്‍സോ അബെയും അദ്ദേഹത്തിന്റെ ഭാര്യ അകി അബേയും 2017 ല്‍ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയപ്പോഴും സമാനാ രീതിയിലുള്ള സൗന്ദര്യവത്കരണം നടത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫെബ്രുവരി 24-25 തിയ്യതികളിലായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ട്രംപ് ആദ്യമായാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനത്തില്‍ ഇന്ത്യയില്‍ വ്യാപാരക്കരാര്‍ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞിരുന്നു.