എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി തന്ത്രങ്ങള്‍ക്ക് തിരിച്ചടി: അഹമ്മദ് പട്ടേലിന് വിജയം
എഡിറ്റര്‍
Wednesday 9th August 2017 7:30am


അഹമ്മദാബാദ്:ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി തന്ത്രങ്ങള്‍ക്ക് വന്‍തിരിച്ചടി നല്‍കിക്കൊണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക്. ഏറെ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് വിജയിയെ പ്രഖ്യാപിച്ചത്.

ബി.ജെ.പിക്കുവേണ്ടി വോട്ടു ചെയ്ത് അമിത് ഷായെ ബാലറ്റ് ഉയര്‍ത്തിക്കാട്ടിയ രണ്ട് കോണ്‍ഗ്രസ് വിമത എം.എല്‍.എമാരുടെ വോട്ട് തെരഞ്ഞെടുപ്പു കമ്മീഷന്‍ റദ്ദാക്കിയതും ഒരു ബി.ജെ.പി എം.എല്‍.എ കോണ്‍ഗ്രസിന് അനുകൂലമായി വോട്ടു ചെയ്തതുമാണ് അഹമ്മദ് പട്ടേലിന്റെ വിജയത്തില്‍ നിര്‍ണായകമായത്.

ജയം ദേശീയതലത്തില്‍തന്നെ കോണ്‍ഗ്രസിനു വലിയ പോരാട്ടത്തിനു ശക്തിപകരും. കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പി കൂടാരത്തിലേക്കു ചാടിയ ബല്‍വന്ത്‌സിങ് രാജ്പുത്തിനെയാണു അഹമ്മദ് പട്ടേല്‍ മലര്‍ത്തിയടിച്ചത്. അഹമ്മദ് പട്ടേല്‍ 44 വോട്ടുകള്‍ നേടി.


Must Read:ജലപാനം പോലുമില്ലാതെ കാത്തിരുന്നിട്ടും വിനായകന്റെ അച്ഛനേയും സഹോദരനേയും കാണാന്‍ കൂട്ടാക്കാതെ പിണറായി വിജയന്‍


രാജ്യത്തെ എട്ടുമണിക്കൂറോളം മുള്‍മുനയില്‍ നിര്‍ത്തിയ നാടകീയ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവിലായിരുന്നു അഹമ്മദ് പട്ടേലിന്റെ വിജയം പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്കു തുടങ്ങേണ്ടിയിരുന്ന വോട്ടെണ്ണല്‍ 45 മിനിറ്റോളം വൈകിയാണ് ആരംഭിച്ചത്. 176 എം.എല്‍.എമാര്‍ വോട്ടു ചെയ്തതായി ഗുജറാത്ത് ഇലക്ഷന്‍ ഓഫീസര്‍ അറിയിച്ചു.

ഇതില്‍ ഭോലാഭായ് ഗോഹില്‍, രാഘവ്ജിഭായ് പട്ടേല്‍ എന്നീ കോണ്‍ഗ്രസ് എം.എല്‍.എമാരാണ് കൂറുമാറി വോട്ടു ചെയ്യുകയും അമിത് ഷായെ ബാലറ്റ് ഉയര്‍ത്തിക്കാട്ടുകയും ചെയ്തത്. സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച ഇവരുടെ വോട്ടുകള്‍ അസാധുവാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് വോട്ടെണ്ണല്‍ നീണ്ടത്.

പരാതിയുമായി നേതാക്കള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതോടെ ശ്രദ്ധാകേന്ദ്രം ഗുജറാത്തില്‍നിന്നു ദല്‍ഹിയിലേക്കു മാറി.

കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളും ബി.ജെ.പിയുടെ കേന്ദ്രമന്ത്രിമാരും തിരഞ്ഞെടുപ്പു കമ്മിഷനെ കാണാന്‍ നേരിട്ടെത്തി. ഇതേത്തുടര്‍ന്ന് രാത്രി 11.30ഓടെ തെരഞ്ഞെടുപ്പു കമ്മീഷന്‍ വോട്ടെടുപ്പിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുകയും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബാലറ്റ് രഹസ്യം സൂക്ഷിക്കുകയെന്ന ചട്ടം ലംഘിച്ചെന്നും കണ്ടെത്തി.

വോട്ടെണ്ണല്‍ ഉടന്‍ പുനരാരംഭിക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉത്തരവിട്ടെങ്കിലും ബി.ജെ.പി വാക്കാല്‍ വീണ്ടും പരാതി നല്‍കുകയും നടപടിക്രമങ്ങള്‍ നിര്‍ത്തിവെക്കാന്‍ നീക്കം നടത്തുകയും ചെയ്തു. ഇതുകാരണം 1.45 ഓടെയാണ് വോട്ടെണ്ണല്‍ പുനരാരംഭിച്ചത്.

രണ്ടു വോട്ടുകള്‍ അസാധുവായതോടെ ഒരു സ്ഥാനാര്‍ഥിക്കു ജയിക്കാന്‍ വേണ്ട കുറഞ്ഞ വോട്ട് 44 ആയി. നേരത്തേ 45 ആയിരുന്നു. 43 കോണ്‍ഗ്രസ് എം.എല്‍.എമാരുടെയും എന്‍.സി.പി, ജെഡിയു എന്നിവയുടെ ഓരോ എം.എല്‍.എമാരുടെയും ഒരു ബി.ജെ.പി വിമതന്റെയും അടക്കം 46 വോട്ടു കിട്ടുമെന്നു പ്രതീക്ഷിച്ച അഹമ്മദ് പട്ടേലിനു പക്ഷേ, കൃത്യം 44 വോട്ടേ കിട്ടിയുള്ളൂ.

ബി.ജെ.പി വിമത എംഎല്‍എ നളിന്‍ഭായ് കൊതാഡിയ അഹമ്മദ് പട്ടേലിനു വോട്ടുചെയ്തതായി സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. പട്ടേല്‍ സമുദായത്തിനുവേണ്ടിയാണ് തന്റെ പോരാട്ടമെന്നാണ് അദ്ദേഹം അറിയിച്ചത്.

Advertisement