എഡിറ്റര്‍
എഡിറ്റര്‍
മോദിയുടെ വാരാണസി സന്ദര്‍ശനത്തിന് മുന്നോടിയായി റോഡ് ഉപരോധിച്ച് വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം
എഡിറ്റര്‍
Friday 22nd September 2017 3:37pm

വാരണസി: പ്രധാനമന്ത്രിയുടെ വാരാണസി സന്ദര്‍ശത്തിന് മുന്നോടിയായി റോഡ് ഉപരോധിച്ച് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം.

കോളേജില്‍ ചില വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ റോഡ് ഉപരോധിച്ചത്.

വ്യാഴാഴ്ച വൈകീട്ടാണ് യൂണിവേഴ്‌സിറ്റിയിലെ ആര്‍ട്‌സ് ഫാക്കല്‍റ്റിയായ വിദ്യാര്‍ത്ഥിനിയെ യൂണിവേഴ്‌സിറ്റിയിലെ ചില വിദ്യാര്‍ത്ഥികള്‍ അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്തത്.


Dont Miss രാഷ്ട്രീയത്തിലിറങ്ങുകയാണ്; തമിഴ് ജനതയ്ക്ക് വേണ്ടി മുഖ്യമന്ത്രിയാകുമെന്നും കമല്‍ ഹാസന്‍; വീഡിയോ


ബി.എച്ച്.യു കാമ്പസിലെ കലാഭവന് സമീപത്ത് വെച്ചാണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ ആകാന്‍ഷയെന്ന വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ചത്. സഹായത്തിനായി പെണ്‍കുട്ടി നിലവിളിച്ചെങ്കിലും 20 മീറ്റര്‍ അകലെയുണ്ടായിരുന്ന സുരക്ഷാ ജീവനക്കാര്‍ എത്തിയില്ലെന്നും രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്നും കുട്ടി പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റല്‍ വാര്‍ഡനും ചീഫ് പ്രൊക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയൊന്നും എടുത്തില്ലെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ത്ഥിനികള്‍ പ്രധാനമന്ത്രി വരുന്ന റോഡ് ഉപരോധിച്ച് ധര്‍ണ സംഘടിപ്പിച്ചത്. അക്രമത്തില്‍ ഇരയായ ആകാന്‍ഷ സിങ്ങും ഇവര്‍ക്കൊപ്പം ധര്‍ണയില്‍ പങ്കെടുത്തിരുന്നു.

പ്രധാനമന്ത്രി വരുന്നതുവരെയെങ്കില്‍ നിങ്ങള്‍ സമാധാനപരമായി ഇരിക്കണമെന്നായിരുന്നു ചീഫ് പ്രൊക്ടര്‍ പറഞ്ഞത്. ഒരു പെണ്‍കുട്ടിക്ക് നേരെ ഇത്രയും വലിയ അതിക്രമം ഉണ്ടായിട്ടും മിണ്ടാതിരിക്കാനാണ് അവര്‍ പറയുന്നതെന്നും ആകാന്‍ഷ വ്യക്തമാക്കി.

അതേസമയം കോളേജിന് മുന്നില്‍ നിന്നും ധര്‍ണമാറ്റണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിയുടെ അകമ്പടിയായി ചിലര്‍ എത്തിയിരുന്നെന്നും വിഷയം പരിഹരിക്കാതെ ധര്‍ണമാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തതാക്കി. പ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ ധര്‍ണ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

നേരത്തെയും പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് സമീപമെത്തി ചില വിദ്യാര്‍ത്ഥികള്‍ അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും എന്നാല്‍ പരാതി നല്‍കുമെന്ന് പറയുമ്പോള്‍ ബലാത്സംഗം ചെയ്യുമെന്നാണ് അവര്‍ ഭീഷണിപ്പെടുത്തുന്നതെന്നും പെണ്‍കുട്ടികള്‍ പറയുന്നു.

കോളേജ്-ഹോസ്റ്റല്‍ അധികൃതര്‍ക്ക് പരാതി നല്‍കുമ്പോള്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം ആറ് മണിക്ക് ശേഷം ഞങ്ങളോട് ഹോസ്റ്റലില്‍ നിന്ന് പുറത്തിറങ്ങേണ്ടെന്നാണ് അധികൃതര്‍ പറയുന്നതെന്നും വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്ത് സ്വാതന്ത്ര്യമാണ് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ തങ്ങള്‍ക്കുള്ളതെന്നാണ് വിദ്യാര്‍ത്ഥികളുടെ ചോദ്യം.

Advertisement