എഡിറ്റര്‍
എഡിറ്റര്‍
അനുശോചനയോഗം നടത്തി
എഡിറ്റര്‍
Friday 20th October 2017 2:47pm

റിയാദ്: ഇക്കഴിഞ്ഞ ഒക്ടോബര്‍ 13-ന് അന്തരിച്ച സംഘടനയുടെ മുന്‍ സെക്രട്ടറിയും ദീര്‍ഘകാലം ഭരണസമിതി അംഗവുമായിരുന്ന അഹമ്മദ് മേലാറ്റൂരിനെ റിയാദ് ഇന്‍ഡ്യന്‍ ഫ്രണ്ട്ഷിപ് അസ്സോസ്സിയേഷന്‍ (റിഫ ) അനുസ്മരിച്ചു.

യോഗത്തില്‍ റിഫ പ്രസിഡന്റ് ജിമ്മി പോള്‍സണ്‍ അധ്യക്ഷനായിരുന്നു. ജേക്കബ് കരത്ര അനുശോചനപ്രമേയം വായിച്ചു.
1997-ല്‍ റിഫ തുടങ്ങിയ കാലം മുതല്‍ സംഘടനയുടെ അംഗമാവുകയും പിന്നീട് സെക്രട്ടറി, ട്രെഷറര്‍ തുടങ്ങി നിരവധി ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കുകയും ചെയ്ത അഹമ്മദ് മേലാറ്റൂര്‍ എക്കാലവും സംഘടനയുടെ അഭ്യുദയകാംക്ഷി ആയിരുന്നെന്ന് ജിമ്മി പോള്‍സണ്‍ പറഞ്ഞു.

റിഫയില്‍ നിന്നും സ്വായത്തമാക്കിയ ചിട്ടയായ പ്രവര്‍ത്തനവും നേതൃപാടവവും പില്‍ക്കാലത്ത് തനിക്ക് മറ്റു സംഘടനാ വേദികളില്‍ പ്രയോജനകരമായെന്ന കാര്യം അഹമ്മദ് എന്നും നന്ദിയോടെ സ്മരിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.

സംഘടന നടത്തിയ എല്ലാ സാമൂഹ്യ സാംസ്‌കാരിക പരിപാടികളിലും അഹമ്മദും ഭാര്യ നിഷയും മക്കളും പങ്കെടുത്തിരുന്നു. യാത്രകള്‍ ഇഷ്ടപ്പെട്ടിരുന്ന അഹമ്മദ് റിഫ സംഘടിപ്പിച്ചിരുന്ന എല്ലാ യാത്രാസംഘങ്ങളിലെയും നിറസാന്നിദ്ധ്യമായിരുന്നു. അഹമ്മദിന്റെ വിയോഗം റിഫ ക്ക് മാത്രമല്ല മൊത്തം മലയാളി പൊതുസമൂഹത്തിനുമാണെന്നും ജിമ്മി പറഞ്ഞു.

എഴുത്തും വായനയും ഗൗരവതരമായ ഒരു സപര്യയായി കണക്കാക്കിയിരുന്ന കാര്യം നസീര്‍ കൊല്ലിയാത്ത് പറഞ്ഞു. പരന്ന വായനയുടെ ഉടമയായിരുന്നു അഹമ്മദ്. ദിവസേനെ ഒരു കവിതയെങ്കിലും അദ്ദേഹം എഴുതി സാമൂഹ്യമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമായിരുന്നു. പ്രണയവും വിരഹവുമായിരുന്നു അഹമ്മദിന്റെ ഇഷ്ടവിഷയങ്ങള്‍.

മതേതരത്വം പ്രസംഗത്തില്‍ മാത്രമല്ല, പ്രവൃത്തിയിലും കാണിച്ചുകൊടുത്ത വ്യക്തിയായിരുന്നു അഹമ്മദ് മേലാറ്റൂരെന്ന് റസൂല്‍ സലാം പറഞ്ഞു. സ്വന്തം മകന്‍ അന്യമതസ്ഥയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന അഭ്യര്‍ത്ഥന നടത്തിയപ്പോള്‍ ഒരെതിര്‍പ്പും കൂടാതെ മകന്റെ ആവശ്യം അംഗീകരിച്ച് ആ വിവാഹം നടത്തിക്കൊടുത്ത് അദ്ദേഹം മാതൃകയായി.

അഹമ്മദിന്റെ മരണം വലിയൊരാഘാതമാണ് തന്നിലേല്‍പ്പിച്ചതെന്നും അദ്ദേഹത്തിന്റെ വിയോഗം ഉള്‍ക്കൊള്ളാന്‍ തനിക്കിതേവരെ കഴിഞ്ഞിട്ടില്ലെന്നും വിജയകുമാര്‍ പറഞ്ഞു. ആശയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ തങ്ങള്‍തമ്മില്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അത് വ്യക്തിപരമായ സൗഹൃദത്തെ ഒരുതരത്തിലും ബാധിച്ചിരുന്നില്ല. യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തിക്കൊണ്ടിരുന്ന അവസരത്തിലാണ് ആകസ്മിക മരണം സംഭവിക്കുന്നത്.

ഇടതുപക്ഷ പുരോഗമന ആശയങ്ങള്‍ എക്കാലവും ഉയര്‍ത്തിപ്പിടിച്ച വ്യക്തിയായിരുന്നു അഹമ്മദ് മേലാറ്റൂരെന്ന് ആര്‍ മുരളീധരന്‍ പറഞ്ഞു. സംഘടനാ നടത്തിയിട്ടുള്ള ചര്‍ച്ചാസമ്മേളനങ്ങളില്‍ തന്റെ രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ട് അദ്ദേഹം വിശകലനം നടത്തിയിരുന്നു. നിരവധി വിഷയങ്ങള്‍ പ്രതിമാസ ചര്‍ച്ചാസമ്മേളനങ്ങളില്‍ അഹമ്മദ് അവതരിപ്പിച്ചിരുന്നു. ഓരോ ചര്‍ച്ചയുടെ അവസാനത്തിലും നിശിതമായ അവലോകങ്ങളും അഹമ്മദ് നടത്തിയിരുന്നു.

2006-07 കാലയളവില്‍ സെക്രട്ടറിയായിരുന്ന കാലത്താണ് റിഫ നടത്തിയ വായനമത്സരങ്ങള്‍ സൗദി അറേബ്യായുടെ 13 പട്ടണങ്ങളിലേക്ക് വ്യാപിപ്പിക്കാനും കുറ്റമറ്റ രീതിയില്‍ പരീക്ഷകള്‍ നടത്താനും കഴിഞ്ഞത്. ആയിരത്തിനുപുറത്ത് കുട്ടികള്‍ പങ്കെടുത്തിരുന്ന പെയിന്റിങ് മത്സരം പോലുള്ള പരിപാടികളും പ്രൊഫഷണല്‍ രീതിയില്‍ നടത്താന്‍ അഹമ്മദിനായി.

ഷീബ രാജു ഫിലിപ്പ്, ഷൈല ജലീല്‍, നസീര്‍ കൊല്ലിയാത്ത്, വിജയകുമാര്‍, ജയശങ്കര്‍ പ്രസാദ്, ജലീല്‍ പെരിഞ്ഞനം, രാജു ഫിലിപ്പ്, ജോര്‍ജ്ജ് തരകന്‍, ഹരിദാസ് പരപ്പൂള്‍ എന്നിവരും അനുശോചിച്ച് സംസാരിച്ചു.

കെ പി ഹരികൃഷ്ണന്‍ സ്വാഗതവും നിബു വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.

Advertisement