എഡിറ്റര്‍
എഡിറ്റര്‍
നനയുടെ ജലതന്ത്രം
എഡിറ്റര്‍
Thursday 21st March 2013 4:04pm


ഇന്ന് നമ്മളനുഭവിക്കുന്ന എറ്റവും വലിയ പ്രതിസന്ധിയാണ് കാര്‍ഷിക മേഖലയുടെത്. വ്യാസായികവല്‍ക്കരണത്തിന്റെ അതിപ്രസരം മറ്റെല്ലാ മേഖലയെയും പോലെ തന്നെ കൃഷിയെയും തകിടം മറിച്ചുവെന്നു പറയാം. ഇന്ന് വികസനത്തിന്റെ പര്യായമായി ദ്വിതീയ-ത്രിദീയ മേഖലകള്‍ക്ക് അമിത പ്രാധാന്യം ലഭിച്ചിരിക്കുന്നു. ഭക്ഷ്യക്ഷാമം എന്നത് ഇന്ന് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുമ്പോള്‍ കേരള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കേരള കര്‍ഷകന്‍ മാസിക എന്നിവയുടെ സഹകരണത്തോടുകൂടി ഇന്റര്‍നെറ്റ് വായനക്കാര്‍ക്കായി ഡൂള്‍ന്യൂസ്.കോം അതിന്റെ ചരിത്രപരമായ ഇടപെടല്‍ നടത്തുന്നു…


കേരളകര്‍ഷകന്‍ / ഡോ. കമലം ജോസഫ്

വര്‍ഷകാലത്ത് ജലസമൃദ്ധമാകുന്ന കേരളം പലപ്പോഴും മഴ കഴിയുന്നതോടെ വരള്‍ച്ചയുടെ പിടിയിലമരുകയാണ് പതിവ്. കാര്‍ഷികവൃത്തിക്ക് വേനല്‍ക്കാലം ഭീഷണിയുടെ കാലമാണ്. വറ്റിവരളുന്ന ജലസ്രോതസ്സുകളും വെള്ളത്തിനുവേണ്ടി ദാഹിക്കുന്ന വിളകളും വേനല്‍ക്കാലത്തെ സ്ഥിരം കാഴ്ചകളാണ്.

ഈ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെയെങ്കിലും പരിഹരിക്കാന്‍ ഓരോ തുള്ളിവെള്ളവും ഉപയോഗിക്കുന്നതില്‍ തികഞ്ഞ ശ്രദ്ധയും ജാഗ്രതയും കൂടിയേ തീരൂ. ശാസ്ത്രീയ ജലസേചനം നടത്തിയാല്‍ മാത്രമേ ലക്ഷ്യമിടുന്ന വിളവര്‍ദ്ധനവിന്റെ ഒരു ചെറിയ ശതമാനമെങ്കിലും ലഭിക്കുകയുള്ളൂ.

Ads By Google

ജലസേചനം ജലാവശ്യകതക്കനുസരിച്ച്

ഓരോ വിളയുടേയും വളര്‍ച്ചാഘട്ടത്തിനനുസരിച്ച് ജലാവശ്യകത വ്യത്യാസപ്പെടും. കായികവളര്‍ച്ച ഏറ്റവും കൂടിയ സമയമാണ് ജലാവശ്യകതയും ഏറ്റവും കൂടുതലായി അനുഭവപ്പെടുന്നത്.

ജലാവശ്യം നിര്‍ണ്ണയിക്കുന്ന മറ്റൊരു ഘടകമാണ് കാലാവസ്ഥ. അന്തരീക്ഷ താപനില കൂടുകയും ജലസാന്ദ്രത കുറയുകയും ചെയ്യുമ്പോള്‍ ചെടിക്ക് കൂടുതല്‍ ജലം ആവശ്യമായിവരും.

അതുപോലെതന്നെ വ്യത്യസ്ത ആഴത്തില്‍നിന്നും വ്യത്യസ്ത അളവിലാണ് ചെടികള്‍ ജലാഗിരണം നടത്തുന്നത്. ചെടിയുടെ വേരുപ്രതലത്തിന്റെ ആഴം താരതമ്യേന കുറവാണെങ്കില്‍ അത്രയും ഭാഗത്ത് സംഭരിച്ച് വെയ്ക്കാവുന്ന വെള്ളം മാത്രമേ ഉപയോഗപ്രദമാകൂ. അതു താരതമ്യേന കുറവുമായിരിക്കും. വേരുപ്രതലത്തിനു താഴെ ജലം സംഭരിക്കുന്നതുകൊണ്ട് കാര്യമായ പ്രയോജനമൊന്നുമില്ല.

ചെടികള്‍ക്കു നന ആവശ്യമാകുന്നത് എപ്പോഴാണെന്നറിയുക പ്രധാനമാണ്. ചെടിക്ക് ജലലഭ്യതാക്ലേശം ഉണ്ടാകാത്ത രീതിയിലായിരിക്കണം ഇത് ക്രമീകരിക്കേണ്ടത്. ജലസേചനം എപ്പോള്‍ ഏതളവില്‍ നല്‍കണമെന്നത് അത്ര എളുപ്പമല്ല. പ്രത്യേകിച്ച് ഒഴുക്കി നന രീതിയില്‍. എങ്കിലും ഏത് കൃഷിക്കാരനും വളരെ വേഗം ജലസേചനം ക്രമീകരിക്കാന്‍ സഹായകമാകുന്ന ചില കാര്യങ്ങള്‍ പറയാം.

സസ്യനിരീക്ഷണം

ചെടികള്‍തന്നെ അവയുടെ ജലാവശ്യകത ചില സമയങ്ങളില്‍ പ്രകടിപ്പിക്കാറുണ്ട്. ഉദാഹരണത്തിന്, മരച്ചീനി തുടങ്ങിയ വിളകള്‍ ജലക്ലേശം അനുഭവപ്പെടുമ്പോള്‍ ചെടിയുടെ നില്‍പ്പിന്റെ രീതി തന്നെ വ്യത്യാസപ്പെടുന്നതായി കാണാം.

ജലം സുലഭമായി ലഭ്യമാണെങ്കില്‍ മരച്ചീനി ഇലകള്‍ സൂര്യരശ്മികള്‍ പതിയ്ക്കുന്നതിനു ലംബമായി നിലകൊള്ളും. ഈ നിലയിലായിരിക്കും ചെടികള്‍ക്ക് ഏറ്റവും കൂടുതല്‍ സൂര്യപ്രകാശം ലഭ്യമാകുന്നതും ഏറ്റവുമധികം ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നതും.

എന്നാല്‍ ജലലഭ്യത കുറയുന്തോറും നേരിട്ടുള്ള സൂര്യതാപത്തില്‍നിന്നും മറയുന്നതിനായി ഇലകള്‍ ചരിഞ്ഞു നില്‍ക്കുന്നതായി കാണാം. ഇതുകൊണ്ട് സസ്യസ്വേദനവും ഉത്പാദനവും താരതമ്യേന കുറയും. ഇതുപോലെ മറ്റു ചില ചെടികളുടെ പ്രത്യേകിച്ച് നീണ്ട ഇലകളുള്ള ചെടികള്‍ ചുരുണ്ടുകൂടി അതിന്റെ സ്വേദന നിരക്ക് കുറയ്ക്കുന്നു.

ജലം സുലഭമാണെങ്കില്‍ കരിമ്പിന്റെ ഇലകളെല്ലാം തന്നെ നന്നായി വിടര്‍ന്ന് സൂര്യപ്രകാശം ഏറ്റവും നന്നായി ഉപയോഗിക്കത്തക്കവിധം നിലകൊള്ളുന്നു. വെള്ളം കുറയുന്നതിനനുസരിച്ച് ഇലകള്‍ തീരെ വളവില്ലാതെ നേരെ നിവര്‍ന്ന് നില്‍ക്കാന്‍ ശ്രമിക്കുന്നതു കാണാം.

സസ്യനിരീക്ഷണ രീതി ജലസേചനത്തിനുപയോഗിക്കണമെങ്കില്‍ പരിചയസമ്പത്ത് അവശ്യം ആവശ്യമാണ്.  അതുപോലെ ആ വിളയുടെ സ്വഭാവത്തെക്കുറിച്ചും കാലാവസ്ഥാഭേദങ്ങളെക്കുറിച്ചും അറിവുണ്ടായിരിക്കണം. സസ്യനിരീക്ഷണത്തിനു തെരഞ്ഞെടുക്കുന്ന സ്ഥലം ആ കൃഷിസ്ഥലത്തു തന്നെ താരതമ്യേന കൂടുതല്‍ മണല്‍മണ്ണുള്ള സ്ഥലമാണെങ്കില്‍ നന്ന്.

കാരണം ആ സ്ഥലത്തുള്ള ചെടികള്‍ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് അല്‍പം മുമ്പുതന്നെ ജലാവശ്യകത അറിയിക്കും. അതനുസരിച്ച് ജലസേചനം നടത്താം. ജലസേചനാവശ്യകത നിര്‍ണ്ണയിക്കാന്‍ സസ്യനിരീക്ഷണരീതി ഉപയോഗിക്കുന്നതു കൊണ്ട് ചില ദൂഷ്യവശങ്ങളുമുണ്ട്.

അതായത് ചെടി ജലലഭ്യതാ ക്ലേശലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങുമ്പോഴേക്കും മിക്ക ചെടികളിലും അവയുടെ സാധാരണ നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ മരവിച്ചിട്ടുണ്ടാകും. ഇല്ലെങ്കില്‍ കുറഞ്ഞ നിരക്കിലായിട്ടുണ്ടാകും. ഇങ്ങനെ സംഭവിക്കുന്നതുകൊണ്ട് ചെടികളുടെ പിന്നീടുള്ള വളര്‍ച്ച കുറഞ്ഞേക്കാം, വിളവില്‍ കുറവും സംഭവിച്ചേക്കാം.

ഇലച്ചൂട്

ജലലഭ്യതാ ക്ലേശം മനസ്സിലാക്കാന്‍ സഹായകമാകുന്ന മറ്റൊരു സൂചകമാണ് ഇലച്ചൂട്. അതായത് ഇലയുടെ താപനില. മദ്ധ്യാഹ്ന സമയത്തും  (അന്തരീക്ഷ താപനില ഏറ്റവും ഉയര്‍ന്നിരിക്കുന്ന സമയത്ത്) ഇലകള്‍ക്ക് തണുപ്പനുഭവപ്പെടുന്നെങ്കില്‍ ചെടിക്ക് ആവശ്യാനുസരണം ജലം ലഭ്യമാകുന്നുണ്ടെന്നനുമാനിക്കാം. മറിച്ച് ഇലകള്‍ ചൂടാകുന്നത് കണ്ടാല്‍ നനയ്‌ക്കേണ്ടത് ആവശ്യവുമാണ്.

ഇന്‍ഫ്രാറെഡ് തെര്‍മ്മോമീറ്റര്‍ തുടങ്ങിയ ചില ഉപാധികള്‍ മുഖേന ഇലയുടെ താപനില നിഷ്പ്രയാസം മനസ്സിലാക്കാം. ഒരു വസ്തുത ശ്രദ്ധിക്കേണ്ടത് ഓരോ സ്ഥലത്തേക്കും കാലാവസ്ഥയ്ക്കും ജലസേചന നിര്‍ണ്ണയത്തിനവലംബിക്കേണ്ട താപനില ആദ്യം തിട്ടപ്പെടുത്തിയിരിക്കണമെന്നതാണ്.
അടുത്ത പേജില്‍ തുടരുന്നു

Advertisement