എഡിറ്റര്‍
എഡിറ്റര്‍
സമ്മതപ്രകാരമുള്ള ലൈംഗികബന്ധം:18ല്‍ നിന്നും 16 ആക്കി
എഡിറ്റര്‍
Thursday 14th March 2013 12:15am

ന്യൂദല്‍ഹി: സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിന്റെ പ്രായപരിധി 18ല്‍ നിന്നും 16 ആക്കി കുറച്ചുകൊണ്ട് പുതിയ നിയമത്തിന് കേന്ദ്രമന്ത്രിസഭാ ഉപസമിതി അന്തിമ രൂപം നല്‍കി.

Ads By Google

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കടുത്ത ശിക്ഷ നല്‍കാന്‍ തക്കവണ്ണം  നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ നിയമത്തിന് കേന്ദ്രമന്ത്രിസഭാ ഉപസമിതി അന്തിമ രൂപം നല്‍കിയത്.

സ്ത്രീയെ പിന്തുടരല്‍, ഒളിഞ്ഞുനോട്ടം ഇവയെ പുതിയ ബില്ലില്‍ ജാമ്യമില്ലാത്ത കുറ്റകൃത്യങ്ങളായി ചേര്‍ത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യാജ പരാതികള്‍ക്ക് പരിഗണന നല്‍കുന്ന കാര്യം ബില്ലിന്‍ നിന്നും നീക്കം ചെയ്തു.

ഈ കാര്യങ്ങളെക്കുറിച്ചാണ് കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നത്. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം ബില്ലിന്റെ തീരുമാനം ധനമന്ത്രി പി.ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ സമിതിക്ക് വിടുകയായിരുന്നു.

അന്തിമമായ കരടുരൂപത്തില്‍ ലൈംഗികാതിക്രമം എന്ന പദത്തിന് പകരം ബലാത്സംഗം എന്നവാക്കുതന്നെ ഉപയോഗിക്കും. സ്ത്രീകള്‍ ഇരയാക്കപ്പെടുന്ന കേസുകള്‍തന്നെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഇന്ന്  ചേരുന്ന മന്ത്രിസഭായോഗത്തില്‍ ബില്ലിന്റെ കരട്‌രൂപം അവതരിപ്പിക്കും. മന്ത്രിസഭ അംഗീകരിച്ചുകഴിഞ്ഞാല്‍ ബില്‍ ബജറ്റ് സമ്മേളനത്തില്‍തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി അശ്വിനി കുമാര്‍ പറഞ്ഞു.

ദല്‍ഹി കൂട്ടബലാത്സംഗത്തെത്തുടര്‍ന്ന് പെണ്‍കുട്ടി കൊലചെയ്യപ്പെട്ട സാഹചര്യത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ  ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. ജസ്റ്റിസ് വര്‍മ കമ്മീഷന്റെ ശുപാര്‍ശ പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഫെബ്രുവരി 3നാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

ലോക്‌സഭയില്‍ മുന്‍പ്  അവതരിപ്പിച്ചിട്ടുള്ള ക്രിമിനല്‍ നിയമഭേദഗതി ബില്‍ 2012നും പകരമായിരിക്കും പുതിയ ബില്‍. ബലാത്സംഗത്തിനിരയായി സ്ത്രീ മരിക്കുകയോ ജീവച്ഛവാവസ്ഥയിലാവുകയോ ചെയ്താല്‍ കുറ്റവാളിക്ക് വധശിക്ഷ നല്‍കാനുള്ള വകുപ്പ് പുതിയ ബില്ലിലും നിലനിര്‍ത്തിയിട്ടുണ്ട്.

Advertisement