എഡിറ്റര്‍
എഡിറ്റര്‍
പ്രിയപ്പെട്ട പിണറായി നിരോധനാജ്ഞ പ്രഖ്യാപിച്ച് രാഷ്ട്രീയ പാര്‍ട്ടികളെ തകര്‍ക്കാമെന്ന മൗഢ്യമൊന്നും എനിക്കില്ല; അമിത്ഷാക്ക് സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ കാണിച്ച അമിത ഉത്സാഹമാണ് ആശങ്കപ്പെടുത്തിയത്; മുഖ്യമന്ത്രിക്ക് മറുപടിയുമായി ചെന്നിത്തല
എഡിറ്റര്‍
Friday 6th October 2017 11:05pm


തിരുവനന്തപുരം: ബി.ജെ.പിയുടെ ജനരക്ഷാ യാത്രക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചോ, സുരക്ഷാ സൗകര്യം വെട്ടിച്ചുരുക്കണമെന്നോയുള്ള മൗഢ്യം തനിക്കില്ലെന്നും ജാഥക്ക് സൗകര്യമെരുക്കാന്‍ സര്‍ക്കാര്‍ കാണിച്ച ഉത്സാഹത്തെയാണ് താന്‍ വിമര്‍ശിച്ചതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

മുമ്പ് മുഖ്യമന്ത്രി ഇട്ട ഫേസ് ബുക്ക് കുറിപ്പിന് നല്‍കിയ മറുപടികുറിപ്പിലാണ് ചെന്നിത്തലയുടെ വിശദീകരണം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതര രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളും ബഹുജന മുന്നേറ്റങ്ങളും വിമര്‍ശന ശബ്ദവും തടയാന്‍ പ്രയോഗിക്കുന്നതു പോലുള്ള നിരോധനാജ്ഞയും വിലക്കും ഇന്റര്‍നെറ്റ് ബ്ളോക്കും മറ്റ് ജനാധിപത്യ വിരുദ്ധ നടപടികളും കേരളത്തില്‍ ചെയ്തില്ല എന്നാണ് അങ്ങ് ചൂണ്ടിക്കാട്ടുന്നത്. എന്ന് മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.

അങ്ങ് പറയുന്നത് പോലെ നിരോധനാജ്ഞ പ്രഖ്യാപിച്ചതു കൊണ്ടോ, സുരക്ഷാ സൗകര്യം വെട്ടിച്ചുരുക്കിയതു കൊണ്ടോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെ തകര്‍ക്കാമെന്ന മൗഢ്യമൊന്നും എനിക്കില്ല. ബി.ജെ.പിക്ക് ഇവിടെ ജാഥ നടത്താനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ടെന്നതില്‍ സംശയമില്ല. ആ പാര്‍ട്ടിയുടെ അദ്ധ്യക്ഷന് ഇവിടെ വന്ന് ആ ജാഥയില്‍ പങ്കെടുക്കാനുള്ള എല്ലാ അവകാശവുമുണ്ട്. അദ്ദേഹം പറഞ്ഞു.

പ്രിയപ്പെട്ട പിണറായി, ഇവിടെ അമിത്ഷായുടെ യാത്രയെ തടസ്സപ്പെടുത്തണമെന്ന് താന്‍ പറഞ്ഞിട്ടില്ല. പക്ഷേ അമിത്ഷായുടെ യാത്രയ്ക്ക് സൗകര്യമൊരുക്കാന്‍ അങ്ങയുടെ സര്‍ക്കാര്‍ കാണിച്ച അമിത ഉത്സാഹമാണ് എന്നെ വല്ലാതെ ആശങ്കപ്പെടുത്തുന്നത്. അമിത്ഷായുടെ യാത്രയ്ക്ക് വേണ്ടി എന്തിനായിരുന്നു അവിടത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്? എന്തിനായിരുന്നു ബസ് സ്റ്റാന്റില്‍ നിന്ന് ബസ്സുകളെല്ലാം മാറ്റിക്കൊടുത്തത്? ഇസഡ് പ്ളസ് സുരക്ഷാ കാറ്റഗറിയില്‍ വരുന്നയാളാണ് അമിത് ഷായെങ്കിലും അതിലും എത്രയോ വലിയ സുരക്ഷാ സന്നാഹങ്ങളാണ് താങ്കളുടെ പൊലീസ് ഒരുക്കിയത്? നൂറ് കണക്കിന് പൊലീസുകാരെയാണ് അവിടെ മുഴുവന്‍ വിന്യസിച്ചിരുന്നത്. അദ്ദേഹം ചോദിക്കുന്നു.


Also Read ബി.ജെ.പി ജാഥ കാറ്റുപോയ ബലൂണ്‍; ജാഥയ്ക്ക് ജനങ്ങളില്‍ സ്വാധീനം ചെലുത്താനായില്ലെന്നും പി. ജയരാജന്‍


അമിത്ഷായുടെ വരവ് പ്രമാണിച്ച് എന്തിനാണ് അവിടത്തെ റോഡുകളെല്ലാം ടാറിട്ട് വെടിപ്പാക്കിക്കൊടുത്തത്? സാധാരണ രാഷ്ട്രപതിയോ പ്രധാനമന്ത്രിയൊ വരുമ്പോഴാണ് റോഡുകളെല്ലാം ഇങ്ങനെ മോടിപിടിപ്പിക്കുന്നത്? അമിത് ഷായ്ക്ക് വേണ്ടി അത് ചെയ്യണമായിരുന്നോ? കേരളത്തില്‍ ഈ മഴക്കാലത്ത് എല്ലാ റോഡുകളും തകര്‍ന്ന് കിടക്കുമ്പോഴാണ് അമിത്ഷായുടെ വരവിന് വേണ്ടി അവിടത്തെ റോഡുകള്‍ മാത്രം നന്നാക്കിയത്. ഇതില്‍ എന്തോ പന്തികേടുണ്ടെന്ന് അങ്ങേയ്ക്കും തോന്നുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.

നേരത്തെ ആര്‍.എസ്.എസ് ബി.ജെ.പി നേതാക്കളുടെ അത്യന്തം പ്രകോപനപരമായ പ്രസംഗങ്ങള്‍ക്ക് മേല്‍ പോലും നടപടി എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്സാഹം കാണിക്കാതിരുന്നത് കൂടി ഇവിടെ ചേര്‍ത്ത് വായിക്കുമ്പോള്‍ എന്റെ ആശങ്ക വല്ലാതെ വര്‍ദ്ധിക്കുകയാണ്. ചെന്നിത്തല വ്യക്തമാക്കി.

ഏതായാലും ബി.ജെ.പിയുടെ യാത്ര പരാജയമാണെന്ന എന്റെ നിഗമനത്തോടും അമിത്ഷായുടെ മേദസ് കുറയ്ക്കാന്‍ മാത്രമേ അത് ഉപകാരപ്പെടൂ എന്ന എന്റെ അഭിപ്രായത്തോടും അങ്ങും യോജിച്ചതില്‍ എനിക്ക് സന്തോഷമുണ്ട് എന്നു പറഞ്ഞു കൊണ്ടാണ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.

Advertisement