വിജയ് ബാബുവിന്റെ 'മാസ് എന്‍ട്രി' വീഡിയോ; ഉത്തരവാദിത്തം ഏറ്റെടുത്ത് അവധിയില്‍ പ്രവേശിക്കാനൊരുങ്ങി ഇടവേള ബാബു
Kerala News
വിജയ് ബാബുവിന്റെ 'മാസ് എന്‍ട്രി' വീഡിയോ; ഉത്തരവാദിത്തം ഏറ്റെടുത്ത് അവധിയില്‍ പ്രവേശിക്കാനൊരുങ്ങി ഇടവേള ബാബു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th July 2022, 8:01 am

കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്നും അവധിയില്‍ പ്രവേശിക്കാനൊരുങ്ങി ജനറല്‍ സെക്രട്ടറി ഇടവേള ബാബു. കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ലൈംഗിക പീഡനക്കേസ് പ്രതിയായ വിജയ് ബാബു എത്തുന്ന ‘മാസ് എന്‍ട്രി’ വീഡിയോ വിവാദമായതിനെ തുടര്‍ന്നാണ് ഇടവേള ബാബു അവധിയില്‍ പ്രവേശിക്കുന്നത്.

സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഇദ്ദേഹത്തിന്റെ നടപടിയെന്ന് റിപ്പോര്‍ട്ടര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പ്രസിഡന്റ് മോഹന്‍ലാലും എക്‌സിക്യൂട്ടീവ് അംഗങ്ങളും അത്തരമൊരു തീരുമാനത്തിന്റെ ആവശ്യമില്ലെന്ന് അറിയിച്ചു.

അമ്മ യോഗത്തിലേക്ക് വിജയ് ബാബു വരുന്നതിന്റെ വീഡിയോ മാസ് എന്‍ട്രി എന്ന തലക്കെട്ടോടെ അപ്‌ലോഡ് ചെയ്തതില്‍ മോഹന്‍ലാല്‍ അതൃപ്തി അറിയിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. വിജയ് ബാബു യോഗത്തില്‍ പങ്കെടുക്കുമെന്ന് പറഞ്ഞപ്പോള്‍ മാറിനില്‍ക്കാന്‍ പറയാമായിരുന്നു എന്നും മോഹന്‍ലാല്‍ പറഞ്ഞതായി റിപ്പോര്‍ട്ട് വന്നിരുന്നു. യുട്യൂബ് ചാനലിന്റെ നിയന്ത്രണ ചുമതല ബാബുരാജ് അടങ്ങുന്ന വര്‍ക്കിങ്ങ് കമ്മിറ്റിക്ക് മോഹന്‍ലാല്‍ കൈമാറിയിട്ടുണ്ട്.

വിജയ് ബാബു യോഗത്തിലേക്ക് വരുന്ന വീഡിയോ മാസ് ഇന്‍ട്രോ എന്ന പേരില്‍ അമ്മയുടെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച, ചാനല്‍ കൈകാര്യം ചെയ്യുന്നവരെ യോഗത്തില്‍ വിളിച്ച് വരുത്തി മോഹന്‍ലാല്‍ ശകാരിച്ചിരുന്നു.

വിജയ് ബാബുവിനെ യോഗത്തില്‍ എത്തിച്ചത് വിമര്‍ശനത്തിന് ഇടയാക്കി എന്ന് ഇന്നലെ നടന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ വിലയിരുത്തിയിരുന്നു. ഗണേഷ് കുമാര്‍ എം.എല്‍.എ നല്‍കിയ കത്തിന് മോഹന്‍ലാല്‍ രേഖാമൂലം മറുപടി നല്‍കുമെന്ന് എക്സിക്യൂട്ടീവ് അംഗമായ ബാബുരാജ് അറിയിച്ചു. ഇന്നലെ നടന്ന യോഗത്തിന്റെ തീരുമാനങ്ങള്‍ വര്‍ത്താകുറിപ്പായി ഇറക്കുമെന്നും ബാബുരാജ് പറഞ്ഞു.

ഷമ്മി തിലകനെതിരെയുള്ള നടപടികളില്‍ അന്തിമ തീരുമാനം അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തിലേക്ക് മാറ്റാന്‍ തീരുമാനമായി. ഷമ്മി തിലകന്‍ ഒരു അവസരം കൂടി ആവശ്യപ്പെട്ട് അമ്മയ്ക്ക് കത്ത് നല്‍കിയ പശ്ചാത്തലത്തിലാണ് തീരുമാനം.

Content Highlight:  After the Mass Entry video controversy of Vijay Babu’s idavela Babu is going on leave