കുഞ്ഞാലിക്കുട്ടിക്കെതിരായ വിമര്‍ശനത്തിന് പിന്നാലെ കെ.എസ്. ഹംസയെ സസ്‌പെന്‍ഡ് ചെയ്ത് മുസ്‌ലിം ലീഗ്
Kerala News
കുഞ്ഞാലിക്കുട്ടിക്കെതിരായ വിമര്‍ശനത്തിന് പിന്നാലെ കെ.എസ്. ഹംസയെ സസ്‌പെന്‍ഡ് ചെയ്ത് മുസ്‌ലിം ലീഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th July 2022, 7:51 am

മലപ്പുറം: പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസക്കെതിരെ നടപടിയെടുത്ത് മുസ്‌ലിം ലീഗ്. ഹംസ രൂക്ഷമായ അച്ചടക്ക ലംഘനം നടത്തിയെന്ന വിലയിരുത്തലിന്റെ ഭാഗമായാണ് നടപടി. അന്വേഷണ വിധേയമായി എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഹംസയെ സസ്‌പെന്‍ഡ് ചെയ്തു. വിഷയത്തില്‍ പരസ്യ പ്രതികരണത്തിനില്ലെന്ന് കെ.എസ്. ഹംസ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെ കെ.എസ്. ഹംസ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹംസക്ക് നേരെ അച്ചടക്ക നടപടി വരുന്നത്.

യോഗത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. ഇ.ഡിയെ ഭയന്ന്, മോദിയെയും വിജിലന്‍സിനെ ഭയന്ന് വിജയനെയും പേടിച്ച് കഴിയുകയാണ് കുഞ്ഞാലിക്കുട്ടിയെന്ന് തുടങ്ങിയ കെ.എസ്. ഹംസയുടെ വിമര്‍ശനം രൂക്ഷമായതോടെ ക്ഷുഭിതനായ കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ ഉപനേതാവ് സ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചു എന്നുള്ള വാര്‍ത്തകള്‍ വരെ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

കുഞ്ഞാലിക്കുട്ടി യു.ഡി.എഫിലാണോ എല്‍.ഡി.എഫിലാണോ എന്ന സംശയവും കെ.എസ്. ഹംസ ഉന്നയിച്ചിരുന്നു. പി.കെ. ബഷീര്‍ എം.എല്‍.എ, ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എന്നിവരും വിമര്‍ശനമുന്നയിച്ചിരുന്നു.

അതേസമയം, കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്നുമുള്ള വാര്‍ത്ത മുസ്‌ലിം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം നിഷേധിച്ചിരുന്നു. ചന്ദ്രികയുടെ കടബാധ്യതകളെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തെന്നും എന്നാല്‍ ഒരു നേതാവിനെയും വ്യക്തിപരമായി വിമര്‍ശിച്ചിട്ടില്ലെന്നും ലീഗില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു സലാം പറഞ്ഞിരുന്നത്. കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കി എന്ന വാര്‍ത്ത നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണെന്നും പി.എം.എ. സലാം പറഞ്ഞിരുന്നു.