വിരമിച്ച ശേഷം ജസ്റ്റിസ് പി. എ മുഹമ്മദ് ഔദ്യോഗിക പദവികളിലിരുന്നത് 10 വര്‍ഷം; മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കം പഠിക്കാന്‍ നിയമിച്ച കമ്മീഷന് വേണ്ടി ഇതുവരെ ചിലവഴിച്ചത് 1 കോടി 84 ലക്ഷം
Details Story
വിരമിച്ച ശേഷം ജസ്റ്റിസ് പി. എ മുഹമ്മദ് ഔദ്യോഗിക പദവികളിലിരുന്നത് 10 വര്‍ഷം; മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കം പഠിക്കാന്‍ നിയമിച്ച കമ്മീഷന് വേണ്ടി ഇതുവരെ ചിലവഴിച്ചത് 1 കോടി 84 ലക്ഷം
ആര്യ അനൂപ്‌
Monday, 8th July 2019, 2:48 pm

തിരുവനന്തപുരം: കേരള ഹൈക്കോടതിയില്‍ നിന്നും ജഡ്ജിയായി റിട്ടയര്‍ ചെയ്ത ജസ്റ്റിസ് പി.എ മുഹമ്മദ് വിവിധ സര്‍ക്കാര്‍ കമ്മീഷനുകളുടെ തലപ്പത്തിരുന്നത് പത്ത് വര്‍ഷം. ഹൈക്കോടതിക്ക് മുന്‍പില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തെപ്പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനായായിരുന്നു അവസാന നിയമനം. 2016 നവംമ്പര്‍ 8 നാണ് പി.എ മുഹമ്മദ് കമ്മീഷനെ സര്‍ക്കാര്‍ കമ്മീഷന്‍ അധ്യക്ഷനായി നിയമിച്ചത്.

അഞ്ച് തവണയായി 30 മാസം വരെ കമ്മീഷന്റെ ആവശ്യപ്രകാരം കാലാവധി നീട്ടിനല്‍കുകയും ചെയ്തു. 1,84,76,933 രൂപയാണ് കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ ചിലവഴിച്ചത്. 2006-13 വര്‍ഷങ്ങളില്‍ സ്വാശ്രയ കോളേജുകള്‍ക്കായുള്ള പ്രവേശന നിരീക്ഷണ കമ്മിറ്റിയുടെയും ഫീ റെഗുലേറ്ററി കമ്മിറ്റിയുടേയും അദ്ധ്യക്ഷനായും അദ്ദേഹം ചുമതലയനുഷ്ഠിച്ചിരുന്നു.

സ്വാശ്രയ കോളേജുകളുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള കേസുകളുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം സ്വാശ്രയ കോളേജുകള്‍ നടത്തുന്ന അഴിമതി തടയുന്നതിന് വേണ്ടി നിയോഗിച്ചിട്ടുള്ള കമ്മീഷനാണ് ഫീ റെഗുലേറ്ററി കമ്മീഷന്‍. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട കമ്മീഷനാണ് അത്. ഏഴ് വര്‍ഷമാണ് കമ്മീഷന്‍ അധ്യക്ഷനായി പി.എ മുഹമ്മദ് ചുമതലയിലിരുന്നത്.

കേരള ഹൈക്കോടതിയില്‍ 8 വര്‍ഷം ജഡ്ജായി സേവനമനുഷ്ഠിച്ചതിന് ശേഷം 2000 ലാണ് ഇദ്ദേഹം റിട്ടയര്‍ ചെയതത്. 2000-2001 ല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാനായിരുന്നു ഇദ്ദേഹം.

2016 ല്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കാന്‍ പിണറായി സര്‍ക്കാരാണ് ഏകാംഗ കമ്മീഷനായി അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്. അഞ്ച് തവണയായി മുപ്പത് മാസമായി കാലാവധി നീട്ടിവാങ്ങുകയുമുണ്ടായി. 1 കോടി 84 ലക്ഷം രൂപ ഇതുവരെ കമ്മീഷന്‍ ചിലവഴിക്കുകയുണ്ടായി.

കഴിഞ്ഞ ദിവസം നിയമസഭയില്‍ കെ.സി ജോസഫിന്റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കമ്മീഷന്റെ കാലാവധി നീട്ടിനല്‍കിയതും ചിലവഴിച്ച തുകയുടെ കണക്കും പറഞ്ഞത്. എന്നാല്‍ ഈ കാലയളവിനുള്ളില്‍ കമ്മീഷന്‍ എന്തൊക്കെ ചെയ്‌തെന്നോ എന്തിന് ഇത്രയും ഭീമമായ തുക ചിലവായി എന്നതിനെക്കുറിച്ചോ മറുപടി നല്‍കിയിരുന്നില്ല.

റിട്ടയേര്‍ഡ് ആയ ജഡ്ജിയെ തന്നെ പത്ത് വര്‍ഷക്കാലത്തോളം വിവിധ കമ്മീഷനുകളെ അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയിലും നിരവധി പേര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

2016 ലാണ് കൊച്ചിയില്‍ ഹൈക്കോടതി പരിസരത്തും വഞ്ചിയൂര്‍ കോടതി പരിസരത്തും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.
പഠനം നടത്താന്‍ കമ്മീഷനെ നിയോഗിച്ചെങ്കിലും ഇക്കാര്യത്തില്‍ ആദ്യഘട്ടത്തില്‍ മൊഴിയെടുപ്പ് നടന്നതല്ലാതെ കാര്യമായൊരു നീക്കവും ഉണ്ടായില്ലെന്നാണ് വിവരാവകാശ പ്രവര്‍ത്തകന്‍ അഡ്വ. ഡി.ബി ബിനു പറയുന്നത്.

”അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ കാര്യമായ സിറ്റിങ്ങോ തെളിവെടുപ്പോ അന്വേഷണമോ നടന്നതായി അറിയില്ല. മാത്രമല്ല ഈ സംഭവത്തെ കുറിച്ച് ഇത്ര സിറ്റിങ്ങുകളൊന്നും നടത്തേണ്ടതുമില്ല. കമ്മീഷന്‍ റിപ്പോര്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ല. കമ്മീഷന്‍ റിപ്പോര്‍ട്ട് എന്തുകൊണ്ട് നല്‍കുന്നില്ലെന്ന് പഠിക്കാന്‍ വേറൊരു കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചാലും അത്ഭുതപ്പെടാനില്ല.” – അഡ്വ. ഡി.ബി ബിനു പറഞ്ഞു.

അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തെപ്പറ്റി അന്വേഷിക്കാന്‍ ഒരു സ്പെഷ്യല്‍ ടീമിനെ വെച്ചിരുന്നെങ്കില്‍ രണ്ടോ മൂന്നോ മാസം കൊണ്ട് അന്വേഷണം നടത്തി കേസ് അവസാനിപ്പിക്കാമായിരുന്നെന്നും 5 തവണയായി 30 മാസത്തേക്ക് കാലാവധി ദീര്ഘിപ്പിച്ചു നല്‍കിയ കമ്മീഷന്‍ ഇതുവരെ എന്തെങ്കിലും പണി ചെയ്‌തോയെന്നു വ്യക്തമല്ലെന്നുമാണ് വിഷയത്തില്‍ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ പ്രതികരിച്ചത്.

”ഇതുവരെ 1 കോടി 85 ലക്ഷത്തോളം രൂപ ചെലവിട്ട് കഴിഞ്ഞു എന്നു നിയമസഭയില്‍ മുഖ്യമന്ത്രി തന്നെ പറഞ്ഞിരിക്കുകയാണ്. ക്ഷയിച്ച കേരള ഖജനാവ് എങ്ങനെയാണ് കൂടുതല്‍ നശിക്കുന്നതെന്നു നോക്കൂ പാവപ്പെട്ടവനും ദുരന്തം നേരിട്ടവരും ഒക്കെ പട്ടിണി കിടക്കുന്ന നാട്ടില്‍ ഈ അന്വേഷണത്തിന്റെ പേരില്‍ റിട്ട.ജസ്റ്റിസ് പി.എ മുഹമ്മദിനും സംഘത്തിനും വേണ്ടി ഇങ്ങനെ പണം പൊടിച്ചു കളയുന്നത് ശുദ്ധ തെമ്മാടിത്തമാണ്. കമ്മീഷന്‍ ഈ പണം കൊണ്ട് ഇതുവരെ എന്തൊക്കെ ചെയ്തു? കേസന്വേഷണത്തിനു അമേരിക്കയിലോ മറ്റോ പോയോ? ജനത്തിന് അറിയാന്‍ അവകാശമുണ്ട്. അതുകൂടി സര്‍ക്കാര്‍ പറയണം.

ഈ ദുര്‍ചെലവ് അടിയന്തിരമായി അവസാനിപ്പിച്ച് ഈ കമ്മീഷന്‍ പിരിച്ചു വിടണം. കൃത്യസമയത്ത് പണി പൂര്‍ത്തിയാക്കുന്ന ഒരു സംഘത്തെ അന്വേഷണം ഏല്‍പ്പിക്കണം. റിട്ടയര്‍ ജഡ്ജിമാരെ ഇങ്ങനെ കാലാകാലം കുടിയിരുത്താനുള്ള പാങ്ങില്ല ഇപ്പോള്‍ ഊര്‍ധ്വന്‍ വലിക്കുന്ന നമ്മുടെ ഖജനാവിന്.”- ഹരീഷ് വാസുദേവന്‍ പ്രതികരിച്ചു.

രാഷ്ട്രീയക്കാരും ജുഡീഷ്യറിയും ചേര്‍ന്ന് നടത്തുന്ന തീവെട്ടിക്കൊള്ളയാണ് ജുഡീഷ്യല്‍ കമ്മീഷനുകളെന്നും ഇത്തരം കമ്മീഷനുകളെ കൊണ്ട് നാടിന് ഒരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നുമായിരുന്നു വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യു പ്രതികരിച്ചത്.

ഇത്തരമൊരു കമ്മീഷനെ കൊണ്ട് വന്നിട്ട് സംസ്ഥാനത്തിന്റെ പണം ദൂര്‍ത്തടിക്കുന്നു എന്നല്ലാതെ ഒരു പ്രയോജനവുമില്ല. ജുഡീഷ്യല്‍ കമ്മീഷനെ വെറുതെ വെക്കുന്നു എന്നല്ലാതെ ഏതെങ്കിലും ഒരു കേസില്‍ കൃത്യമായ അന്വേഷണം നടത്തുകയോ കൃത്യമായ നടപടി ഉണ്ടാവുകയോ ചെയ്തിട്ടില്ല.

പി. എ മുഹമ്മദ് കമ്മീഷനെ കുറിച്ച് തന്നെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 5 ന് വി.ഡി സതീശന്‍ എം.എല്‍.എ സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കമ്മീഷന് വേണ്ടി 1,21,44,418 രൂപ ചിലവാക്കിയെന്നാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായില്ലെന്നും അന്ന് മറുപടിയില്‍ പറഞ്ഞു. എന്നാല്‍ ആറ് മാസമായപ്പോഴേക്കും 60 ലക്ഷം രൂപ കൂടി. ചിലവ് കൂടുന്നതിന്റെ കണക്കാണ് ഇത്. എന്നാല്‍ എന്ത് നേട്ടമുണ്ടായി, എന്ത് കാര്യം അന്വേഷിച്ചു എന്നറിയില്ല. നവംബര്‍ വരെ കമ്മീഷന് കാലാവധിയുണ്ട്. ഇനിയും ചിലവ് കൂടും,”- അദ്ദേഹം പറയുന്നു.

നെടുങ്കണ്ടം കസ്റ്റഡിമരണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത്. എന്നാല്‍ മുമ്പ് പ്രഖ്യാപിച്ച സമാനമായ മൂന്നു അന്വേഷണ കമ്മിഷനുകള്‍ ഇത് വരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.

 

 

ആര്യ അനൂപ്‌
സീനിയര്‍ സബ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.