എഡിറ്റര്‍
എഡിറ്റര്‍
എന്‍.ഐ.എ വന്ന ശേഷം മുസ്‌ലീങ്ങള്‍ക്കെതിരെയുള്ള വേട്ട അവസാനിച്ചു: ഉറുദു പത്രാധിപര്‍
എഡിറ്റര്‍
Monday 24th June 2013 12:00am

nia

ന്യൂദല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയുടെ രൂപീകരണത്തിന് ശേഷം രാജ്യത്ത് നിരപരാധികളായ മുസ്‌ലീങ്ങള്‍ക്കെതിരെയുള്ള വേട്ട നിലച്ചെന്ന് ഉറുദു പത്രാധിപന്‍മാര്‍.

അഖിലേന്ത്യ ഉറുദു പത്രാധിപ സമ്മേളനത്തിലായിരുന്നു പത്രാധിപന്‍മാരുടെ പരാമര്‍ശം. നിരപരാധികളായ മുസ്‌ലീം യുവാക്കളെ ഭീകരവാദക്കേസുകളില്‍ അകപ്പെടുത്തുന്നത് ഇല്ലാതായത് എന്‍.ഐ.എയുടെ രൂപീകരണത്തിന് ശേഷമാണ്.

Ads By Google

മക്കാ മസ്ജിദ്, മാലേഗാവ് സ്‌ഫോടനങ്ങളില്‍ ശരിയായ അന്വേഷണം നടന്നതും നിരപരാധികളുടെ മോചനത്തിന് വഴിവെച്ചതും എന്‍.ഐ.എ വന്ന ശേഷമാണെന്നും സമ്മേളനത്തിലെ പ്രമേയത്തില്‍ പറയുന്നു.

കശ്മീര്‍ പൗരന്‍ ലിയാഖത്ത് അലി ഷായുടെ നിരപാരിധിത്വം തെളിയിച്ചത് എന്‍.ഐ.എ ആണ്. അദ്ദേഹത്തിന്റെ മോചനത്തിന് എന്‍.ഐ.എ വഹിച്ച പങ്ക് വളരെ വലുതാണെന്നും പ്രമേയത്തില്‍ പറയുന്നു.

നിരപരാധികളായ മുസ്‌ലീം യുവാക്കളെ കള്ളക്കേസുകള്‍ ചുമത്തുന്നത് ഉയര്‍ത്തിക്കൊണ്ടുവന്നത് ഉറുദു പത്രങ്ങളാണെന്നും സമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് കടുത്ത വിവേചനം ഉറുദു പത്രങ്ങള്‍ നേരിടുന്നതായും പത്രാധിപര്‍ പറഞ്ഞു.

കാശ്മീരിലാണ് ഉര്‍ദു പത്രങ്ങള്‍ ഏറ്റവും കുടുതല്‍ ബുദ്ധിമുട്ട് നേരിടുന്നത്. സര്‍ക്കാറും പോലീസും സുരക്ഷാ ഏജന്‍സികളും തീവ്രവാദികളും ഇതില്‍ തുല്യ ഉത്തരവാദികളാണെന്നും പത്രാധിപര്‍ ആരോപിച്ചു.

പത്രപ്രവര്‍ത്തന രംഗത്തെ അനാവശ്യ സെന്‍സേഷണലിസം ഉറുദു പത്രങ്ങള്‍ക്കില്ലെന്നും ഇത് അനാവശ്യമാണെന്നും പത്രാധിപര്‍ പറഞ്ഞു. ഇത് ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും പത്രാധിപര്‍ ആരോപിച്ചു.

അതേമസമയം, ഉര്‍ദു പത്ര പ്രസിദ്ധീകരണങ്ങളുടെ നിലനില്‍പ്പിന് കേന്ദ്ര സര്‍ക്കാര്‍ ഭാഗത്ത്  നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി മനീഷ് തിവാരി അറിയിച്ചു.

ഉര്‍ദു മാധ്യമങ്ങളെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ് പറഞ്ഞു.

1977ന് ശേഷം ആര്‍.എസ്.എസ് അനുഭാവമുള്ളവര്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തില്‍ കയറിക്കൂടിയിട്ടുണ്ടെന്നും അവരാണ് ഉര്‍ദു മാധ്യമങ്ങള്‍ക്കെതിരെ പ്രശ്‌നം സൃഷ്ടിക്കുന്നതെന്നും ദിഗ് വിജയ് സിങ് പറഞ്ഞു.

പ്രമുഖ പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയാര്‍, കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബാര്‍, ജദീദ് മര്‍കസ് എഡിറ്റര്‍ ഹിഷാം സിദ്ദീഖി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Advertisement